പാലക്കാട്: നെന്മാറ പോത്തുണ്ടി സജിത വധക്കേസില്‍ പ്രതി പോത്തുണ്ടി തിരുത്തമ്പാടം ബോയന്‍സ് നഗറിലെ ചെന്താമരയ്ക്ക് (53) ഇരട്ട ജീവപര്യന്തം ശിക്ഷ കോടതി വിധിക്കുന്നത് പ്രതിയ്ക്ക് മാനസിക പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് വ്യക്തമാക്കി. പ്രതി കുറ്റകൃത്യം ചെയ്യാന്‍ സാധ്യതയുണ്ട്. അതിനാല്‍ പരോള്‍ നല്‍കിയാല്‍ സാക്ഷികള്‍ക്കും ബന്ധപ്പെട്ടവര്‍ക്കും സുരക്ഷ നല്‍കണം. പ്രതി നന്നാകുമെന്ന പ്രതീക്ഷയില്ല. പരോള്‍ അനുവദിക്കുന്നതിലെ പ്രശ്‌നങ്ങള്‍ പോലും വ്യക്തമാക്കുന്നതാണ് വിധി. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ് കേസെന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ല. പ്രതി സൈക്കോ അല്ലെന്നും നിശ്ചയിച്ചുറപ്പിച്ച് കൊല നടത്തിയ ക്രൂരനാണെന്നും കോടതി പറഞ്ഞു. വാത്മീകിയെ പോലെ മാനസാന്താരത്തിന് അവസരം നല്‍കണമെന്ന് കോടതിയില്‍ പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇയാള്‍ വാത്മീകിയെ പോലെയാകുമെന്ന പ്രതീക്ഷയില്ലെന്നും കോടതി പറയുന്നു. മൂന്നേകാല്‍ ലക്ഷം രൂപയാണ് പ്രതി നഷ്ടപരിഹാരം നല്‍കേണ്ടത്. സജിയുടെ മക്കള്‍ എല്ലാ അര്‍ത്ഥത്തിലും അനാഥരാണ്. നഷ്ടപരിഹാരം നല്‍കേണ്ടത് അവര്‍ക്കാണ്. എന്നാല്‍ പ്രതി ഈ തുക നല്‍കുമോ എന്ന് കോടതിയ്ക്ക് ആശങ്കയുണ്ട്. ഈ സാഹചര്യത്തില്‍ ലീഗല്‍ സര്‍വ്വീസ് അഥോറിട്ടി കുട്ടികളുടെ പുനരധിവാസം ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു. മൂന്നേകാല്‍ ലക്ഷംരൂപപിഴയും വിധിച്ചിട്ടുണ്ട്. ഇതിന് പുറമെ തെളിവ് നശിപ്പിക്കലിന് അഞ്ച് വര്‍ഷം തടവും വിധിച്ചിട്ടുണ്ട്. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നതിനാല്‍ മൊത്തം ജീവപര്യന്തം തടവായി 14 വര്‍ഷവും പിഴയും ആണ് ശിക്ഷ. ശിക്ഷാ വിധി കേട്ട ചെന്താമരയ്ക്ക് അതിന് ശേഷവും മുഖത്ത് കുറ്റബോധമില്ല. ഒരു കൂസലുമില്ലാതെയാണ് ഇന്നും കോടതി നടപടികളുടെ ഭാഗമായത്.

പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി കെന്നത്ത് ജോര്‍ജാണ് വിധി പ്രസ്താവിച്ചത്. 2019 ഓഗസ്റ്റ് 31-ന് നടത്തിയ ആദ്യ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് ശിക്ഷ. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ചെന്താമര കഴിഞ്ഞ ജനുവരി 27-ന് സജിതയുടെ ഭര്‍ത്താവ് സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെയും വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഇതോടെയാണ് കുട്ടികള്‍ എല്ലാ അര്‍ത്ഥത്തിലും അനാഥരായത്. സജിത വധക്കേസില്‍ ചെന്താമരയുടെ പേരില്‍ പ്രോസിക്യൂഷന്‍ ആരോപിക്കുന്ന, കൊലപാതകം (ഐപിസി 302), തെളിവ് നശിപ്പിക്കല്‍(201), അതിക്രമിച്ച് കടക്കല്‍(449) തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതായി ചൊവ്വാഴ്ച കോടതി വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് വ്യാഴാഴ്ച ശിക്ഷയുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷനും പ്രതിഭാഗത്തിനും പറയാനുള്ളത് കോടതി കേട്ടത്. നിഷ്ഠൂരമായ കൊലപാതകമാണ് പ്രതി നടത്തിയതെന്നും നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നല്‍കണമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ എം.ജെ. വിജയകുമാര്‍ ആവശ്യപ്പെട്ടിരുന്നു. ജാമ്യത്തിലിറങ്ങിയ പ്രതി സാക്ഷികളെ ഭീഷണിപ്പെടുത്തിയതിനുപുറമേ മറ്റു രണ്ടുകൊലപാതകങ്ങള്‍കൂടി നടത്തിയിട്ടുണ്ട്. പ്രതി ദയ അര്‍ഹിക്കുന്നില്ലെന്നും പരമാവധിശിക്ഷയ്ക്ക് അര്‍ഹനാണെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു. പക്ഷേ അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമാണ് ഈ കൊലയെന്ന് കോടതി അപ്പോഴും നിലപാടില്‍ എത്തിയില്ല.

