പത്തനംതിട്ട: രണ്ടരക്കോടി രൂപയുടെ ക്രമക്കേട് നടത്തിയതിന് അറസ്റ്റിലായി ജയില്‍വാസം കഴിഞ്ഞു വന്ന സഹകരണസംഘം സെക്രട്ടറിയെ തിരിച്ചെടുത്ത് താല്‍ക്കാലിക അഡ്മിനിസ്ട്രേറ്റര്‍. നിക്ഷേപകരുടെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി തിരിച്ചെടുത്ത നടപടി റദ്ദാക്കി. റാന്നി ഇടമണ്‍ ചേത്തയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്കിലാണ് വിചിത്രമായ സംഭവ വികാസങ്ങള്‍ അരങ്ങേറിയത്. മുന്‍ സെക്രട്ടറി ഏബ്രഹാം ജേക്കബിനെയാണ് താല്‍ക്കാലിക അഡ്മിനിസ്ട്രേറ്റര്‍ അതേ പദവിയില്‍ നിയമിച്ചത്. ഈ നടപടിയാണ് ജസ്റ്റിസ് ഡി.കെ. സിങ് റദ്ദാക്കി വിധി പ്രഖ്യാപിച്ചത്. ഇയാളെ എല്ലാ ചുമതലകളില്‍ നിന്നും ഒഴിവാക്കാന്‍ കോടതി നിര്‍ദേശിച്ചു. സഹകരണ സംഘത്തിലെ നിക്ഷേപരായ പി.എസ്. അനു, ശോഭന പ്രകാശ് എന്നിവര്‍ അഡ്വ. വി. സേതുനാഥ്, വി.ആര്‍. മനോരഞ്ജന്‍ എന്നിവര്‍ മുഖേനെ നല്‍കിയ ഹര്‍ജി അനുവദിച്ചു കൊണ്ടാണ് ഉത്തരവ്.

2.50 കോടി രൂപയുടെ ക്രമക്കേടാണ് ചേത്തയ്ക്കല്‍ സര്‍വീസ് സഹകരണ സംഘത്തില്‍ നടന്നത്. സെക്രട്ടറിയെയും പ്രസിഡന്റ് അടക്കം ഭരണ സമിതിയെയും പ്രതികളാക്കി 10 ക്രിമിനല്‍ കേസുകള്‍ വെച്ചൂച്ചിറ പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മുഴുവന്‍ പ്രതികളും മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി തളളി. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ നടത്തിയ വകുപ്പ് 65 തല അന്വേഷണത്തിലാണ് ക്രമക്കേട് പുറത്തു വന്നത്. ഇതിന്റെ ആഴം മനസിലാക്കിയ ഹൈക്കോടതി 83 വയസുള്ള വൈസ് പ്രസിഡന്റിന്റെ ഒഴികെ എല്ലാ പ്രതികളുടെയും മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളുകയായിരുന്നു.

പ്രായാധിക്യമാണ് വൈസ് പ്രസിഡന്റിനെ ഒഴിവാക്കാന്‍ കാരണമായത്. സെക്രട്ടറി അടക്കം ജയില്‍ വാസം അനുഭവിച്ചു. ക്രമക്കേട് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ സഹകരണ വകുപ്പ് ഭരണ സമിതി പിരിച്ചു വിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തി. തുടര്‍ന്നാണ് സകലരെയും ഞെട്ടിച്ചു കൊണ്ട് ക്രമക്കേട് നടത്തിയതിന് അറസ്റ്റിലായ സെക്രട്ടറിയെ തിരിച്ചെടുത്തത്. ഇതാണ് നിക്ഷേപകരായ രണ്ടു പേര്‍ കോടതിയില്‍ ചോദ്യം ചെയ്തത്.

ചേത്തയ്ക്കല്‍ ബാങ്കിനെതിരേ ഉയര്‍ന്ന പരാതി അട്ടിമറിക്കാന്‍ സഹകരണ സംഘം ഉദ്യോഗസ്ഥരില്‍ നിന്നു ശ്രമമുണ്ടായി. കിട്ടിയ പരാതിക്ക് മുകളില്‍ ആറു മാസത്തോളം സഹകരണ വകുപ്പ് അടയിരുന്നു. ഇതിനിടെ കണക്കുകളില്‍ കൃത്രിമത്വം വരുത്താനും വ്യാജരേഖകള്‍ നിര്‍മിക്കാനും ബാങ്ക് അധികൃതര്‍ക്ക് കഴിഞ്ഞു. ഇത് കോടതിയുടെ നിശിത വിമര്‍ശനത്തിന് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് അഴിമതിക്കാരനായ സെക്രട്ടറിയെ തിരികെ നിയമിച്ചത്.

കോടികളുടെ ക്രമക്കേട് നടത്തിയെന്ന് ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയ ഒരാളെ വീണ്ടും സെക്രട്ടറി സ്ഥാനത്തേക്ക് അവരോധിക്കാന്‍ താല്‍ക്കാലിക അഡ്മിനിസ്ട്രേറ്റര്‍ക്ക് കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. അയാള്‍ നിക്ഷേപകരുടെ പണം ക്രമക്കേട് നടത്തിയ ആളാണ്. അതിന്റെ പേരില്‍ ജയിലിലും കിടക്കേണ്ടി വന്നു. വിചാരണ നടന്നു കൊണ്ടിരിക്കുകയാണ്. അങ്ങനെയൊരാളെ വീണ്ടും ബാങ്കിന്റെ ഫണ്ട് കൈകാര്യം ചെയ്യാന്‍ അനുവദിക്കാന്‍ കഴിയില്ല. ബാങ്കിങ് രാജ്യ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലാണ്.

തങ്ങളുടെ ഇടപാടുകാരുടെ വിശ്വസ്തരായി വേണം ബാങ്ക് ഉദ്യോഗസ്ഥര്‍ ജോലി ചെയ്യാന്‍. അവര്‍ അതില്‍ വീഴ്ച വരുത്തിയാല്‍ അവരെ ഏല്‍പ്പിച്ചിരിക്കുന്ന പൊതുജനങ്ങളോടുള്ള കടമകളും കര്‍ത്തവ്യങ്ങളും ഇല്ലാതാവുകയാണ് അതു കൊണ്ട് തന്നെ നിക്ഷേപകരുടെ ഹര്‍ജി നിലനില്‍ക്കുമെന്നും കോടതി നിരീക്ഷിച്ചു. തട്ടിപ്പു നടത്തിയ ഒരാളെ വീണ്ടും ആ ജോലിയിലേക്ക് തിരികെ എടുക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ കോടതി ഇയാളെ എല്ലാ ചുമതലകളില്‍ നിന്നും ഒഴിവാക്കുവെന്നും പ്രസ്താവിച്ചു.