ന്യൂഡല്‍ഹി: വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ നിര്‍ണായക നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി സുപ്രീംകോടതി. വഖഫായി പ്രഖ്യാപിച്ച സ്വത്തുക്കള്‍ അന്വേഷണ സമയത്ത് ഡീനോട്ടിഫൈ ചെയ്യരുതെന്നാണ് പ്രധാന നിര്‍ദ്ദേശം. ഉപയോഗം വഴിയോ കോടതി ഉത്തരവ് വഴിയോ വഖഫ് ആയ സ്വത്തുക്കള്‍ അന്വേഷണ കാലയളവില്‍ അതല്ലാതാക്കരുത്. ഉപയോഗം വഴി വഖഫ് ആയവ അതല്ലാതെ ആക്കിയാല്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ആശങ്കപ്പെടുന്നതായി കോടതി അഭിപ്രായപ്പെട്ടു. ഹിന്ദുക്കള്‍ക്ക് വേണ്ടിയും മുസ്ലീങ്ങള്‍ക്ക് വേണ്ടിയും നിയമങ്ങള്‍ പാസാക്കിയിട്ടുണ്ട്. രാജ്യത്തെ നിയമങ്ങളുടെ സംരക്ഷകരാണ് സുപ്രീം കോടതിയെന്നും കോടതി പറഞ്ഞു.

വഖഫ് കൗണ്‍സിലില്‍ എക്‌സ് ഒഫിഷ്യോ അംഗങ്ങള്‍ ഒഴികെയുള്ളവര്‍ മുസ്സിംങ്ങള്‍ തന്നെയാകണം എന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കളക്ടര്‍മാര്‍ക്ക് വഖഫ് ഭൂമികളില്‍ അന്വേഷണം നടത്താം, പക്ഷെ അന്വേഷണം നടക്കുമ്പോള്‍ വഖഫ് സ്വത്തുക്കള്‍ അതല്ലാതാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇന്ന് ഇടക്കാല ഉത്തരവിലേക്ക് സുപ്രീം കോടതി നീങ്ങിയെങ്കിലും നാളെ കൂടി വാദം കേട്ട ശേഷം നാളെ ഇടക്കാല ഉത്തരവിറക്കാം എന്ന് വ്യക്തമാക്കുകയായിരുന്നു.

നാളെ രണ്ടുമണിക്ക് കേസ് വീണ്ടും പരിഗണിക്കും. ഹര്‍ജിക്കാരില്‍ മൂന്ന് അഭിഭാഷകര്‍ക്ക് മാത്രമേ വാദിക്കാനാകൂ എന്നും കോടതി വ്യക്തമാക്കി. വഖഫ് ഭേദഗതിയുമായി ബന്ധപ്പെട്ട് മുര്‍ഷിദാബാദിലുണ്ടായ സംഘര്‍ഷത്തിലും സുപ്രീം കോടതി ആശങ്ക രേഖപ്പെടുത്തി

വഖഫ് ഭേദഗതി നിയമത്തിലെ വിവാദ വ്യവസ്ഥകള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികളിലാണ് കോടതിയില്‍ വാദം നടന്നത്. പാര്‍ലമെന്ററി നിയമത്തിലൂടെ മത ആചാരത്തില്‍ സര്‍ക്കാര്‍ ഇടപെട്ടുവെന്ന് കപില്‍ സിബല്‍ സുപ്രീം കോടതിയില്‍ വാദിച്ചു. അനുഛേദം 26ന്റെ ലംഘനമാണ് നടന്നത്. മതപരമായ ആചാരങ്ങള്‍ ഭരണഘടനാപരമായ അവകാശമാണ്. ഇസ്ലാം മതത്തിലെ അനിവാര്യ ആചാരമാണ് വഖഫ്. ആചാരത്തെ ചോദ്യം ചെയ്യാന്‍ സര്‍ക്കാരിന് എന്ത് അധികാരമെന്നും കപില്‍ സിബല്‍ ചോദിച്ചു.