സജിത വധക്കേസില്‍ ജാമ്യം ലഭിച്ചതിനു പിന്നാലെ ചെന്താമര ഇരട്ട കൊലപാതകം നടത്തിയെന്ന കാര്യം സാക്ഷികള്‍ക്ക് ഭീഷണിയാണെന്നു പറഞ്ഞ പ്രോസിക്യൂഷന്‍, പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. 2019 ഓഗസ്റ്റ് 31നാണു സജിതയെ (35) പോത്തുണ്ടി തിരുത്തംപാടത്തെ വീടിനകത്തു കഴുത്തിനു പിന്നിലും തോളിലും വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് സുധാകരന്‍ തിരുപ്പൂരില്‍ ജോലിസ്ഥലത്തും മക്കള്‍ സ്‌കൂളിലുമായിരുന്നു. തന്റെ കുടുംബം തകര്‍ത്തതു സജിതയാണെന്ന അയല്‍വാസിയും ബോയന്‍ കോളനി സ്വദേശിയുമായ ചെന്താമരയുടെ സംശയമാണു കൊലപാതകത്തിലേക്കു നയിച്ചത് എന്നാണു പൊലീസിന്റെ കണ്ടെത്തല്‍. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്നും ഈ സംഭവത്തിനു മുന്‍പ് ഒരു പെറ്റിക്കേസില്‍പ്പോലും പ്രതിയാകാത്ത ആളാണ് ചെന്താമരയെന്നും പ്രതിഭാഗത്തിനുവേണ്ടി ഹാജരായ അഡ്വ. വി. ഷണ്മുഖാനന്ദന്‍ വാദിച്ചു.

സുപ്രീംകോടതിയുടെ മുന്‍വിധികളും ഇതിന് ആധാരമായി പ്രതിഭാഗം ഉന്നയിച്ചു. മറ്റു രണ്ടുകൊലപാതകങ്ങളെ ഈ കേസുമായി കൂട്ടിക്കുഴയ്ക്കരുതെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. വാത്മീകിയുടെ പരാമര്‍ശവും നടത്തി. എന്നാല്‍ വാത്മീകിയാകില്ലെന്ന് കോടതി മറ്റ് രണ്ടു കൊലകളുടെ പശ്ചാത്തലത്തില്‍ വിശദീകരിച്ചു. അയല്‍വാസിയായിരുന്ന നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയന്‍സ് നഗറിലെ സജിതയെ (35) ചെന്താമര വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍സ് കേസ്. ഭാര്യയും മകളും പിണങ്ങിപ്പോയതിനു പിന്നില്‍ സജിതയ്ക്കും പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. വീടിന്റെ പിറകുവശത്തുള്ള വാതിലിലൂടെ അകത്തുകയറിയാണ് സജിതയെ വെട്ടിയത്. മരണം ഉറപ്പാക്കിയ ശേഷം വീട്ടില്‍തിരിച്ചുവന്ന് വെട്ടാനുപയോഗിച്ച കത്തി അലമാരയ്ക്കടിയില്‍ ഒളിപ്പിക്കുകയും രക്തക്കറ പുരണ്ട ഷര്‍ട്ട് കത്തിച്ചുകളയുകയും ചെയ്തു. തുടര്‍ന്ന് പോത്തുണ്ടി വനമേഖലയില്‍ ഒളിച്ചുകഴിയുകയായിരുന്ന ചെന്താമരയെ രണ്ടുദിവസത്തെ തിരിച്ചിലിനൊടുവിലാണ് പിടികൂടിയത്.

ഈ കേസില്‍ ജാമ്യത്തില്‍ കഴിയവേ 2025 ജനുവരി 27നു സജിതയുടെ ഭര്‍ത്താവ് സുധാകരന്‍, അദ്ദേഹത്തിന്റെ അമ്മ ലക്ഷ്മി എന്നിവരെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണു ചെന്താമര. ഈ സംഭവത്തില്‍ പൊലീസിനെതിരെ കടുത്ത വിമര്‍ശനം ഉയരുകയും നെന്മാറ ഇന്‍സ്‌പെക്ടര്‍ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സസ്‌പെന്‍ഷനിലാവുകയും ചെയ്തിരുന്നു. നെന്മാറ പഞ്ചായത്ത് പരിധിയില്‍ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ച ചെന്താമര കൊല്ലപ്പെട്ടവരുടെ വീടിനു സമീപം താമസിച്ചിട്ടും ഇയാളുടെ ഭീഷണിയെക്കുറിച്ചു കുടുംബം പരാതിപ്പെട്ടിട്ടും നടപടിയെടുക്കാതിരുന്നതാണു പൊലീസിനെതിരെ വിമര്‍ശനത്തിനു കാരണമായത്. സജിത വധക്കേസിന്റെ വിചാരണ സമയത്തും പ്രതി കോടതിവളപ്പില്‍ ഭീഷണി മുഴക്കിയിരുന്നു.