തിരുവനന്തപുരം: സഹകരണവകുപ്പില്‍ 700 കോടി രൂപയുടെ തട്ടിപ്പിന് നീക്കമെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സഹകരണ വകുപ്പില്‍ കേരളം കണ്ട ഏറ്റവും വലിയ ഒരു തട്ടിപ്പിന് കളമൊരുങ്ങുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നായ ടാറ്റ കണ്‍സള്‍ട്ടന്‍സിക്ക് നല്‍കാന്‍ സഹകരണവകുപ്പ് ധാരണയാക്കിയ, കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കായുള്ള പൊതു സോഫ്റ്റ് വെയര്‍ തയ്യാറാക്കാനുള്ള പദ്ധതി അതിന്റെ നാലിരട്ടിക്കു മേല്‍ തുകയ്ക്ക് ഈ രംഗത്ത് യാതൊരു മുന്‍പരിചയവുമില്ലാത്ത ദിനേശ് ബീഡി സഹകരണ സംഘത്തിന് കൈമാറുന്നവെന്നാണ് വെളിപ്പെടുത്തല്‍.

4415 പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് പൊതു സോഫ്റ്റ് വെയര്‍ സ്ഥാപിക്കുന്നതിന് ടിസിഎസിന് 206 കോടി രൂപയ്ക്ക് നല്‍കാന്‍ തീരുമാനിച്ച കരാറാണ് ദുരൂഹമായ സാഹചര്യത്തില്‍ റദ്ദാക്കി പുതുക്കിയ നിബന്ധനകളോടെ വീണ്ടും ടെണ്ടര്‍ വിളിച്ചത്. പുതുക്കിയ നിബന്ധനകള്‍ പ്രകാരം സിപിഎം നിയന്ത്രണത്തിലുള്ള കണ്ണൂരില്‍ നിന്നുള്ള രണ്ട് സഹകരണ സംഘങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. കേരള ദിനേശ് ബീഡി വര്‍ക്കേഴ്സ് സെന്‍ട്രല്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയും മലബാര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കോ ഓപ്പറേറ്റിവ് സൊസൈറ്റിയും. ഇതില്‍ ദിനേശ് ബീഡി സഹകരണ സംഘം നല്‍കിയ, 280 പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കു സോഫ്്റ്റ് വെയര്‍ നല്‍കാനുള്ള 58 കോടി രൂപയുടെ ബിഡ് ആണ് സര്‍ക്കാര്‍ അവാര്‍ഡ് ചെയ്യാന്‍ തയ്യാറെടുക്കുന്നത്. ഇതനുസരിച്ച് 4415 പ്രാഥമിക സഹകരണ സംഘങ്ങളില്‍ സോഫ്റ്റ് വെയര്‍ സ്ഥാപിക്കുമ്പോള്‍ 914 കോടിയോളം രൂപ ചിലവ് വരും. 206 കോടി രൂപയ്ക്ക് സോഫ്റ്റ് വെയര്‍ ഭീമമന്മാരായ ടിസിഎസ് 4415 സഹകരണ സംഘങ്ങളില്‍ സ്ഥാപിക്കാമെന്നേറ്റ പദ്ധതിയാണ് അതിന്റെ നാലിരട്ടിക്കു മേല്‍ തുകയ്ക്ക് ഈ രംഗത്ത് യാതൊരു മുന്‍പരിചയവുമില്ലാത്ത ദിനേശ് ബീഡി സഹകരണ സംഘത്തിന് കൈമാറുന്നത്. അതായത് ഈ പദ്ധതി നടപ്പാക്കിക്കഴിയുമ്പോള്‍ ഖജനാവിന് 700 കോടിയില്‍പരം രൂപയുടെ നഷ്ടം ഉണ്ടാകും. ഇതിന്റെ നടപടികള്‍ പൂര്‍ത്തിയാക്കി വെച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേകാനുമതിയോടെ ഈ ടെന്‍ഡര്‍ നല്‍കാനാണ് നീക്കം.

