- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹാരിക്കും ചാള്‍സ് രാജാവിനും ഇടയില്‍ സംഭവിച്ചത് എന്ത്? ഇളയ സഹോദരനായ ആന്‍ഡ്രുവിനോട് ചാള്‍സ് എന്തുകൊണ്ട്? ബെക്കിംഗ്ഹാം കൊട്ടാരത്തിലെ അണിയറ രഹസ്യങ്ങള്‍ പുറത്താകുന്ന പുതിയ പുസ്തകം
ഹാരിക്കും ചാള്‍സ് രാജാവിനും ഇടയില്‍ സംഭവിച്ചത് എന്ത്?
ലണ്ടന്‍: സിംഹാസനത്തിലേറി ഒന്നര വര്‍ഷമാകുമ്പോഴേക്കും ചാള്‍സ് രാജാവ് അഭിമുഖീകരിക്കുന്നത് രണ്ട് വ്യക്തിഗത വെല്ലുവിളികളാണ്. 2024 ഫെബ്രുവരിയില്‍ രാജാവ് കാന്‍സര്‍ ബാധിതനാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. തൊട്ടടുത്ത മാസം മകന്‍ വില്യം രാജകുമാരന്റെ പത്‌നി കെയ്റ്റ് രാജകുമാരിക്കും കാന്‍സര്‍ സ്ഥിരീകരിച്ചു. ഒരു സാധാരണ മനുഷ്യനെ സംബന്ധിച്ച് ആകെ തകര്‍ന്ന് പോകുന്ന ഒരു സാഹചര്യം. എന്നാല്‍, ചാള്‍സ് രാജാവ് ഈ പ്രതിസന്ധിയിലും പിടിച്ചു നിന്നെങ്കിലും മറ്റു വിധത്തിലുള്ള പ്രതിസന്ധികള്‍ നേരിടുകയാണ്.
ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ചാള്‍സ് രാജാവ് അധികാരമേറ്റ ഉടന്‍ തന്നെ വിവിധ ചുമതലകള്‍ ഏല്‍ക്കുന്ന രാജകുടുംബാംഗങ്ങളുടെ എണ്ണം വെട്ടിക്കുറച്ചിരുന്നു. രോഗബാധയാല്‍ ഇപ്പോള്‍ രണ്ട് പ്രധാന രാജകുടുംബാംഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പരിമിതികള്‍ ഉണ്ടായതോടെ പ്രതിസന്ധി ശക്തമാവുകയാണ്. കടുത്ത പ്രതിസന്ധിയാണിതെന്നാണ് പല നിരീക്ഷകരും വിലയിരുത്തുന്നത്. അതിനിടയിലാണ് പ്രശ്നങ്ങളുമായി രണ്ട് രാജകുമാരന്മാര്‍ എത്തുന്നത്, രാജാവിന്റെ മകന്‍ ഹാരി രാജകുമാരനും ഇളയ സഹോദരന്‍ ആന്‍ഡ്രൂ രാജകുമാരനും.
കാന്‍സര്‍ ബാധ തിരിച്ചറിഞ്ഞതോടെ രാജാവ് കുടുംബാംഗങ്ങളെയെല്ലാം ഫോണ്‍ വിളിച്ച് ഇക്കാര്യം അറിയിച്ചു. കൂട്ടത്തില്‍ കാലിഫോര്‍ണിയയിലുള്ള ഹാരിയേയും മേഗനെയും അറിയിച്ചു. ഹാരി ഉടന്‍ തന്നെ ലണ്ടനിലെത്തി പിതാവിനെ കാണാനുള്ള തയ്യാറെടുപ്പുകളും തുടങ്ങി. രോഗ വാര്‍ത്ത പരസ്യപ്പെടുത്തിയതിന്റെ തൊട്ടടുത്ത ദിവസം തന്നെ ഹാരി എത്തി പിതാവിനെ കാണുകയും ചെയ്തു. രാജ്ഞിയുമൊത്ത് സാന്‍ഡിംഗാമിലേക്ക് പോകാനിരുന്ന രാജാവ് മകന്‍ വരുന്നതറിഞ്ഞ് യാത്ര വൈകിച്ച് കാത്തിരുന്നു.
കഴിഞ്ഞ കുറെക്കാലമായി ഹാരിയുടെ ചെളിവാരിയെറിയല്‍ സഹിക്കുന്ന രാജാവിന്റെ കാത്തിരിപ്പും ഹാരിയുടെ വരവും നല്‍കുന്നത് അതിനൊക്കെ അപ്പുറത്തുള്ള പിതൃപുത്ര ബന്ധത്തെക്കുറിച്ചുള്ള സൂചനകളാണെന്ന് നിരീക്ഷകര്‍ പറയുന്നു. കൂടിക്കാഴ്ച്ച ദീര്‍ഘനേരം നീണ്ടുനിന്നില്ലെങ്കിലും, ഇരുവരും ഹൃദയം തുറന്ന് സ്‌നേഹം പങ്കുവച്ചിരിക്കുമെന്നും അവര്‍ പറയുന്നു. ഏതായാലും, രാജകുടുംബാംഗങ്ങളും രാജകുടുംബത്തിന്റെ സുഹൃത്തുക്കളും ഈ കൂടിക്കാഴ്ച്ചയെ കുറിച്ച് കൂടുതല്‍ വ്യാഖ്യാനങ്ങള്‍ നല്‍കാതെ വിട്ടു നിന്നു എന്നത് ശ്രദ്ധേയമാണ്.
എന്നാല്‍, ഹാരിയോട് ഒരു തുറന്ന സമീപനത്തിന് തയ്യാറാണെന്ന സന്ദേശമാണ് ഇതിലൂടെ രാജാവ് നല്‍കിയതെന്നാണ് അന്തപ്പുരത്തിനുള്ളില്‍ അടക്കം പറച്ചിലുകള്‍. ഹാരിയുമായുള്ള ബന്ധം കൂടുതല്‍ സങ്കീര്‍ണ്ണമാകാതിരിക്കാന്‍ രാജാവ് എപ്പോഴും കര്‍ശനമായ അച്ചടക്കം പാലിച്ചിരുന്നതായി കൊട്ടാരത്തിലെ ഒരു മുന്‍ ജീവനക്കാരന്‍ പറയുന്നു. നിരന്തരം വിമര്‍ശിക്കപ്പെടുമ്പോഴും ഒന്നു പ്രതികരിക്കാതിരിക്കുക എന്നത് ഏറെ ക്ലേശകരമായ കാര്യമാണെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, മെയ് മാസത്തില്‍ ഇന്‍വിക്റ്റസ് ഗെയിംസില്‍ പങ്കെടുക്കാന്‍ ഹാരി ബ്രിട്ടനിലെത്തിയപ്പോള്‍ രാജാവുമായി കൂടിക്കാഴ്ച നടത്തിയിരുന്നില്ല.
ഹാരിയുടെ യാത്രാ പരിപാടികള്‍ രാജാവിനും കൊട്ടാരം ജീവനക്കാര്‍ക്കും നന്നായി അറിയാമായിരുന്നിട്ടും ബക്കിംഗ്ഹാം കൊട്ടാരത്തില്‍ താമസ സൗകര്യം ഒരുക്കിയില്ല. പകരം ഹാരി താമസിച്ചത് ഒരു ഹോട്ടലില്‍ ആയിരുന്നു. സുരക്ഷാ കാരണങ്ങളാലാണ് അപ്രകാരം ചെയ്തത് എന്നാണ് അറിയാന്‍ കഴിഞ്ഞതെന്നാണ് ചാള്‍സ് രാജാവിന്റെ ഒരു സഹായി പറഞ്ഞത്. എന്നാല്‍, രാജകൊട്ടാരത്തില്‍ ലഭിക്കുന്ന സുരക്ഷ ബ്രിട്ടനില്‍ മറ്റൊരിടത്തും ലഭിക്കില്ല എന്നതാണ് വാസ്തവം.
സാമ്പത്തിക താത്പര്യങ്ങളും ഇവര്‍ക്കിടയിലെ ബന്ധത്തെ എറെ സ്വാധീനിക്കുന്നുണ്ടെന്നാണ് ഇവര്‍ തമ്മിലുള്ള ബന്ധത്തെ കുറിച്ച് എഴുതിയ ന്യൂ കിംഗ് ന്യൂ കോര്‍ട്ട്, ദി ഇന്‍സൈഡ് സ്റ്റോറി എന്ന പുസ്തകത്തില്‍ പറയുന്നത്. രാജാവിന്റെ ഇളയ സഹോദരന്‍ ആന്‍ഡ്രൂ രാജകുമാരനുമായുള്ള ചാള്‍സ് രാജാവിന്റെ ബന്ധവും പുസ്തകത്തില്‍ പരാമര്‍ശ വിധേയമാകുന്നുണ്ട്. അദ്ദേഹത്തിന്റെ മുന്‍ ഭാര്യയും കാന്‍സര്‍ ബാധിതയാണ്. എന്നാല്‍, അത് വിന്‍ഡ്‌സറിലെ വിശാലമായ വസതിയില്‍ നിന്നും ഫ്രോഗ്മോര്‍ കോട്ടേജിലേക്ക് മാറാന്‍ ആന്‍ഡ്രുവിന് ഒരു കാരണമല്ല എന്നാണ് രാജാവ് ചിന്തിക്കുന്നത് എന്ന് പുസ്തകത്തില്‍ പറയുന്നു. വിന്‍ഡ്‌സറിലെ വസതിയുമായി താരതമ്യം ചെയ്യുമ്പോള്‍, താരതമ്യേന ചെറിയ വസതിയാണ് ഫ്രോഗ്മോര്‍ കോട്ടേജ്. ഹാരിയും മേഗനും ഇവിടെയായിരുന്നു താമസിച്ചിരുന്നത്.