- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിന്നല്‍ വേഗത്തില്‍ പണി; 190 അടി നീളം; മുണ്ടക്കൈയെ തൊട്ട് ബെയ്ലി പാലം വന്നതോടെ തിരച്ചില്‍ ഊര്‍ജ്ജിതമാകും; സൈന്യത്തിന് ബിഗ് സല്യൂട്ട്
മേപ്പാടി: പാലത്തിന്റെ നീളം 190 അടി. ജൂലൈ 31 ന് രാത്രി 9 മണിക്ക് പണി തുടങ്ങി. ഓഗസ്റ്റ് ഒന്നിന് 5.30 ന് പണി പൂര്‍ത്തിയായി.
പാലം തുറന്നതോടെ, ആദ്യമായി സൈന്യത്തിന്റെ വാഹനം പാലത്തിലൂടെ കടത്തിവിട്ടു. പിന്നാലെ മറ്റു വാഹനങ്ങളും കടത്തിവിട്ടു തുടങ്ങി.
ഉരുള്‍പൊട്ടലില്‍, ഒറ്റപ്പെട്ടുപോയ മുണ്ടക്കൈയിലേക്ക് ഇനി ജെസിബിയും ഹിറ്റാച്ചികളും വലിയ വാഹനങ്ങളും എത്തുന്നതോടെ തിരച്ചില്‍ ഊര്‍ജ്ജിതമാകും.
240 പേരെക്കുറിച്ച് ഇനിയും ഒരു വിവരവും തെരച്ചില്‍ നടത്തുന്നവര്‍ക്ക് ലഭിച്ചിട്ടില്ല. മുണ്ടക്കൈയില്‍ തകര്‍ന്ന വീടുകളുടെ ഉള്ളിലും മണ്ണിന് അടിയിലുമായി ഇവര്‍ അകപ്പെട്ടിരിക്കാം എന്ന സംശയത്തില്‍ തെരച്ചില്‍ തുടരുകയാണ്. വലിയ യന്ത്രങ്ങള്‍ എത്തിച്ചാല്‍ മാത്രമേ പൂര്‍ണതോതില്‍ തെരച്ചില്‍ സാധ്യമാകൂ. പല സ്ഥലങ്ങളിലും ഇനിയും രക്ഷാ പ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ മരണസംഖ്യ ഇനിയും ഉയരാന്‍ തന്നെയാണ് സാദ്ധ്യത.
സൈന്യത്തിന്റെ എന്‍ജിനിയറിങ് വിഭാഗം അതിവേഗത്തിലാണ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 20.30 മണിക്കൂര്‍ കൊണ്ടാണ് പാലം നിര്‍മാണം പൂര്‍ത്തിയായത്. പുഴയിലെ ശക്തമായ കുത്തൊഴുക്കിനിടയിലും ഇന്നലെ രാത്രിയില്‍ പാലത്തിന്റെ നിര്‍മാണം തുടര്‍ന്നിരുന്നു. 24 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള പാലം പൂര്‍ത്തിയായതോടെ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ഭാരമേറിയ യന്ത്രസാമഗ്രികള്‍ എത്തിക്കാനാകും. 10 അടി വലിപ്പമുള്ള ഗര്‍ഡറുകള്‍ ഉപയോഗിച്ചാണ് പാലം നിര്‍മിച്ചിട്ടുള്ളത്. 15 ട്രക്കുകളിലായാണ് നിര്‍മാണ സാമഗ്രികള്‍ എത്തിച്ചത്.
ബുധനാഴ്ച രാവിലെ ബെയ്‌ലി പാലം നിര്‍മിക്കാനാവശ്യമായ സാമഗ്രികളും ഉപകരണങ്ങളുമായി ഡല്‍ഹിയില്‍ നിന്നുള്ള വ്യോമസേനാ വിമാനം കണ്ണൂര്‍ വിമാനത്താവളത്തിലാണ് ഇറങ്ങിയത്. മുന്‍കൂട്ടി തയ്യാറാക്കിയ ഘടകങ്ങള്‍ കൂട്ടിയോജിപ്പിച്ച് എളുപ്പത്തില്‍ നിര്‍മിക്കാവുന്നതും എടുത്തുമാറ്റാവുന്നതുമാണ് ബെയ്ലി പാലം. പാലം ഘടിപ്പിക്കാന്‍ പ്രത്യേക ഉപകരണങ്ങള്‍ ആവശ്യമില്ല എന്നതാണ് മറ്റൊരു പ്രത്യേകത.
ഉരുക്കും തടിയുമാണ് ബെയ്‌ലി പാലത്തിലെ പ്രധാനഘടകങ്ങള്‍. ഭാരം കുറഞ്ഞതും കരുത്തുറ്റതുമാണ് ഉരുക്കുഗര്‍ഡറുകളും പാനലുകളും. ഇരുകരകളിലും തയ്യാറാക്കുന്ന പ്ലാറ്റ്ഫോമില്‍ ഈ ബെയ്‌ലി പാനലുകള്‍ കൂട്ടിയോജിപ്പിക്കും. ശേഷം ഉരുക്ക് ഗര്‍ഡറുകള്‍ കുറുകെ നിരത്തും. ഉരുക്കുപാനലുകളെ പരസ്പരം ബന്ധിപ്പിച്ച് വാഹനങ്ങളടക്കം കടന്നുപോകുംവിധം ട്രാക്ക് തയ്യാറാക്കും. പാലം ബലപ്പെടുത്താന്‍ ഇരുമ്പുതൂണുകളും ഉണ്ടാകും.
വലിയചെരിവുള്ള ദുര്‍ഘടമായ പ്രദേശങ്ങളില്‍ അടിയന്തര ഘട്ടത്തില്‍ പണിയുന്നപാലമാണ് ബെയ്ലി. 1942ല്‍ രണ്ടാം ലോകമഹായുദ്ധസമയത്ത് ബ്രിട്ടീഷുകാരനായ ഡൊണാള്‍ഡ് ബെയ്ലിയാണ് ഉത്തര ആഫ്രിക്കയിലെ ബ്രിട്ടീഷ് സൈന്യത്തിനായി ആദ്യമായി ഈ പാലം നിര്‍മ്മിച്ചത്. ഇന്ത്യയില്‍ ആദ്യമായി സിവിലിയന്‍ ആവശ്യങ്ങള്‍ക്കായി ബെയ്‌ലി പാലം നിര്‍മ്മിച്ചത് കേരളത്തിലാണ്. പമ്പാ നദിക്ക് കുറുകെയായിരുന്നു ഈ പാലം. പത്തനംതിട്ടയിലെ റാന്നിയിലെ പമ്പാനദിക്ക് കുറെകെയുള്ള 36 വര്‍ഷം പഴക്കമുള്ള റാന്നി പാലം തകര്‍ന്നപ്പോഴാണ് പകരം താത്ക്കാലികമായി ബെയ്‌ലി പാലം നിര്‍മിച്ചത്. 1996 നവംബര്‍ എട്ടിനാണ് റാന്നിയില്‍ സൈന്യം ബെയ്‌ലി പാലം നിര്‍മിച്ചത്.
രാജ്യത്ത് ആദ്യമായി സൈനികാ ആവശ്യത്തിനായി ബെയ്‌ലി പാലം നിര്‍മ്മിച്ചത് കശ്മീരിലാണ്. ലഡാക്കിലെ ദ്രാസ് നദിക്കും സുറു നദിക്കുമിടയില്‍ ആണ് ഈ പാലം നിര്‍മ്മിച്ചത്. ഇതിന് 30 മീറ്റര്‍ ( 98 അടി ) നീളമാണ് ഉണ്ടായിരുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 5,602 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഇന്ത്യന്‍ ആര്‍മിയാണ് ഈ പാലം നിര്‍മ്മിച്ചത്