ഗാസ സിറ്റി: ഗാസയിലെ ഹമാസ് മന്ത്രിയുടെ മകനെ പങ്കെടുപ്പിച്ച് കൊണ്ട്് ചാനല്‍ ഫോര്‍ നിര്‍മ്മിച്ച ഡോക്യുമെന്ററിക്ക് നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചപ്പോള്‍ വെട്ടിലായത് ബി.ബി.സിയാണ്. ഇതേ കുട്ടിയെ ഉള്‍പ്പെടുത്തി കൊണ്ട് നിര്‍മ്മിച്ച ബി.ബി.സിയുടെ ഡോക്യുമെന്ററിക്കെതിരെ നേരത്തേ ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷം ചാനല്‍ ഫോര്‍ നിര്‍മ്മിച്ച ഇന്‍സൈഡ് ഗാസ ഇസ്രയേല്‍ ഹമാസ് അറ്റ് വാര്‍ എന്ന ഡോക്യുമെന്ററിക്കാണ് നിരവധി ബഹുമതികള്‍ ലഭിച്ചത്.

ബാഫ്ത്താ പുരസ്‌കാരവും മികച്ച യുദ്ധ റിപ്പോര്‍ട്ടിംഗിനുള്ള യെമ്മി അന്തര്‍ദേശീയ പുരസ്‌ക്കാരവും ഈ ഡോക്യുമെന്ററി കരസ്ഥമാക്കിയിരുന്നു. ഈ ഡോക്യുമെന്ററിയില്‍ ഗാസയിലെ ഹമാസ് നേതാവും മന്ത്രിയുമായ ഡോ.അയ്മാന്‍ അല്‍ അസൗറിയുടെ മകനായ പതിമൂന്ന് വയസുകാരനാണ് ഗാസയിലെ കുട്ടികളുടെ അവസ്ഥയെ കുറിച്ച്് വിവരണം നല്‍കിയത്. എന്നാല്‍ പിന്നീട് ബി.ബി.സി സംപ്രേഷണം ചെയ്ത ഡോക്യുമെന്ററിയായ ഗാസ ഹൗ ടു സര്‍വൈവ് എ വാര്‍സോണിലും അബ്ദുള്ള അല്‍ യസൗറി എന്ന ഇതേ കുട്ടിയാണ് വിവരണം നല്‍കിയത്.

ഹമാസ് നേതാവിന്റെ മകനെയാണ് ഡോക്യുമെന്ററിയില്‍ പങ്കെടുപ്പിച്ചതെന്ന് വ്യക്തമായതോടെ ബി.ബി.സി പരിപാടി പിന്‍വലിക്കുകയായിരുന്നു. ചാനല്‍ ഫോറിന്റെ പരിപാടിയില്‍ ഈ കുട്ടി മിഠായി വില്‍പ്പനക്കാരന്‍ ആയിട്ടാണ് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ പരിപാടി സംപ്രേഷണം ചെയ്ത് മാസങ്ങള്‍ക്ക് ശേഷമാണ് അബ്ദുള്ള ഹമാസ് നേതാവിന്റെ മകനാണെന്ന കാര്യം ചാനല്‍ മനസിലാക്കുന്നത്. തുടര്‍ന്ന് ഈ പരിപാടി സംപ്രേഷണം ചെയ്യുന്നത് നിര്‍ത്തി വെച്ചിരുന്നു.

2023 നവംബര്‍ മുതല്‍ 2024 ഏപ്രില്‍ വരെ കുട്ടിയുടെ അച്ഛന്‍ ഹമാസ് നേതാവാണെന്ന കാര്യവും ചാനല്‍ പ്രവര്‍ത്തകര്‍ക്ക് അറിയില്ലായിരുന്നു. ഡോക്യുമെന്ററിയില്‍ കുട്ടിയുടെ അച്ഛനെ അമ്മാവന്‍ എന്ന് പറഞ്ഞാണ് പരിചയപ്പെടുത്തുന്നത്. അന്വേഷണാത്മക പത്രപ്രവര്‍ത്തകനായ ഡേവിഡ് കോളിയറാണ് ഇത് സംബന്ധിച്ച കാര്യങ്ങള്‍ പുറത്തു കൊണ്ടു വന്നത്. രണ്ട് ഡോക്യുമെന്ററികളിലും അബ്ദുള്ള എന്ന 13 കാരന്റെ അഭിനയ മികവ് എടുത്ത കാട്ടേണ്ടതാണെന്നാണ് ഡേവിഡ് കോളിയര്‍ കളിയാക്കി പറയുന്നത്.

കോല്‍യര്‍ പറയുന്നത് അബ്ദുള്ള ശരിക്കും ആരാണെന്ന് അറിയാമായിരുന്ന ചാനല്‍ ഫോര്‍ അധികൃതര്‍ ഇക്കാര്യം മറച്ചു വെയ്ക്കുകയായിരുന്നു എന്നാണ്. അബ്ദുള്ളയുടെ ശരിയായ പേരും ചാനല്‍ മറച്ചു വെച്ചിരുന്നു. എന്നാല്‍ ചാനലിന് ഡോക്യുമെന്ററിയുടെ പേരില്‍ നല്‍കിയ അവാര്‍ഡുകള്‍ പിന്‍വലിക്കില്ലെന്നാണ് സംഘാടകര്‍ പറയുന്നത്. ഗാസയെ കുറിച്ച് ബി.ബി.സി സംപ്രേഷണം ചെയ്ത ഡോക്യുമെന്ററി ചാനലിലെ ഉന്നതര്‍ കണ്ടതിന് ശേഷമാണ് സംപ്രേഷണാനുമതി നല്‍കിയത്. പുറത്ത് നിന്ന് നിര്‍മ്മിച്ച ഈ ഡോക്യുമെന്ററിയുടെ ടെലികാസ്ററിംഗ് ഫീ നല്‍കിയത് തീവ്രവാദ സംഘടനയാണോ എന്ന ചോദ്യവും ഇപ്പോള്‍ ഉയരുകയാണ്.

ഹമാസ് മന്ത്രിയുടെ മകനെ പങ്കെടുപ്പിച്ച് കൊണ്ട്് ചാനല്‍ ഫോര്‍ നിര്‍മ്മിച്ച ഡോക്യുമെന്ററിക്ക് നിരവധി പുരസ്‌ക്കാരങ്ങള്‍; ഇതേ കുട്ടിയെ ഉള്‍പെടുത്തി ബിബിസി ഡോക്യുമെന്ററി പിന്‍വലിച്ചത് വിവാദത്തെ തുടര്‍ന്നും; തെളിഞ്ഞത് ഹമാസിന്റെ പ്രൊപ്പഗന്‍ഡയെന്ന് ആരോപണം.