ന്യൂഡല്‍ഹി: പാര്‍ട്ടി വിടുമെന്ന സൂചനകള്‍ നല്‍കി ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) നേതാവുമായ ചംപയ് സോറന്‍. പാര്‍ട്ടിയില്‍ നേരിടേണ്ടി വന്ന അപമാനങ്ങളും തിരസ്‌കാരങ്ങളും മറ്റൊരു വഴി തിരഞ്ഞെടുക്കാന്‍ തന്നെ നിര്‍ബന്ധിതനാക്കുകയാണെന്ന് ചംപയ് സോറന്‍ എക്‌സിലെ കുറിപ്പില്‍ വ്യക്തമാക്കി. തന്റെ മുന്നില്‍ മൂന്ന് വഴികളാണ് ഉള്ളതെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് വരെ അത് തുറന്നുകിടക്കുകയാണെന്നും അദ്ദേഹം കുറിച്ചു. പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുമെന്ന പ്രചാരണങ്ങള്‍ക്കിടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

പാര്‍ട്ടിയില്‍ നേരിട്ട അപമാനവും തിരസ്‌കാരവുമാണ് മറ്റൊരു പാത തിരഞ്ഞെടുക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും കുറിപ്പില്‍ അദ്ദേഹം പറഞ്ഞു. ഇത് വ്യക്തിപരമായ പോരാട്ടമാണെന്നും മറ്റൊരു പാര്‍ട്ടി അംഗത്തെയും ഇതില്‍ ഭാഗമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ചംപയ് സോറന്‍ ചൂണ്ടിക്കാട്ടി.

"എന്റെ ജീവിതത്തിന്റെ പുതിയ അധ്യായം ഇന്ന് ആരംഭിക്കുകയാണ്. എന്റെ മുന്നില്‍ മൂന്നു വഴികളാണുള്ളത്. രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കുക എന്നതാണ് ഒന്നാമത്തെ വഴി. പുതിയ പാര്‍ട്ടി രൂപീകരിക്കുക എന്നത് രണ്ടാമത്തെ വഴി. യോജിച്ചുപോകാവുന്ന മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുമായി സഹകരിക്കുക എന്നതാണ് മൂന്നാമത്തെ വഴി. സംസ്ഥാന തിരഞ്ഞെടുപ്പ് വരെ ഈ വഴികള്‍ തുറന്നു കിടക്കുകയാണ്" അദ്ദേഹം എക്‌സില്‍ കുറിച്ചു.

കഴിഞ്ഞദിവസം കൊല്‍ക്കത്തയില്‍ പശ്ചിമബംഗാള്‍ പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിയുമായി ചര്‍ച്ച നടത്തിയ ചംപായ് സോറന്‍, ഞായറാഴ്ച ഡല്‍ഹിയില്‍ എത്തിയിരുന്നു. ഇതോടെയാണ് ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ പരന്നത്. ഹേമന്ദ് സോറന്‍ ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെ ചംപായ് സോറന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞിരുന്നു. ഹേമന്ദ് സോറന്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുകയും ചെയ്തു. എന്നാല്‍ ഇത് ചംപായ് സോറനെ അസ്വസ്ഥനാക്കിയിരുന്നുവെന്ന റിപ്പോര്‍ട്ടുകളെ ശരിവെക്കുന്നതാണ് പുതിയ പ്രതികരണം.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റു ചെയ്തതിനെത്തുടര്‍ന്ന് ഹേമന്ത് സോറന്‍ രാജിവച്ചപ്പോഴാണ് ചംപയ് സോറന്‍ മുഖ്യമന്ത്രിയായത്. തുടര്‍ന്ന് അഞ്ച് മാസത്തിനുശേഷം ജാമ്യം ലഭിച്ച് തിരിച്ചെത്തിയ ഹേമന്ത് സോറനുവേണ്ടി ചംപയ് മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞു. ഇതില്‍ ചംപയ് അസ്വസ്ഥനായിരുന്നെന്നാണ് വിവരം. പാര്‍ട്ടിയിലുണ്ടായ അധികാര തര്‍ക്കങ്ങളെ തുടര്‍ന്ന് ഹേമന്ത് സോറനുമായി ചംപയ് അകല്‍ച്ചയിലായിരുന്നു. നിലവില്‍ ഹേമന്ത് സോറന്‍ നയിക്കുന്ന സര്‍ക്കാരില്‍ മന്ത്രിയാണ്.