- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സനാതന ധര്‍മ്മം കേവലം ഹിന്ദു മതത്തിന്റെ മാത്രം സ്വത്തല്ലെന്നും മറിച്ച് മുഴുവന്‍ ഭാരതീയരുടേതെന്ന് ഷാജന്‍ സ്‌കറിയ; മാധ്യമങ്ങള്‍ സനാതന ധര്‍മ്മത്തിന്റെ മാംസം കൊത്തിത്തിന്നാന്‍ കാത്തിരിക്കുന്ന കഴുകന്മാര്! ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിലെ മാധ്യമ വിചാരത്തില്‍ സംഭവിച്ചത്
കോഴഞ്ചേരി: മലയാള മാധ്യമങ്ങള്‍ സനാതനധര്‍മ്മത്തിന്റെ മാംസം കൊത്തിത്തിന്നാന്‍ കൊതിയോടെ കാക്കുന്ന കഴുകനെപ്പോലെയെന്ന് വിമര്‍ശനം. 113-ാമത് അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ മൂന്നാം ദിവസം നടന്ന മാധ്യമവിചാരം പരിപാടിയില്‍ മലയാള മാധ്യമങ്ങളുടെ വികലമായ നിലപാടുകള്‍ക്കെതിരെ നിശിതമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്:
മംഗളം മുന്‍ സ്പെഷ്യല്‍ കറസ്പോണ്ടന്റ് കൂടിയായ സജിത്പരമേശ്വരന്‍ സംയോജകനായ മാധ്യമ വിചാരം പരിപാടിയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരാണ് പങ്കെടുത്തത്. പണത്തിന്റെയും അധികാരത്തിന്റെയും സോഷ്യല്‍ മീഡിയ പിന്‍തുണയുടെയും ആവേശത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ സംഘടിത മത മുലധന ശക്തികളുടെയും ഇടത് ഇസ്ലാമിക ശക്തികളുടെയും താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന സാഹചര്യമാണുള്ളതെന്ന് എല്ലാ മാധ്യമ പ്രവര്‍ത്തകരും അഭിപ്രായപ്പെട്ടു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ആധ്യാത്മിക സംഗമമായ മഹാകുംഭമേള ആരംഭിച്ച് ദിവസങ്ങളോളം ഒരു വാര്‍ത്തയും അതെപ്പറ്റി പ്രസിദ്ധീകരിക്കാതിരുന്ന മലയാള മാധ്യമങ്ങള്‍, കുംഭമേളയ്ക്കിടെ ഒരു അപകടം ഉണ്ടായതോടെ അവിടെ പോയി ക്യംപ് ചെയ്യുകയാണെന്ന് മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയ പറഞ്ഞു. കുംഭമേളയിലെ വിശേഷങ്ങള്‍ മലയാളികളെ അറിയിക്കാനല്ല മറിച്ച് ഇനി ഒരപകടം ഉണ്ടായാല്‍ അത് ആഘോഷമാക്കുന്നതിനായാണ് അവര്‍ അവിടെ ക്യാംപ് ചെയ്യുന്നത്. ഹിന്ദു സമുഹത്തോട് ശത്രുതാപരമായ സമീപനമാണ് മാധ്യമങ്ങള്‍ സ്വീകരിക്കുന്നത്. ഹൈന്ദവര്‍ക്ക് സ്വധര്‍മ്മത്തെപ്പറ്റിയുള്ള അജ്ഞത മുതലെടുത്ത് ഹൈന്ദവ മൂല്യങ്ങളെ വികലമായി ചിത്രീകരിക്കാനാണ് ഒരു വിഭാഗം മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. സനാതന ധര്‍മ്മം കേവലം ഹിന്ദു മതത്തിന്റെ മാത്രം സ്വത്തല്ലെന്നും മറിച്ച് മുഴുവന്‍ ഭാരതീയരുടേതുമാണെന്നും ഷാജന്‍ സ്‌കറിയാ പ്രസംഗത്തില്‍ പറഞ്ഞു.
സനാതന ധര്‍മ്മത്തെ ഇകഴ്ത്തുന്നതിന് മാധ്യമങ്ങള്‍ക്കൊപ്പം ഇടത് ഇസ്ലാമിക ശക്തികളും ചില രാഷ്ട്രീയ സംഘടനകളും അതിശക്തമായ ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് എ ബി സി മലയാളം ന്യൂസ് ചീഫ് എഡിറ്റര്‍ വടയാര്‍ സുനില്‍ അഭിപ്രായപ്പെട്ടു. സനാതന ധര്‍മ്മത്തെ നിര്‍മ്മാര്‍ജനം ചെയ്യണമെന്ന അഭിപ്രായമാണ് തമിഴ്നാട് മുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും കേരളാ മുഖ്യമന്ത്രി പിണറായി വിജയനുമെല്ലാം ഉള്ളത്. ആര്‍ എസ് എസ് എന്ന് ആരോപിച്ച് മുഴുവന്‍ ഹൈന്ദവരെയും വംശഹത്യ ചെയ്യണമെന്നാണ് ഇക്കൂട്ടര്‍ ആഗ്രഹിക്കുന്നത്. ഒരാള്‍ ഈഴവനെന്നൊ നായരെന്നോ, നമ്പൂതിരി എന്നൊ പുലയന്‍ എന്നോ സ്വയം പരിചയപ്പെടുത്തിയാല്‍ ആര്‍ക്കും കുഴപ്പമില്ല. എന്നാല്‍ അയാള്‍ ഹിന്ദു എന്ന് പരിചയപ്പെടുത്തിയാല്‍ ഇക്കൂട്ടരുടെ ശത്രുവാകും.
മഹാരാജാസ് കോളേജിലെ എസ് എഫ് ഐക്കാരനായ വിദ്യാര്‍ത്ഥി അഭിമന്യു കൊല്ലപ്പെടുന്നതിന് ഒരാഴ്ച്ച മുന്‍പ് ഇസ്ലാമിസ്റ്റുകള്‍ ആര്‍ എസ് എസ്സിന്റെ പേര് പറഞ്ഞ് മുഴുവന്‍ ഹിന്ദുക്കളേയുമാണ് ലക്ഷ്യമിടുന്നതെന്ന് ഫെയ്സ് ബുക്കില്‍ എഴുതിയിരുന്നു. സ്വന്തം മനസാക്ഷിയ്ക്കനുസരിച്ച് സത്യസന്ധമായി അഭിപ്രായങ്ങള്‍ പറയുന്നവരെ പിന്‍തുണക്കാന്‍ ആളില്ല. എന്നാല്‍ മനസാക്ഷിയെയും സത്യത്തെയും മാറ്റി വച്ചല്‍ ഇപ്പോള്‍ സന്ദീപ് വാര്യര്‍ക്ക് ലഭിച്ചതു പോലെ വലിയ സ്വീകാര്യത ലഭിക്കുമെന്നും വടയാര്‍ സുനില്‍ അഭിപ്രായപ്പെട്ടു
ജന്മഭുമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍, മാതൃഭൂമി മുന്‍ ജില്ലാ ലേഖകന്‍ എസ്.ഡി വേണുകുമാര്‍, സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനായ ജി.കെ കൃഷ്ണഗോപാല്‍, എ.കെ.അനുരാജ്, എം.അയ്യപ്പന്‍കുട്ടി, കെ. ശ്രീജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.