2016 മുതല്‍ കേന്ദ്ര റിസര്‍വ് ബാങ്കിന്റെയും NABARD-ന്റെയും മാനദണ്ഡങ്ങള്‍ അനുസരിച്ച് ഇന്ത്യയൊട്ടാകെ ഒരു ഏകീകൃത പൊതു ബാങ്കിങ് സോഫ്റ്റ് വെയര്‍ നടപ്പിലാക്കേണ്ടതാണ്. പൂര്‍ണമായും കേന്ദ്ര ഫണ്ട് ഉപയോഗിച്ചാണ് എല്ലാ സംസ്ഥാനങ്ങളും ഇത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആധുനിക വൈവിധ്യവല്‍ക്കരണങ്ങള്‍ അടക്കം നടത്തുന്ന കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങളുടെ ആവശ്യങ്ങള്‍ വിപുലമാക്കേണ്ടതുണ്ട് എന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ വികസിപ്പിച്ച പൊതു സോഫ്‌റ്റ്വെയര്‍ ഒഴിവാക്കി കേരളത്തിലെ പിണറായി സര്‍ക്കാര്‍ തനതു സോഫ്‌റ്റ്വെയര്‍ വികസിപ്പിക്കാന്‍ തീരുമാനിച്ചു. ഇക്കാര്യം പഠിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഒരു സമിതി സര്‍ക്കാര്‍ രൂപീകരിക്കുകയും ഇതിനനുസരിച്ച് ടെന്‍ഡര്‍ ക്ഷണിക്കുകയും ചെയ്തു. ലഭിച്ച ഏക ടെന്‍ഡറായ ടാറ്റാ കണ്‍സള്‍ട്ടന്‍സി (TCS) നെ കേന്ദ്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് 11.9.2023-ല്‍ തിരഞ്ഞെടുത്തു. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയോടെ 24.4.24-ന് TCS-ന്റെ ധനകാര്യ ബിഡ്ഡായ 206 കോടി രൂപയ്ക്ക്, 4415 പ്രാഥമിക സംഘങ്ങള്‍ക്കു അവയുടെ ബ്രാഞ്ചുകള്‍ ഉള്‍പ്പെടെ സോഫ്‌റ്റ്വെയറും മൈന്റെനന്‍സും നല്‍കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.

എന്നാല്‍ എല്ലാ മാനദണ്ഡങ്ങളും പിന്‍തുടര്‍ന്ന് TCS-ന് നല്‍കാന്‍ തീരുമാനിച്ച 206 കോടി രൂപയുടെ കരാര്‍, രാഷ്ട്രീയ ഇടപെടലുകളെ തുടര്‍ന്ന് റദ്ദാക്കുകയും, സഹകരണ വകുപ്പ് 3.4.2025-ന് പുതിയ കണ്‍സോര്‍ഷ്യത്തെ ക്ഷണിച്ചു കൊണ്ട് ഇ-ടെന്‍ഡര്‍ പുറപ്പെടുവിച്ചു. ജനുവരി 2026-ലെ പൊതുതിരഞ്ഞെടുപ്പിന് ഇടയിലുള്ള 2 മാസം കൊണ്ടാണ് ഏറെ തിരക്കിട്ട് ഇ-ടെന്‍ഡര്‍ മുഖേന പുതിയ കരാര്‍ നല്‍കാനുള്ള നടപടികള്‍ നടത്തിയത്. ഇതില്‍ ടിസിഎസ് പോലെയുള്ള കമ്പനികള്‍ക്ക് പങ്കെടുക്കാന്‍ കഴിയാത്ത രീതിയില്‍ വിചിത്രമായ നിബന്ധനകള്‍ ഏര്‍പ്പെടുത്തി. ആറുലക്ഷത്തോളം ജീവനക്കാരുള്ള ടിസിഎസിനെ ഈ പുതിയ ടെന്‍ഡറില്‍ പങ്കെടുപ്പിക്കാതിരിക്കാനുള്ള നിബന്ധനകളാണ് വെച്ചത്. കേരളത്തില്‍ ചുരുങ്ങിയത് 200 ജോലിക്കാര്‍ ഉണ്ടാകണം തുടങ്ങിയവയാണ് സര്‍ക്കാരിന്റെ പുതിയ ടെന്‍ഡര്‍ നിബന്ധനകള്‍.

ഇതനുസരിച്ച് കേരളത്തില്‍ നിന്ന് രണ്ട് സഹകരണസംഘങ്ങളാണ്, അതും കണ്ണൂരില്‍ നിന്നുമുളള സിപിഎം നിയന്ത്രണത്തിലുള്ള രണ്ട് സഹകരണ സംഘങ്ങളാണ് ബിഡ് സമര്‍പ്പിച്ചത്. മലബാര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സഹകരണ സംഘം, കേരള ദിനേശ് ബീഡി വര്‍ക്കേഴ്സ് കേന്ദ്ര സഹകരണ സംഘം എന്നിവര്‍. ഇതില്‍ 280 സംഘങ്ങള്‍ക്ക് സോഫ്റ്റ് വെയറും ഏഴു വര്‍ഷത്തേക്കുള്ള മെയിന്റനന്‍സിനുമായി ദിനേശ് ബീഡി സംഘം സമര്‍പ്പിച്ചത് നികുതിയടക്കം 58 കോടിയാണ്. മലബാര്‍ ഇന്‍ഫര്‍മേഷന്‍ ടെ്നോളജി സമര്‍പ്പിച്ചത് നികുതിയടക്കം 273 കോടി രൂപയുടെ ബിഡും.