കേസ് ഹൈക്കോടതിയിലേക്ക് തിരികെ വിടണമോയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ആര്‍ട്ടിക്കിള്‍ 26നെ മതാചാരവുമായി കൂട്ടികുഴയ്ക്കരുത്. ആര്‍ട്ടിക്കള്‍ 26 മതേതരമാണ്, എല്ലാ സമുദായങ്ങള്‍ക്കും ബാധകമാണ്. പുരാതന സ്മാരകങ്ങളാകും മുമ്പ് വഖഫായിരുന്നത് അങ്ങനെ തന്നെ തുടരുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഭരണഘടനയുടെ 26-ാം അനുഛേദപ്രകാരം സ്വതന്ത്രമായി മതാചാരത്തിനുള്ള അവകാശം നല്‍കുന്നുണ്ട്. ഇതിന്റെ ലംഘനമാണിത്. സ്ഥാപനം സ്ഥാപിക്കുകയോ നടത്തുകയോ അത് ദാനം ചെയ്യുകയോ എന്നതിലേക്കുള്ള ഇടപെടല്‍ മതപരമായ ആചാരത്തിലേക്കുള്ള കടന്നുകയറ്റമെന്നാണ് കപില്‍ സിബല്‍ വാദിച്ചത്. ഒരു വസ്തു ദാനം ചെയ്യണമെങ്കില്‍ മുസ്ലിം ആണെന്ന് തെളിയിക്കുക എന്നുള്ള വകുപ്പ് കൂടി നിയമത്തിലുണ്ട്. ഇത് മുസ്ലിം വ്യക്തി നിമത്തിലേക്കുള്ള കടന്നുകയറ്റമെന്നാണ് കപില്‍ സിബലിന്റെ വാദം.

മുസ്ലിംകള്‍ക്കെതിരേ നിയമനിര്‍മ്മാണം പാടില്ലേ എന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ചോദിച്ചു. മാത്രമല്ല, നിരവധി വ്യക്തിനിയമങ്ങളെ മുന്‍കടന്നുകൊണ്ടുള്ള നിയമനിര്‍മ്മാണങ്ങള്‍ രാജ്യത്ത് നടന്നിട്ടുണ്ട്. അപ്പോള്‍ എങ്ങനെയാണ് ഇത്തരത്തില്‍ വിശദീകരിക്കുക എന്ന ചോദ്യം സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നുണ്ടായി. എല്ലാ മതങ്ങളുടെ വ്യക്തിനിയമങ്ങളില്‍ പാര്‍ലമെന്റ് നിയമനിര്‍മ്മാണം നടത്തിയിട്ടുണ്ട്. മുസ്ലിംകള്‍ക്കെതിരേ നിയമം നിര്‍മ്മിക്കാന്‍ പാര്‍ലമെന്റിന് അധികാരം ഇല്ല എന്നാണോ കപില്‍ സിബല്‍ പറയുന്നത് എന്ന് സുപ്രീം കോടതി ചോദിച്ചു.

നല്ല മുസ്ലിം ആണെന്ന് സര്‍ക്കാരിന് മുമ്പില്‍ തെളിയിക്കണമെന്ന ചട്ടം, അതായത് അഞ്ചുകൊല്ലം മുസ്ലിംമതാചാരപ്രകാരം ജീവിച്ചവര്‍ക്ക് മാത്രമേ സ്വത്തുക്കള്‍ വഖഫ് ചെയ്യാന്‍ കഴിയുകയുള്ളൂ എന്നാണ് വഖഫ് നിയമത്തില്‍ പറയുന്നത്. ഇത് വ്യക്തിനിയമത്തിനെതിരാണെന്നാണ് കപില്‍ സിബല്‍ വാദിച്ചു.

വഖഫ് ബോര്‍ഡിലെ അമുസ്ലീം പ്രാതിനിധ്യം ഭരണഘടനാ വിരുദ്ധമെന്നും അമുസ്ലീങ്ങള്‍ക്ക് ബോര്‍ഡില്‍ പ്രാതിനിധ്യം നല്‍കുന്നത് അവശ്യ മതാചാര വിരുദ്ധമെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. വഖഫ് ബോര്‍ഡില്‍ മുസ്ലിങ്ങളെക്കാള്‍ പ്രാതിനിധ്യം അമുസ്ലിങ്ങള്‍ക്ക് ലഭിക്കും. നാമനിര്‍ദ്ദേശത്തിലൂടെയാണ് അമുസ്ലീങ്ങള്‍ക്ക് ബോര്‍ഡില്‍ പ്രാതിനിധ്യം നല്‍കുന്നതെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. എന്നാല്‍, അവശ്യ മതാചാരവും ഭരണനിര്‍വ്വഹണവും വ്യത്യസ്തമെന്ന് ജസ്റ്റിസ് കെ.വി. വിശ്വനാഥന്‍ പറഞ്ഞു. വഖ്ഫ് നിയമം സ്റ്റേ ചെയ്യണമെന്ന് ഹര്‍ജിക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചു. വഖഫ് നിയമം അനുസരിച്ച് ഒരാള്‍ മുസ്ലിമെന്ന് തെളിയിക്കാന്‍ അഞ്ച് വര്‍ഷം വേണ്ടിവരുമെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.

