കോട്ടയം: പുതുപ്പള്ളിയില്‍ ഇന്ന് ഒന്നൊന്നര 'ആക്ഷന്‍ പാക്ക്ഡ്' സമരം പ്ലാന്‍ ചെയ്താണ് ബിജെപി എത്തിയത്. എന്നാല്‍, മണ്ഡലത്തില്‍ വികസന മുരടിപ്പ് ആരോപിച്ച് ബിജെപി നടത്തിയ എംഎല്‍എ ഓഫിസ് മാര്‍ച്ചില്‍ സംഭവിച്ചത് അപ്രതീക്ഷിത രംഗങ്ങളും ക്ലൈമാക്‌സും.

മുദ്രാവാക്യങ്ങള്‍ വെടിയുണ്ടകള്‍ പോലെ പായുന്നതിനിടയിലാണ്, സിനിമയിലെ ഹീറോ എന്‍ട്രി പോലെ ചാണ്ടി ഉമ്മന്‍, എംഎല്‍എ ഓഫീസിന്റെ പടിയിറങ്ങി വന്നത്. മാര്‍ച്ച് തടഞ്ഞ ബാരിക്കേഡിന് അപ്പുറത്ത് ഉഗ്രന്‍ പ്രസംഗം നടക്കുമ്പോള്‍, ഇപ്പുറത്ത് നിന്ന് ചാണ്ടി ഉമ്മന്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് കൈ കൊടുത്തതോടെ പ്രതിഷേധം 'കുശലാന്വേഷണ'മായി മാറി.

സീന്‍ മാറിയെന്ന് കണ്ട പ്രവര്‍ത്തകര്‍ ഹസ്തദാനത്തിന് ക്യൂ നിന്നതോടെ ബിജെപി നേതാക്കള്‍ അന്തംവിട്ടുപോയി. 'അല്ല മക്കളെ, നമ്മള്‍ കൂകാന്‍ വന്നതാണോ അതോ കൈ കൊടുക്കാന്‍ വന്നതാണോ?' എന്ന് നേതാക്കള്‍ പിറുപിറുത്തപ്പോഴേക്കും ചാണ്ടി ഉമ്മന്‍ സെല്‍ഫിയൊഴികെ ബാക്കിയെല്ലാം സെറ്റാക്കിയിരുന്നു. എന്നാല്‍, വൈകാതെ ഈ സൗഹൃദം 'ഗോ ബാക്ക്' വിളികളിലേക്കും തര്‍ക്കത്തിലേക്കും വഴിമാറിയതോടെ രംഗം വീണ്ടും ചൂടുപിടിച്ചു.

ബാരിക്കേഡിന് മുന്നില്‍ സൗഹൃദം

രാവിലെ 10 മണിയോടെയാണ് ബിജെപി നിയോജക മണ്ഡലം കമ്മിറ്റി മാര്‍ച്ച് തുടങ്ങിയത്. ഓഫിസിന് 100 മീറ്റര്‍ മുന്‍പ് പോലീസ് ബാരിക്കേഡ് നിരത്തി മാര്‍ച്ച് തടഞ്ഞു. മണ്ഡലത്തില്‍ വികസനമില്ലെന്നും എംഎല്‍എ എപ്പോഴും വിദേശത്താണെന്നും പ്രസംഗത്തില്‍ ബിജെപി മധ്യമേഖലാ പ്രസിഡന്റ് എന്‍. ഹരി ആരോപിച്ചു. ഇതിനിടെയാണ് ഓഫീസിനുള്ളില്‍ നിന്നിറങ്ങി ചാണ്ടി ഉമ്മന്‍ സമരക്കാര്‍ക്കിടയിലേക്ക് വന്നത്.

നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അടുത്തേക്ക് ചെന്ന് എംഎല്‍എ കൈ നല്‍കിയതോടെ ആദ്യം പലരും അമ്പരന്നു. എന്‍. ഹരിയുള്‍പ്പെടെയുള്ള നേതാക്കളോട് ചിരിച്ചു കൊണ്ട് സംസാരിച്ച എംഎല്‍എയെ പല പ്രവര്‍ത്തകരും ചിരിയോടെയാണ് സ്വീകരിച്ചത്. എന്നാല്‍, കുറച്ചു കഴിഞ്ഞതോടെ പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് തന്നെ വിമര്‍ശനമുയര്‍ന്നു.

