- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോട്ട ഫെഡറല്‍ ബാങ്ക് കവര്‍ച്ചകേസില്‍ പ്രതി പിടിയില്‍; കസ്റ്റഡിയിലെടുത്തത് ചാലക്കുടി സ്വദേശി റിജോ ആന്റണിയെ; മോഷ്ടിച്ചതില്‍ പത്ത് ലക്ഷം രൂപ കണ്ടെടുത്തു; കടം വീട്ടാനായിരുന്നു ബാങ്ക് കൊള്ളയെന്ന് പ്രതിയുടെ മൊഴി; പിടിയിലാകുന്നത് കവര്‍ച്ച നടന്ന് മൂന്നാം ദിവസം
പോട്ട ബാങ്ക് കവര്‍ച്ചകേസില്‍ ചാലക്കുടി സ്വദേശി പിടിയില്‍
തൃശൂര്‍: ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്ക് ശാഖയില്‍ കവര്‍ച്ച നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. ചാലക്കുടി സ്വദേശി റിജോ ആന്റണിയെയാണ് കസ്റ്റഡിയിലെടുത്തത്. മോഷ്ടിച്ച പതിനഞ്ച് ലക്ഷത്തിലെ പത്ത് ലക്ഷം രൂപ കണ്ടെടുത്തു. കടം വീട്ടാനായിരുന്നു ബാങ്ക് കൊള്ളയെന്നാണ് പ്രതിയുടെ മൊഴി. കവര്‍ച്ച നടന്ന് മൂന്നാം ദിവസമാണ് പ്രദേശവാസിയായ പ്രതി പിടിയിലാകുന്നത്.
പണം മോഷ്ടിച്ച അതേ ബാങ്കില്‍ അക്കൗണ്ടുള്ള പ്രദേശവാസിയാണ് റിജോ ആന്റണി. ബാങ്കിലെ ബാധ്യതയുള്ള കടം വീട്ടാനാണ് മോഷ്ടിച്ചതെന്നാണ് പ്രതിയുടെ ആദ്യമൊഴി. കവര്‍ച്ച നടന്ന് മൂന്നാം ദിവസമാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്. ചാലക്കുടിക്കടുത്ത് പോട്ടയിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ വെള്ളിയാഴ്ച ഉച്ചഭക്ഷണസമയത്തായിരുന്നു കവര്‍ച്ച നടന്നത്.
ചാലക്കുടി പോട്ടയിലെ ഫെഡറല്‍ ബാങ്ക് കൊള്ളയടിച്ച് 15 ലക്ഷം രൂപയാണ് പ്രതി കവര്‍ന്നത്. പ്രതിക്കായുള്ള അന്വേഷണം നടത്തിവരുന്നതിനിടെയാണ് പൊലീസ് മോഷ്ടാവിനെ പിടിച്ചത്. മൂന്നു ദിവസം മുമ്പ് ഉച്ചതിരിഞ്ഞ് രണ്ടേകാലോടെ കവര്‍ച്ചയ്ക്ക് ശേഷം അങ്കമാലി ഭാഗത്ത് വരെ മോഷ്ടാവ് എത്തിയതായി പൊലീസിന് സിസിടിവിയില്‍ നിന്ന് വിവരം ലഭിച്ചിരുന്നു. അങ്കമാലി, ആലുവ, പെരുമ്പാവൂര്‍ ഉള്‍പ്പെടെയുള്ള മേഖലകളിലാണ് പൊലീസ് പരിശോധന നടത്തിയത്.
ഹെല്‍മെറ്റും ജാക്കറ്റ് ധരിച്ചാണ് മോഷ്ടാവ് ബാങ്കില്‍ എത്തിയത്. ബാങ്കില്‍ ഉണ്ടായിരുന്ന ജീവനക്കാരനെ ഭീഷണിപ്പെടുത്തി ബാത്ത്‌റൂമില്‍ കയറ്റി അടച്ചശേഷം ക്യാഷ് കൗണ്ടര്‍ അടിച്ചു തകര്‍ത്തതിന് പിന്നാലെയാണ് പണം കവര്‍ന്നത്. 45 ലക്ഷം രൂപയുടെ നോട്ടുകെട്ടുകള്‍ കൗണ്ടറില്‍ ഉണ്ടായിരുന്നെങ്കിലും 15 ലക്ഷം രൂപ വരുന്ന മൂന്ന് ബണ്ടിലുകള്‍ മാത്രമാണ് മോഷ്ടാവ് എടുത്തു കൊണ്ടുപോയത്. ബാങ്കിനെ കുറിച്ച് കൃത്യമായി അറിയാവുന്ന ആള്‍ തന്നെയാണ് മോഷണത്തിന് പിന്നില്‍ എന്ന സൂചന ഇതോടെ പൊലീസിന് ലഭിച്ചിരുന്നു.