എല്ലാ വശങ്ങളും പരിശോധിച്ചാണ് നിയമ നിര്‍മാണം നടത്തിയതെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചു. സംയുക്ത പാര്‍ലമെന്ററി സമിതി 38 യോഗങ്ങള്‍ ചേര്‍ന്നു. 98.2 ലക്ഷം നിവേദനങ്ങള്‍ പരിശോധിച്ചു. ജെപിസി നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ഇതിന് ശേഷമാണ് നിയമ നിര്‍മ്മാണമെന്നും കേന്ദ്ര സര്‍ക്കാര്‍ വാദിച്ചു. രജിസ്റ്റര്‍ ചെയ്ത വഖഫ് സ്വത്ത് അതേപടി തുടരും. 1923ലെ ആദ്യ വഖഫ് നിയമത്തിന്റെ തുടര്‍ച്ചയാണ് നിയമ ഭേദഗതി. രജിസ്റ്റര്‍ ചെയ്യാത്ത ഭൂമി എങ്കില്‍ മുത്തവല്ലി ജയിലിലേക്ക് പോകുമെന്നാണ് ഹര്‍ജിക്കാര്‍ പറഞ്ഞത്. 1995 മുതലുള്ള സാഹചര്യം അതാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ മറുപടി.

ഒരു സ്വത്ത് വഖഫ് ആണോ അല്ലേ എന്ന് തീരുമാനമെടുക്കേണ്ടത് കോടതിയെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. നിലവിലെ വഖഫ് ഉപയോക്താവിന്റെ അവകാശം റദ്ദാക്കുന്നതാണ് നിയമം. നിലവിലെ വഖഫ് ഉപയോക്താവിന്റെ അവകാശം റദ്ദാക്കുന്നതാണ് നിയമമെന്നും കോടതിയുടെ നിരീക്ഷണം. വഖഫ് ഉപയോക്താവിന്റെ സ്വത്തിന് മേല്‍ സര്‍ക്കാര്‍ അവകാശവാദം ഉന്നയിച്ചാല്‍ എന്താകുമെന്ന് ജസ്റ്റിസ് കെ.വി. വിശ്വനാഥന്‍ ചോദിച്ചു. ഒരു സ്വത്ത് വഖഫ് ആണോ അല്ലയെ എന്ന് തീരുമാനമെടുക്കേണ്ടത് കോടതിയാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, പി.വി.സഞ്ജയ് കുമാര്‍, കെ.വി.വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ചാണു കേസ് പരിഗണിക്കുന്നത്. മുസ്ലിം ലീഗ്, സിപിഐ, ഡിഎംകെ, നടന്‍ വിജയ് നയിക്കുന്ന തമിഴ്‌നാട് വെട്രി കഴകം, വൈഎസ്ആര്‍ കോണ്‍ഗ്രസ്, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്, ജംഇയ്യത്ത് ഉലമ ഐ ഹിന്ദ്, തൃണമൂല്‍ എംപി മഹുവ മൊയ്ത്ര, കോണ്‍ഗ്രസ് എംപി മുഹമ്മദ് ജാവേദ്, എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി, ആര്‍ജെഡി, എഎപി നേതാവ് അമാനുത്തുല്ല ഖാന്‍, അസോസിയേഷന്‍ ഫോര്‍ ദ് പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ്, മൗലാന അര്‍ഷദ് മഅദനി, അന്‍ജും ഖദ്രി, തയ്യിബ് ഖാന്‍, സാല്‍മനി, മുഹമ്മദ് ഷാഫി, മുഹമ്മദ് ഫസലുറഹീം തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജികളാണ് ഇന്നു കോടതി ഒന്നിച്ചു പരിഗണിക്കുന്നത്.

നിയമത്തെ ചോദ്യം ചെയ്യുന്ന 73 ഹര്‍ജികളാണ് കോടതിക്ക് മുമ്പാകെയുള്ളത്. അതേസമയം, നിയമം റദ്ദാക്കരുത് എന്നാവശ്യപ്പെട്ട് ബിജെപി ഭരിക്കുന്ന ആറ് സംസ്ഥാനങ്ങളും ഹിന്ദു സേനയടക്കമുള്ളവരും ഹര്‍ജികളില്‍ കക്ഷിചേരാന്‍ അപേക്ഷ നല്‍കിയിരുന്നു.