'ഈ നാണംകെട്ട പണിക്ക് നില്‍ക്കുന്നത് എന്തിന്' എന്ന് ഒരു പ്രവര്‍ത്തകന്‍ ചോദിച്ചതോടെ എംഎല്‍എയുടെ നീക്കത്തിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ 'ഗോ ബാക്ക്' വിളികളുമായി രംഗത്തെത്തി. സൗഹൃദ സംഭാഷണം കഴിഞ്ഞതോടെ ബിജെപി നേതൃത്വം നിലപാട് കടുപ്പിച്ചു. മന്ത്രി വീണ ജോര്‍ജ് ചെയ്തതുപോലെ മനഃപൂര്‍വം പ്രശ്‌നമുണ്ടാക്കാനാണ് ചാണ്ടി ഉമ്മന്‍ വന്നതെന്ന് എന്‍. ഹരി ആരോപിച്ചു. എംഎല്‍എയുടെ നാടകത്തിന് പോലീസ് കൂട്ടുനിന്നെന്നും ഇതിനെതിരെ കേസെടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

എന്‍.ഹരിയുടെ വാക്കുകള്‍:

പുതുപ്പള്ളിയുടെ വികസന മുരടിപ്പ് ചര്‍ച്ചയാകാതിരിക്കനാണ് എംഎല്‍എയുടെ ഈ നാടകം.40 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കാര്യങ്ങളാണ് ഞങ്ങള്‍ ചോദിച്ചിട്ടുള്ളത്. ഇവിടെ കുടിവെള്ളമില്ല, അടിസ്ഥാന സൗകര്യങ്ങളില്ല, റോഡില്ല. ഈ വിഷയങ്ങള്‍ പൊതുസമൂഹത്തിന്റെ മുന്‍പിലേക്ക് എത്തുമെന്ന് എല്ലാരേക്കാളുമുപരി കോണ്‍ഗ്രസിനും എല്‍ഡിഎഫിനുമറിയാം.

ബിജെപി ആക്രമിച്ചുവെന്നൊക്കെ പറഞ്ഞ് ഈ വിഷയത്തില്‍ നിന്ന് ബോധപൂര്‍വ്വം ഡെവേര്‍ട്ട് ചെയ്യാന്‍ വേണ്ടി എംഎല്‍എ നടത്തിയ നാടകമാണ്. ഈ സമരം തുടങ്ങുന്നതിന് മുന്‍പ് തന്നെ എംഎല്‍എ പുറകില്‍ വന്ന് നിന്ന് ഗോഷ്ടി കാണിച്ചു, കൈ പൊക്കി കാണിക്കുന്നു. ഒരു പ്രതിപക്ഷ കക്ഷി സമരം ചെയ്യുമ്പോള്‍ ഒരു നീക്കവും പൊലീസ് നടത്തിയിട്ടില്ല. കാരണം പൊലീസ് ആളുകള്‍ പോയി എല്ലാവരും പോയി കൃതജ്ഞത പറയുന്ന സമയത്താണ് എംഎല്‍എ ഇറങ്ങിവരുന്നത്. എന്താണ് എംഎല്‍എയുടെ ഉദ്ദേശം. ബിജെപിക്കാര്‍ ആക്രമിച്ചുവെന്ന് പറയാനാണോ ?

ഒരു എംഎല്‍എ, സമരം ചെയ്യുമ്പോള്‍ വൃത്തിക്കേടാണോ ഇത്. ഇനി എംഎല്‍എക്ക് ബോധമില്ലെന്നുണ്ടങ്കില്‍ കേരളാ പൊലീസിന് ബോധം വേണ്ടേ അപ്പോള്‍ പൊലീസും എല്ലാവരും കൂടി ചേര്‍ന്നുള്ള തിരക്കഥയാണോ ഇതെന്ന് ഞങ്ങള്‍ സംശയിക്കുകയാണ്

അതേസമയം, കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള 'അവിശുദ്ധ കൂട്ടുകെട്ട്' പുറത്തുവന്നുവെന്ന് സി പി എം ആരോപിച്ചു. മണ്ഡലത്തിലെ വികസന മുരടിപ്പ് ചര്‍ച്ചയാകാതിരിക്കാന്‍ ഇരുപാര്‍ട്ടികളും ചേര്‍ന്ന് നടത്തിയ നാടകമാണിതെന്നാണ് സിപിഎം ഏരിയ കമ്മിറ്റിയുടെ പ്രതികരണം.

മാര്‍ച്ചില്‍ കുലുങ്ങാതെ പ്രവര്‍ത്തകര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് സമരത്തിന്റെ മൂര്‍ച്ച കുറയ്ക്കുക എന്ന ഉമ്മന്‍ ചാണ്ടി മോഡല്‍ രാഷ്ട്രീയ തന്ത്രമാണ് മകന്‍ ചാണ്ടി ഉമ്മനും പയറ്റിയത്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ ചാണ്ടി ഉമ്മന്റെ സമീപനം കയ്യടി നേടുകയാണ്.