പുതിയ ടെന്‍ഡര്‍ പ്രകാരമുള്ള സാങ്കേതിക വിശദാംശങ്ങളുടെ വിലയിരുത്തല്‍ 6.2.26-ന് അഡീഷണല്‍ രജിസ്ട്രാര്‍ പാര്‍വ്വതി നായരുടെ നേതൃത്വത്തിലുള്ള സമിതിയാണ് നടത്തിയത്. മലബാര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സഹകരണ സംഘം, കേരള ദിനേശ് ബീഡി വര്‍ക്കേഴ്സ് കേന്ദ്ര സഹകരണ സംഘം എന്നിങ്ങനെ 2 സാങ്കേതിക ഓഫറുകള്‍ പരിശോധന ചെയ്ത സമിതി മേല്‍പ്പറഞ്ഞ ഇരു സ്ഥാപനങ്ങളുടെയും ഓരോ സോഫ്‌റ്റ്വെയറുകള്‍ വീതം സാങ്കേതിക യോഗ്യത നേടിയതായി പ്രഖ്യാപിക്കുകയായിരുന്നു. നൂറു കണക്കിന് കോടി രൂപയുടെ മൂല്യമുള്ള സോഫ്‌റ്റ്വെയര്‍ കരാറില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 2 സഹകരണ സംഘങ്ങള്‍ മാത്രം പങ്കെടുത്തത് തീര്‍ത്തും ദുരൂഹമാണ്. 2025-ല്‍ TCS ഓഫര്‍ ചെയ്ത 206 കോടി രൂപയുടെ സ്ഥാനത്ത് പുതിയ കമ്പനികള്‍ക്ക് ടെന്‍ഡര്‍ നല്‍കിയത് പ്രകാരം ആകെ ചിലവ് 900 കോടിയില്‍പരം രൂപ വരുമെന്നാണ് കണക്ക്. അതായത് ഖജനാവിന് 700 കോടിയുടെ നഷ്ടം.

280 സഹകരണ സംഘങ്ങളിലേക്ക് സോഫ്‌റ്റ്വെയര്‍ നല്‍കുന്നതിനായി ദിനേശ് സഹകരണ സംഘം ക്വോട്ട് ചെയ്തിരിക്കുന്നത് 58 കോടി രൂപയാണ്. ഇതേ കണക്കില്‍ ബാക്കി വരുന്ന 4135 സഹകരണ സംഘങ്ങളില്‍ ഈ പ്രവര്‍ത്തനം വന്നു കഴിയുമ്പോള്‍ 900 കോടിയോളം ചിലവ് വരും എന്നാണ് അറിയുന്നത്. ഈ പ്രവര്‍ത്തനമാണ് കേവലം 206 കോടി രൂപയ്ക്ക് നല്‍കാമെന്ന് TCS വ്യക്തമാക്കിയിരുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങി തിടുക്കത്തില്‍ ഈ കരാര്‍ നടപ്പിലാക്കുന്നതിനുള്ള കൊണ്ടുപിടിച്ച തയ്യാറെടുപ്പിലാണ് സഹകരണ വകുപ്പ്. ഇത് ഭീമമമായ സാമ്പത്തിക അഴിമതി മാത്രമല്ല കേരളത്തിലെ എല്ലാ പാര്‍ട്ടികളുടെയും നിയന്ത്രണത്തിലുള്ള സഹകരണസംഘങ്ങളെയും കൈപ്പിടിയില്‍ ഒതുക്കാനുള്ള സിപിഎം നടത്തുന്ന പിന്‍വാതില്‍ ശ്രമം കൂടിയാണ്. കേരളത്തിലെ ജനം ഈ കിരാതഭരണത്തെ തൂത്തെറിയാന്‍ തയ്യാറെടുക്കുമ്പോള്‍ ഇറങ്ങിപ്പോകുന്നതിന് മുമ്പ് തീവെട്ടിക്കൊള്ള നടത്താനാണ് ഇവരുടെ ശ്രമം.

ഈ പശ്ചാത്തലത്തില്‍ 700 കോടി രൂപയുടെ അഴിമതി നടത്താനും കേരളത്തിലെ സഹകരണ സംഘങ്ങളെയാകെ സിപിഐഎമ്മിന്റെ നിയന്ത്രണത്തിലാക്കാനും സഹകരണ വകുപ്പ് നടത്തുന്ന ഈ അനധികൃത നീക്കം തടയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി ഇടപെടണം. ഈ വിഷയത്തില്‍ ഒരു കാരണവശാലും അംഗീകാരം നല്‍കരുത് എന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് കത്തു നല്‍കും. ഐക്യജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ ഉടന്‍ തന്നെ ഈ നടപടികള്‍ റദ്ദാക്കുകയും ചെയ്യും.