കോഴിക്കോട് : കോഴിക്കോട് ഫറോക്ക് പുതിയ പാലത്തില്‍നിന്ന് ചാടി ആത്മഹത്യചെയ്യാന്‍ ശ്രമിച്ച യുവാവിനെ മാറാട് പൊലീസ് അനുനയിപ്പിച്ച് പിന്തിപ്പിരിച്ചത് വൈറലായിരുന്നു. വീണ്ടും കോഴിക്കോട് നിന്നും അത്തരമൊരു നന്മ വാര്‍ത്ത. ഇതിന്റെ വിശദാംശങ്ങള്‍ പോലീസ് പൂര്‍ണ്ണമായും പുറത്തു വിട്ടിട്ടില്ല. യുവതിയുടെ വിവരങ്ങള്‍ പുറത്തു വരാതിരിക്കാന്‍ ആണ് ഇത്. ഏതായാലും സമയോചിത ഇടപെടല്‍ ഒരു ജീവന്‍ രക്ഷിച്ചു.

തിരുവോണപ്പിറ്റേന്ന് അര്‍ധരാത്രിയാണ് ചേവായൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് ഒരു സ്ത്രീയുടെ ഫോണ്‍ സന്ദേശമെത്തിയത്. എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിന് സമീപം താമസിക്കുന്ന സുഹൃത്തായ യുവതി ജീവനൊടുക്കാന്‍ പോകുന്നുവെന്നായിരുന്നു അത്. യുവതിയുടെ വീട് കൃത്യമായി അറിയില്ലെന്നും പറഞ്ഞു. ഇതോടെ പോലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. അതിവേഗം ആ യുവതിയെ കണ്ടെത്തി. ആത്മഹത്യയില്‍ നിന്നും രക്ഷപ്പെടുത്തിയെന്നാണ് പുറത്തു വിട്ട വിവരം. പോലീസിനെതിരെ മര്‍ദ്ദന കഥകള്‍ നിറയുമ്പോഴാണ് ഈ കഥ പോലീസിനുള്ളില്‍ നിന്നും പുറത്തു വരുന്നത്.

പോലീസ് സ്‌റ്റേഷനില്‍ വന്ന ഫോണ്‍ സന്ദേശമാണ് നിര്‍ണ്ണായകമായത്. രാത്രി സ്റ്റേഷന്‍ ചുമതലയുണ്ടായിരുന്ന സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ വിജേഷ് വിവരം മൊബൈല്‍ പട്രോളിങ് ഓഫീസര്‍ക്ക് കൈമാറി. വേങ്ങേരി ഭാഗത്ത് പട്രോളിങ്ങിലുള്ള എസ് ഐ സജീവ്കുമാറും സിപിഒ വിജിനേഷും സൈബര്‍ സെല്ലിന്റെ സഹായത്തോടെ യുവതിയുടെ വീടിന്റെ ലൊക്കേഷന്‍ 600 മീറ്റര്‍ ചുറ്റളവിലാണെന്ന് മനസ്സിലാക്കി. പോക്കറ്റ് റോഡുകളിലൂടെ സഞ്ചരിച്ച് ഒരു വീട്ടിലെത്തി കാര്യം പറഞ്ഞു. പരിസരം അറിയാവുന്ന ഗൃഹനാഥനെയും കൂട്ടി പൊലീസുകാര്‍ യുവതിയുടെ വീടുകണ്ടെത്തി. യുവതിയെ കുറിച്ചുള്ള സൂചനകള്‍ ഫോണ്‍ സന്ദേശത്തിലുണ്ടായിരുന്നു. അതുകൊണ്ടാണ് ഇത് സാധിച്ചത്.

അര്‍ധരാത്രി കോളിങ് ബെല്‍ ശബ്ദംകേട്ട് വാതില്‍ തുറന്നവീട്ടുകാര്‍ പൊലീസുകാരെ കണ്ട് ഞെട്ടി. മകളെ തിരക്കി പൊലീസ് എത്തിയതറിഞ്ഞപ്പോള്‍ പരിഭ്രമമം ഇരിട്ടിച്ചു. പിന്നീട് മുകളിലെ കിടപ്പുമുറിയുടെ വാതില്‍ തുറന്ന് യുവതി പുറത്തേക്കുവന്നു. ഇതോടെ ഏവര്‍ക്കും സമാധാനമായി. വീട്ടുകാരെ കാര്യങ്ങള്‍ പോലീസ് ബോധ്യപ്പെടുത്തി. ഇതോടെ വീട്ടുകാര്‍ക്കും ആശ്വാസമായി. ആത്മഹത്യ ചെയ്യാനൊരുങ്ങിയ മകള്‍ ജീവിതത്തിലേക്ക് തിരികെവന്നത് പൊലീസിന്റെ ഇടപെടലിലാണെന്ന് വീട്ടുകാര്‍ തിരിച്ചറിഞ്ഞു.

ആ കുടുംബം പൊലീസിന് നന്ദി അറിയിച്ചു. യുവതി കടുത്ത മാനസിക സംഘര്‍ഷത്തിലാണെന്ന് പൊലീസിന് ബോധ്യമായി. കൗണ്‍സലിങ്ങിനുള്ള നിര്‍ദേശങ്ങളും നല്‍കിയാണ് പൊലീസ് സംഘം മടങ്ങിയത്.