കൊച്ചി: മോഹന്‍ലാലിനെ അധിക്ഷേപിച്ച കേസില്‍ തനിക്ക് ഭയമില്ലെന്ന് ചെകുത്താന്‍ എന്നറിയപ്പെടുന്ന യുട്യൂബര്‍ അജു അലക്‌സ്. താരത്തോട് തനിക്ക് ശത്രുത ഇല്ലെന്നും അജു പറഞ്ഞു. മോഹന്‍ലാലിനെ അധിക്ഷേപിച്ച സംഭവത്തില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അജു.

താന്‍ ഒളിവില്‍ പോയിട്ടില്ലെന്നും രാവിലെ സ്റ്റേഷനിലെത്തിയപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയെന്നും അജു പറഞ്ഞു. എറണാകുളത്തെ റൂമില്‍ ചെന്ന് തെളിവെടുത്തതിന് ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. എല്ലാവരും പറയുന്നത് പോലെ തനിക്ക് മോഹന്‍ലാലിനോട് ശത്രുത ഇല്ലെന്നും ഓരോ സംഭവങ്ങള്‍ വെച്ച് വീഡിയോ ഇടുന്നതാണ്. അതുകൊണ്ട് കേസിനെ ഭയക്കുന്നില്ല. മോഹന്‍ലാലിനെതിരെ തുടര്‍ച്ചയായി പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നും അജു കൂട്ടിച്ചേര്‍ത്തു.

അമ്മ ജനറല്‍ സെക്രട്ടറിയും നടനുമായ സിദ്ദിഖിന്റെ പരാതിയിലാണ് തിരുവല്ല പോലീസ് അജു അലക്‌സിനെതിരെ നടപടിയെടുത്തത്. ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി വഹിക്കുന്ന മോഹന്‍ലാല്‍ പട്ടാള യൂണിഫോമില്‍ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലം സന്ദര്‍ശിച്ചതിന് എതിരെയാണ് അജു അലക്‌സ് ചെകുത്താന്‍ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ മോശം പരാമര്‍ശം നടത്തിയത്.

മോഹന്‍ലാലിന്റെ ആരാധകരില്‍ വിദ്വേഷം ഉളവാക്കുന്ന രീതിയിലാണ് അജു അലക്‌സിന്റെ പരാമര്‍ശമെന്ന് തിരുവല്ല പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നു. ഭാരതീയ ന്യായ സംഹിത 192,296(യ) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകള്‍ പ്രകാരമാണ് അജു അലക്‌സിനെതിരെ കേസെടുത്തത്.

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലത്ത് ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി വഹിക്കുന്ന മോഹന്‍ലാല്‍ പട്ടാള യൂണിഫോമില്‍ സന്ദര്‍ശിച്ചതിന് എതിരെയാണ് അജു അലക്‌സ് ചെകുത്താന്‍ യൂട്യൂബ് ചാനലിലൂടെ അധിക്ഷേപിക്കുന്ന തരത്തില്‍ പരമാര്‍ശം നടത്തിയത്. മോഹന്‍ലാലിന്റെ ആരാധകരില്‍ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലാണ് അജു അലക്‌സിന്റെ പരാമര്‍ശമെന്നും തിരുവല്ല പൊലീസ് റജിസ്ട്രര്‍ ചെയ്ത എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു.

അതേസമയം അജുവിനെതിരെ ടെറിട്ടോറിയല്‍ ആര്‍മ്മിയും പരാതി നല്കുമെന്നാണ് സൂചന. മോഹന്‍ലാലിനെതിരെ അധിക്ഷേപം നടത്തിയ അജു അലക്‌സ് എന്ന ചെകുത്താനെ അറസ്റ്റ് ചെയ്തതില്‍ പ്രതികരണവുമായി തിരുവല്ല സിഐ സുനില്‍ കൃഷ്ണന്‍ രംഗത്ത് എത്തുമ്പോള്‍ തെളിയുന്നത് നടന്റെ ഇടപെടലാണ്. അജു അലക്‌സിനെതിരെ ടെറിട്ടോറിയല്‍ ആര്‍മിയും കേസിന് പോകുമെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും, മോഹന്‍ലാല്‍ വിളിച്ചുവെന്നും സിഐ പ്രതികരിച്ചു.

മോഹന്‍ലാല്‍ തന്നെ നേരിട്ട് വിളിച്ചിരുന്നു. മോഹന്‍ലാല്‍ എന്ന വ്യക്തിയെ ആക്ഷേപിച്ചതില്‍ അല്ല, സൈന്യത്തെ ആക്ഷേപിച്ചതില്‍ ആണ് വിഷമം എന്ന് മോഹന്‍ലാല്‍ പറഞ്ഞെന്നും സിഐ സുനില്‍ കൃഷ്ണന്‍ പറഞ്ഞു. അതായത് തന്റെ വേദന പോലീസ് ഉദ്യോഗസ്ഥനെ മോഹന്‍ലാല്‍ നേരിട്ട് അറിയിച്ചു. താര സംഘടനയുടെ ജനറല്‍ സെക്രട്ടറി സിദ്ദിഖാണ് അജു അലക്സിനെതിരെ പരാതി നല്‍കിയത്. ഈ പരാതിക്ക് പിന്നില്‍ മോഹന്‍ലാല്‍ തന്നെയായിരുന്നുവെന്ന സൂചനയാണ് സി ഐയുടെ വെളിപ്പെടുത്തല്‍ നല്‍കുന്ന സൂചന.

ഇത്തരത്തില്‍ ശക്തമായ നടപടി എടുത്താലെ ഇത്തരക്കാര്‍ കണ്‍ട്രോള്‍ഡ് ആകുകയുള്ളു. ഇതുസംബന്ധിച്ച കേസ് എടുത്ത വിവരം ഉന്നത ഉദ്യോഗസ്ഥനെ അറിയിച്ചപ്പോള്‍ ശക്തമായ നടപടി എടുക്കണമെന്ന് തന്നെയാണ് അവരുടേയും നിര്‍ദേശം. ഉന്നതതല നിര്‍ദേശമുണ്ടെന്നും സിഐ പറഞ്ഞു. അജു അലക്‌സിന്റെ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.അവ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. പൊലീസ് നിയമപരമായാണ് എല്ലാ നടപടിയും സ്വീകരിച്ചിട്ടുള്ളത്. തെളിവെടുപ്പിന്റെ ഭാഗമായാണ് വീട്ടില്‍ പോയത്.