തിരുവനന്തപുരം: പത്താം ക്ലാസ് പഠനത്തിന് ശേഷം കൈയ്യില്‍ ഒന്നുമില്ലാതെ നാടുവിട്ട ഒരു 17-കാരന്‍, ഇന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാണ്. ബിജെപി നേതാവും. ചെങ്കല്‍ രാജശേഖരന്‍ നായര്‍ എന്ന ചെങ്കല്‍ രാജശേഖരന്റെ ജീവിതം ഒരു സിനിമാക്കഥയെ വെല്ലുന്ന പോരാട്ടത്തിന്റേതാണ്. മറുനാടന്‍ ഷാജനുമായി നടത്തിയ പോഡ്കാസ്റ്റിലാണ് അദ്ദേഹം തന്റെ കഠിനാധ്വാനത്തിന്റെ കഥകള്‍ വെളിപ്പെടുത്തിയത്.

നെയ്യാറ്റിന്‍കരയിലെ ചെങ്കല്‍ എന്ന ഗ്രാമത്തില്‍ നിന്നാണ് ഈ യാത്ര തുടങ്ങുന്നത്. പത്താം ക്ലാസ് കഴിഞ്ഞ് നേരെ തമിഴ്‌നാട്ടിലെ തൃശിനാപ്പിള്ളിയിലേക്കാണ് അദ്ദേഹം വണ്ടി കയറിയത്. അവിടെ ഒരു പഴക്കടയില്‍ പണിയെടുത്തായിരുന്നു ജീവിതം കെട്ടിപ്പടുത്തത്. പിന്നീട് അവിടുന്ന് സ്വപ്നങ്ങളുടെ നഗരമായ മുംബൈയിലേക്ക്. റെയില്‍വേ സ്റ്റേഷനുകളിലും തെരുവുകളിലും അന്തിയുറങ്ങി വിശപ്പടക്കിയ ആ നാളുകളാണ് തന്നെ കരുത്തനാക്കിയതെന്ന് രാജശേഖരന്‍ നായര്‍ പറയുന്നു.

ഷാജന്‍ സ്‌കറിയുമായി ചെങ്കല്‍ രാജശേഖരന്‍ നായര്‍ നടത്തി പോഡ്കാസ്റ്റ് ലിങ്ക് ചുവടെ

മുംബൈയിലെ ഹോട്ടലുകളില്‍ പണിയെടുത്തു തുടങ്ങിയ അദ്ദേഹം പിന്നീട് സ്വന്തമായി ഹോട്ടലുകള്‍ കെട്ടിപ്പടുത്തു. അവിടുത്തെ അധോലോക നായകനായിരുന്ന ദാവൂദ് ഇബ്രാഹിം പോലും തന്റെ ഹോട്ടലില്‍ വന്നിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. മുംബൈയിലെ കഠിനാധ്വാനം അദ്ദേഹത്തെ ഒരു വലിയ ബിസിനസുകാരനാക്കി മാറ്റി. തിരുവനന്തപുരത്തെ ശംഖുമുഖത്തും കോവളത്തും കവിടിയാറിലുമുള്ള വലിയ ഹോട്ടലുകളും കണ്‍വെന്‍ഷന്‍ സെന്ററുകളും ഇന്ന് അദ്ദേഹത്തിന്റെ വിജയത്തിന്റെ സാക്ഷ്യപത്രങ്ങളാണ്. സിനിമാ നടി രാധയാണ് ഭാര്യ.

താന്‍ ജനിച്ചുവളര്‍ന്ന ചെങ്കല്‍ എന്ന ഗ്രാമത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം തിരിച്ചു വന്നത്. ബ്രിട്ടീഷ് അധ്യാപകരെ കൊണ്ടുവന്ന് തന്റെ ഗ്രാമത്തിലെ കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിച്ചും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയും അദ്ദേഹം ഗ്രാമത്തെ ദത്തെടുത്തു. ബിജെപി നേതാവ് ഒ. രാജഗോപാലിന്റെ അനുയായിയായ പ്രവര്‍ത്തിച്ച അദ്ദേഹം ഇന്ന് എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുകയാണ്. താന്‍ ജയിക്കുകയാണെങ്കില്‍ തന്റെ ഗ്രാമത്തെ ഒരു മാതൃകാ ഗ്രാമമാക്കി മാറ്റുമെന്നാണ് അദ്ദേഹം നല്‍കുന്ന ഉറപ്പ്. വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അശരണരായ വിധവകള്‍ക്കും രോഗികള്‍ക്കും വേണ്ടി നിരവധി പദ്ധതികള്‍ അദ്ദേഹം ഇപ്പോള്‍ തന്നെ നടപ്പിലാക്കുന്നുണ്ട്. ഒരു ജനപ്രതിനിധി എന്ന നിലയില്‍ നാടിന് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ചെങ്കല്‍ രാജശേഖരന്‍ നായര്‍.

പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്നതായിരുന്നു ലക്ഷ്യം. നേരെ തമിഴ്‌നാട്ടിലെ തൃശിനാപ്പിള്ളിയിലേക്ക് പോയി. അവിടെ ഒരു പഴക്കടയില്‍ പണിയെടുത്താണ് ഞാന്‍ ആദ്യമായി കാശുണ്ടാക്കിയത് . അവിടുന്ന് മുംബൈയിലേക്ക്. കൈയ്യില്‍ കാശില്ലാത്തതുകൊണ്ട് റെയില്‍വേ സ്റ്റേഷനുകളിലും മുംബൈയിലെ തെരുവുകളിലും അന്തിയുറങ്ങിയിട്ടുണ്ട്. ആ കഷ്ടപ്പാടുകളാണ് എന്നെ ഇന്നത്തെ ഞാനാക്കി മാറ്റിയത്. മുംബൈയില്‍ ഹോട്ടലുകളില്‍ ജോലി ചെയ്തു.

പതുക്കെ പതുക്കെ സ്വന്തമായി ഹോട്ടലുകള്‍ തുടങ്ങി. എന്റെ ഹോട്ടലുകളില്‍ സിനിമാ താരങ്ങള്‍ മുതല്‍ പല പ്രമുഖരും വന്നിട്ടുണ്ട്. ഒരിക്കല്‍ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം പോലും എന്റെ ഹോട്ടലില്‍ വന്നിട്ടുണ്ട്. ബോംബെയിലെ എന്‍കൗണ്ടര്‍ കാലഘട്ടമൊക്കെ ഞാന്‍ നേരിട്ട് കണ്ടതാണ്-ഇതാണ് രാജശേഖരന്‍ നായര്‍ പറഞ്ഞത്.

ഷാജന്‍ സ്‌കറിയുമായി ചെങ്കല്‍ രാജശേഖരന്‍ നായര്‍ നടത്തി പോഡ്കാസ്റ്റ് ലിങ്ക് ചുവടെ