അമരാവതി: മഹാരാഷ്ട്രയിലെ അമരാവതിയിൽ ഓടുന്ന ട്രെയിനിലെ യാത്രക്കാരനെ പുള്ളിപ്പുലി ആക്രമിക്കുന്നതായി അവകാശപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് വസ്തുതാ അന്വേഷണത്തിൽ തെളിഞ്ഞു. ഇത് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ദൃശ്യങ്ങളാണെന്ന് എഐ ഡിറ്റക്ഷൻ ടൂളുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

ട്രെയിനിന് സമാന്തരമായി പുള്ളിപ്പുലി ഓടിയെത്തുന്നതും, പിന്നീട് ട്രെയിനിനുള്ളിലേക്ക് ചാടിക്കയറി ഒരു യാത്രക്കാരനെ ആക്രമിക്കുന്നതും, മൽപ്പിടുത്തത്തിനിടെ യാത്രക്കാരൻ പാളത്തിലേക്ക് വീഴുന്നതുമാണ് വൈറലായ വീഡിയോയിലുള്ളത്. എന്നാൽ, ദൃശ്യങ്ങളിൽ നിരവധി അസ്വാഭാവികതകൾ ശ്രദ്ധയിൽപ്പെട്ടിരുന്നു.

വീഡിയോയിലെ ചില ഭാഗങ്ങളിൽ പുള്ളിപ്പുലിയുടെ ശരീരഭാഗങ്ങൾ മാഞ്ഞുപോയതായി കാണാം. ഇത്തരം പിഴവുകൾ സാധാരണയായി എഐ നിർമ്മിത വീഡിയോകളിൽ സംഭവിക്കുന്നതാണ്. പുള്ളിപ്പുലി യാത്രക്കാരനെ പിടിക്കുന്നതും ട്രാക്കിലേക്ക് വീഴുന്നതുമായ രംഗങ്ങളിൽ യാത്രക്കാരന്റെ ശരീര ചലനങ്ങൾ സ്വാഭാവികമല്ലാത്ത രീതിയിലാണുള്ളത്. കൂടാതെ, ഒരാൾ ട്രെയിനിൽ നിന്ന് താഴെ വീഴുന്ന സാഹചര്യത്തിലും സമീപത്തുണ്ടായിരുന്ന മറ്റ് യാത്രക്കാർ കാര്യമായ പ്രതികരണമൊന്നും കാണിക്കാത്തത് സംശയങ്ങൾക്ക് വഴിവെച്ചു. ട്രെയിനിന്റെ സീറ്റുകളിലും ജനലുകളിലും ചിലയിടങ്ങളിൽ വ്യത്യാസങ്ങൾ പ്രകടമാണ്.

ഈ സംശയങ്ങളെത്തുടർന്ന്, ഡീപ്‌ഫേക്ക്-ഒ-മീറ്റർ ഉൾപ്പെടെയുള്ള എഐ ഡിറ്റക്ഷൻ ടൂളുകൾ ഉപയോഗിച്ച് വീഡിയോ പരിശോധിച്ചു. ഈ പരിശോധനകളിൽ ദൃശ്യങ്ങൾ എഐ സൃഷ്ടിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

സംഭവം ഇങ്ങനെ.. വേഗതയില്‍ ഓടിക്കൊണ്ടിരിക്കുന്ന ഒരു ട്രെയിന്‍. അതിന് സമാനന്തരമായി പാഞ്ഞടുക്കുകയാണ് ഒരു പുള്ളിപ്പുലി. ആദ്യം ഒരുവട്ടം ട്രെയിന്‍ ജനാലയ്‌ക്ക് അരികിലൂടെ പാഞ്ഞുകയറാന്‍ ശ്രമിച്ച് ശൗര്യം കാണിക്കുന്നുണ്ട് ഈ പുള്ളിപ്പുലി. അതുകഴിഞ്ഞ്, ട്രെയിനിന്‍റെ വാതില്‍ക്കല്‍ നില്‍ക്കുന്ന ഒരു യാത്രക്കാരന്‍റെ നേര്‍ക്ക് പുള്ളിപ്പുലി ചാടിയടുക്കുന്നു. മല്‍പ്പിടുത്തത്തിനിടെ യാത്രക്കാരന്‍ പാളത്തിലേക്ക് വീഴുന്നു. ഇത്രയുമാണ് മഹാരാഷ്‌ട്രയിലെ അമരാവതിയില്‍ നടന്ന സംഭവത്തിന്‍റേത് എന്ന പേരില്‍ എക്‌സില്‍ വൈറലായ വീഡിയോയില്‍ കാണുന്നത്.