ഹിന്ദി സംസാരിക്കുന്നയാളായതിനാല്‍ റെയില്‍വേ സ്റ്റേഷനും മറ്റും കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു. മുറി പൂട്ടിയശേഷം കാഷ് കൗണ്ടര്‍ തോള്‍കൊണ്ട് ഇടിച്ചുതുറക്കാന്‍ ശ്രമിക്കുന്ന പ്രതിയുടെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പിന്നീട് കൈകൊണ്ട് ചില്ലുകള്‍ തകര്‍ത്താണ് പണം അപഹരിച്ചത്.
പോട്ട ചെറുപുഷ്പം പള്ളിയുടെ നേരേ എതിര്‍വശത്ത് പഴയ ദേശീയപാതയിലാണ് ബാങ്ക്. പുതിയ ദേശീയപാതയില്‍നിന്ന് 150 മീറ്റര്‍ ദൂരെ. നട്ടുച്ചയായതിനാല്‍ ഏറക്കുറേ വിജനമായിരുന്നു പാത. രണ്ടു മുതല്‍ രണ്ടര വരെയാണ് ബാങ്കിന്റെ ഉച്ചഭക്ഷണ ഇടവേള. കൃത്യം 2.12-നാണ് മോഷ്ടാവ് ബാങ്കിനുള്ളില്‍ പ്രവേശിച്ചത്. ബാങ്കിനുമുന്നില്‍ നിര്‍ത്തിയിട്ട കാറിനു പിന്നിലായി സ്‌കൂട്ടര്‍ നിര്‍ത്തിയാണ് ഇയാള്‍ ഉള്ളിലേക്കു കയറിയത്. ഏഴ് ജീവനക്കാരുള്ള ബാങ്കില്‍ സുരക്ഷാ ജീവനക്കാരില്ലായിരുന്നു. ഒരാള്‍ ഭക്ഷണം കഴിക്കാന്‍ പുറത്തുപോയിരുന്നു. മറ്റ് നാലുപേര്‍ മുറിയിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു.
മാനേജരും മറ്റൊരു ജീവനക്കാരനുമാണ് പ്രധാന ഹാളിലുണ്ടായിരുന്നത്. ഇരുവരെയും കത്തി കാട്ടി ഭീഷണിപ്പെടുത്തി ഡൈനിങ് മുറിയിലാക്കി. ഈ മുറി പുറമേനിന്ന് കുറ്റിയിട്ട ശേഷം കാഷ് കൗണ്ടറിന്റെ ചില്ല് തകര്‍ത്താണ് പണം കൈക്കലാക്കിയത്. 47 ലക്ഷം രൂപയാണ് കൗണ്ടറില്‍ അടുക്കുകളാക്കി വെച്ചിരുന്നത്.
ഇതില്‍നിന്ന് നടുക്കായി ക്രമീകരിച്ച അഞ്ചുലക്ഷം വീതമുള്ള മൂന്ന് കെട്ടുകള്‍ കൈക്കലാക്കി പുറത്തേക്കുപോയി. പോട്ട സിഗ്‌നലിന്റെ ഭാഗത്തേക്കാണ് മോഷ്ടാവ് പോയതെങ്കിലും നേരേ ദേശീയപാതയിലേക്ക് കയറിയതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നില്ല. ഭക്ഷണം കഴിക്കാന്‍ പുറത്തുപോയ ജീവനക്കാരനെ ഫോണില്‍ വിളിച്ചുവരുത്തിയാണ് ഡൈനിങ് മുറി തുറപ്പിച്ചത്.
ചാലക്കുടി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ പ്രതിക്കുവേണ്ടി ഊര്‍ജിതമായ രീതിയിലാണ് അന്വേഷണം നടന്നത്. എല്ലാ ടോള്‍ പ്ലാസകളിലും അയല്‍ജില്ലകളിലും പോലീസ് ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു.