വാഷിങ്ടണ്‍: അമേരിക്കയെ നടുക്കി രാഷ്ട്രീയ കൊലപാതകം. വലതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകനായ ചാര്‍ളി കിര്‍ക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു. യൂട്ടാവാലി യൂണിവേഴ്‌സിറ്റിയില്‍ ഒരു യോഗത്തില്‍ പ്രസംഗിക്കവേയാണ് ചാര്‍ളി കിര്‍ക്ക് വെടിയേറ്റ് മരിച്ചത്. 31 കാരനായ അദ്ദേഹം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അടുത്ത അനുയായിയും, ടേണിങ് പോയിന്റ് യുഎസ്എ എന്ന സംഘടനയുടെ സ്ഥാപകനുമാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുവാക്കളെ ട്രംപിലേക്ക് അടുപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ച വ്യക്തിയാണ് കൊല്ലപ്പെട്ടത്. ഇന്ത്യക്കെതിരെയും, എച്ച് 1 ബി വീസകള്‍ക്കെതിരെയും കടുത്ത നിലപാട് പ്രചരിപ്പിച്ചിരുന്നു. ഏറെ പ്രചാരമുള്ള പോഡ്കാസ്റ്റുകളുടെ അവതാരകനാണ് അദ്ദേഹം. ഏറെ പ്രിയപ്പെട്ട വ്യക്തിയെയാണ് നഷ്ടപ്പെട്ടതെന്ന് ട്രംപ് പ്രതികരിച്ചു.

യൂട്ടായിലെ ഓറമിലുള്ള യൂട്ടാ വാലി യൂണിവേഴ്‌സിറ്റിയില്‍ ഒരു കാമ്പസ് പരിപാടിയില്‍ തോക്ക് അക്രമങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് വെടിയേറ്റത്. മരണവാര്‍ത്ത ഡൊണാള്‍ഡ് ട്രംപാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. അമേരിക്കയിലെ യുവാക്കളുടെ ഹൃദയത്തെ ചാര്‍ലിയെക്കാള്‍ മറ്റാര്‍ക്കും നന്നായി മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

വെടിവെച്ചയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഇയാള്‍ അല്ല പ്രതിയെന്ന് പോലീസ് അറിയിച്ചു. കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വെടിയൊച്ച മുഴങ്ങിയതിന് പിന്നാലെ കഴുത്തിന്റെ ഇടതുവശത്തുകൂടി ചോര ഒഴുക്കിയതാണ് പിന്നീട് ചടങ്ങിലുണ്ടായിരുന്നവര്‍ കണ്ടത്.

'അമേരിക്കന്‍ തിരിച്ചുവരവ്' എന്നതടക്കമുള്ള മുദ്രാവാക്യങ്ങള്‍ പതിച്ച പരിപാടിയില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ കിര്‍ക്കിന് നേരെ വെടിവെപ്പ് ഉണ്ടായത്. കിര്‍ക്ക് തന്റെ കഴുത്തില്‍ പിടിക്കുന്നതും കഴുത്തില്‍ രക്തം വാര്‍ന്നൊലിക്കുന്നതും കണ്ടപ്പോഴാണ് വിദ്യാര്‍ഥികല്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഗുരുതരാവസ്ഥ മനസ്സിലായത്. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ നിലവിളിച്ചുകൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു.

ചാര്‍ളി കിര്‍ക്കിന് വെടിയേറ്റ സംഭവം ദാരുണമാണെന്ന് എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ പറഞ്ഞു. കിര്‍ക്കിന്റെ കൊലപാതകത്തില്‍ ഒരാള്‍ മാത്രമാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്ന് യൂട്ടാ ഗവര്‍ണര്‍ സ്‌പെന്‍സര്‍ കോക്‌സ് പറഞ്ഞു. വേറെ ആര്‍ക്കെങ്കിലും പങ്കുണ്ടെന്ന് സൂചിപ്പിക്കുന്ന വിവരങ്ങളൊന്നും ലഭ്യമല്ലെന്ന് അദ്ദേഹം ബുധനാഴ്ച പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നവര്‍ മുന്നോട്ട് വരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അഭ്യര്‍ഥിച്ചു. നിലവില്‍ ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

സദസ്സില്‍ നിന്ന് ഒരാള്‍ ചോദ്യം ചോദിച്ചതിന് തൊട്ടുപിന്നാലെയാണ് വെടിയൊച്ച കേട്ടതെന്ന് യൂട്ടാ മുന്‍ കോണ്‍ഗ്രസ് അംഗം ജേസണ്‍ ഷാഫെറ്റ്‌സ് പറഞ്ഞു. ചാര്‍ളി പിന്നോട്ട് പോയപ്പോഴാണ് വെടിയേറ്റതാണെന്ന് മനസ്സിലായത്. ഒന്നിലധികം വെടിയൊച്ചകള്‍ കേട്ടില്ല. ഒരു തവണ മാത്രമാണ് വെടിയുതിര്‍ത്തത്. പരിപാടിക്ക് സുരക്ഷ കുറവായിരുന്നെന്നും ചെറിയ പോലീസ് സാന്നിധ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏകദേശം 47,000 വിദ്യാര്‍ഥികളുള്ള യൂട്ടായിലെ യൂട്ടാ വാലി യൂണിവേഴ്‌സിറ്റി ആക്രമണത്തെ തുടര്‍ന്ന് അടച്ചു. ഷൂട്ടറെ കണ്ടെത്തുന്നതുവരെ കാമ്പസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കിര്‍ക്കിനെ പ്രഭാഷണത്തിന് ക്ഷണിച്ചതിനെതിരെ ഒരുപാട് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അദ്ദേഹത്തെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ആയിരത്തോളം ആളുകള്‍ ഒപ്പിട്ട ഒരു നിവേദനം സര്‍വകലാശാലക്ക് ലഭിച്ചിരുന്നു. എന്നാല്‍ സര്‍വകലാശാല അധികൃതര്‍ പരിപാടിയുമായി മുന്നോട്ട് പോവുകയായിരുന്നു.

2012-ല്‍ 18 വയസ്സുള്ളപ്പോഴാണ് ടേണിങ് പോയിന്റ് എന്ന സംഘനയ്ക്ക് ചാര്‍ലിയും വില്ല്യം മോണ്‍ഡ്ഗോമെരിയും ചേര്‍ന്ന് രൂപം നല്‍കിയത്.