ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഝാര്‍ഖണ്ഡ് ഭരണകക്ഷിയായ ജെഎംഎമ്മില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിച്ച് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ചംപയ് സോറന്‍ ബിജെപിയിലേക്ക്. ചംപയ് സോറന്‍ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയില്‍ കൊല്‍ക്കത്തയില്‍ എത്തി പാര്‍ക്ക് ഹോട്ടലില്‍ വെച്ച് ബി.ജെ.പി. നേതാക്കളുമായി ചര്‍ച്ച നടത്തിയതായി വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസ്. റിപ്പോര്‍ട്ട് ചെയ്യുന്നു.

എയര്‍ ഇന്ത്യ വിമാനത്തില്‍ രാവിലെയോടെ അദ്ദേഹം ഡല്‍ഹിയിലേക്ക് തിരിക്കുമെന്നും അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡല്‍ഹിയില്‍ എത്തുന്ന ചംപയ് സോറന്‍ മുതിര്‍ന്ന ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഏകപക്ഷീയ നടപടികളില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിടാനുള്ള തീരുമാനത്തിലാണ് ജെഎംഎമ്മിലെ മുതിര്‍ന്ന നേതാവ് കൂടിയായ ചംപയ് സോറന്‍. ഏഴു തവണയായി എംഎല്‍എയായ ചംപയ് സോറനൊപ്പം ലോബിന്‍ ബംബ്രോം അടക്കമുള്ള ജെഎംഎം എംഎല്‍എമാരും പാര്‍ട്ടി വിടാനൊരുങ്ങുകയാണെന്നാണ് അഭ്യൂഹം.

അതേസമയം ബിജെപിയിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് ചംപയ് സോറന്‍ ഒഴിഞ്ഞുമാറി. 'ഏത് തരത്തിലുള്ള അഭ്യൂഹങ്ങളാണ് പരക്കുന്നത് എന്ന കാര്യത്തില്‍ എനിക്ക് വ്യക്തമല്ല. അതുകൊണ്ട് തന്നെ ഇത് ശരിയാണോ അല്ലേ എന്ന കാര്യം പറയാനും ഇപ്പോള്‍ എനിക്ക് സാധിക്കില്ല. ഞാന്‍ ഇപ്പോള്‍ എവിടെയാണോ അവിടെത്തന്നെയാണ്'- ചംപയ് സോറന്‍ പ്രതികരിച്ചു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റു ചെയ്തതിനെത്തുടര്‍ന്ന് ഹേമന്ത് സോറന്‍ രാജിവെച്ച് ജയിലില്‍ പോയതോടെയാണ് ചംപയ് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായത്. ഹേമന്ത് സോറന്‍ ജാമ്യംലഭിച്ച് തിരിച്ചെത്തിയതോടെ അഞ്ചുമാസത്തിനുശേഷം വീണ്ടും മുഖ്യമന്ത്രിപദത്തിലെത്തിയിരുന്നു. ഹേമന്ത് സോറന് വഴിയൊരുക്കുന്നതിന് ചംപയ് സോറന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയാണ് ഉണ്ടായത്. എന്നാല്‍ ഈ നടപടിയില്‍ ചംപയ് സോറന്‍ അസ്വസ്ഥനായിരുന്നുവെന്നാണ് വിവരം.

ഹേമന്ത് സോറന്‍ സര്‍ക്കാരില്‍ ഉന്നത വിദ്യാഭ്യാസ, ജലവിഭവ വകുപ്പ് മന്ത്രിയായ ചംപയ് സോറന്‍ വിവാദങ്ങളോട് പ്രതികരിച്ച രീതിയും ശ്രദ്ധേയമായി. പുതിയ വാര്‍ത്തകള്‍ ശ്രദ്ധിച്ചിട്ടില്ലെന്നും അതിനാല്‍ തന്നെ അതു സത്യമാണോ അല്ലയോ എന്ന് പറയാനാവില്ലെന്നുമായിരുന്നു ബിജെപി പ്രവേശനത്തോടുള്ള ചംപയ് സോറന്റെ മറുപടി. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ചയുടന്‍ മുഖ്യമന്ത്രി പദത്തില്‍ തിരികെ എത്താന്‍ ഹേമന്ത് സോറന്‍ ധൃതി കാട്ടിയതില്‍ ചംപയ് സോറന്‍ അതൃപ്തനാണ്. ഝാര്‍ഖണ്ഡ് സംസ്ഥാന രൂപീകരണ പ്രക്ഷോഭ നായകനായ ചംപയ് സോറനെ ഝാര്‍ഖണ്ഡ് ടൈഗര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ഝാര്‍ഖണ്ഡിലെ ജനങ്ങള്‍ക്കിടയില്‍ ഏറെ സ്വീകാര്യനായ ചംപയ് സോറനെ അപമാനിച്ച് കുടുംബാധിപത്യത്തിലേക്ക് ജെഎംഎം പൂര്‍ണ്ണമായും പോയി എന്ന പരാതി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലുണ്ട്.

കള്ളപ്പണക്കേസില്‍ ഹേമന്ത് ജയിലില്‍ പോകുമ്പോള്‍ ഭാര്യ കല്‍പ്പന സോറനെ മുഖ്യമന്ത്രിയാക്കാനാണ് പദ്ധതി തയ്യാറാക്കിയത്. എന്നാല്‍ ജെഎംഎമ്മില്‍ നിന്ന് വലിയ എതിര്‍പ്പുയര്‍ന്നതോടെയാണ് മുതിര്‍ന്ന നേതാവായ ചംപയ് സോറനെ മുഖ്യമന്ത്രിയാക്കേണ്ടിവന്നത്. ഹേമന്ത് സോറന്‍ ഭരിച്ച നാലര വര്‍ഷം കൊണ്ട് ചെയ്തതില്‍ അധികം കാര്യം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വേണ്ടി ചെയ്യാന്‍ ചംപയ് സോറന്റെ അഞ്ചു മാസങ്ങള്‍ക്ക് സാധിച്ചതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ പ്രതികരിച്ചിട്ടുണ്ട്. ഝാര്‍ഖണ്ഡിലെ മൂന്നരക്കോടി ജനങ്ങള്‍ ചംപയ് സോറന്റെ ഭരണത്തില്‍ തൃപ്തരായിരുന്നതായും എന്നാല്‍ അദ്ദേഹത്തെ കുടുംബാധിപത്യ പാര്‍ട്ടി അധികാരത്തില്‍ നിന്ന് പുറത്താക്കിയെന്നും ഹിമന്ത ബിശ്വശര്‍മ്മ പറഞ്ഞു.