- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരുവന്നൂര്‍ ഭരിച്ചു മുടിച്ച സിപിഎമ്മിനെ വിശ്വാസമില്ല; ഭരണം വളഞ്ഞ വഴിയിലൂടെ പിടിച്ചെടുത്തതോടെ പണം പോകുമോയെന്ന ഭീതിയും ശക്തം; കൂട്ടത്തോടെ പണം പിന്‍വലിച്ച് നിക്ഷേപകര്‍; സിപിഎം പേടി കലശലായതോടെ ചേവായൂര്‍ സഹകരണ ബാങ്കിന്റെ നിലനില്‍പ്പ് തന്നെ ഭീഷണിയില്‍
കരുവന്നൂര്‍ ഭരിച്ചു മുടിച്ച സിപിഎമ്മിനെ വിശ്വാസമില്ല
കോഴിക്കോട്: സിപിഎം ദുര്‍ഭരണം കാരണം മുടിഞ്ഞു പോയ സഹകരണ ബാങ്കുകളില്‍ പ്രധാനപ്പെട്ടത് തൃശ്ശൂരിലെ കരുവന്നൂര്‍ സഹകരണ ബാങ്കാണ്. ഇവിടെ പണം നഷ്ടമായ നിക്ഷേപര്‍ക്ക് ഇപ്പോഴും പണം കിട്ടിയിട്ടില്ല. ഇതിനിടൊണ് 60 വര്‍ഷത്തോടെ കോണ്‍ഗ്രസ് ഭരിച്ചിരുന്ന കോഴിക്കോട്ടെ ചേവായൂര്‍ ബാങ്കും സിപിഎം വളഞ്ഞ വഴിയില്‍ പിടിച്ചെടുത്തത്. ഇതോടെ നല്ലരീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ സ്ഥാപനം കടുത്ത ആശങ്കയിലാണ്. തെരഞ്ഞെടുപ്പു അട്ടിമറിച്ചാണ് ഇവിടെ സിപിഎം ഭരണം പിടിച്ചത്. ഇതിനെതിരെ കോണ്‍ഗ്രസ് നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ്. ഇതിനിടെ തങ്ങളോട് സഹകരിക്കാത്തവരോട് സഹകരിക്കാന്‍ തങ്ങളും തയ്യാറല്ലെന്ന് വി ഡി സതീശന്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇകതോടെ നിക്ഷേപകര്‍ കൂട്ടത്തോടെ എത്തി പണം പിന്‍വലിക്കുകയും ചെയത്ു. ഇന്നും ഇതേ ശൈലി തുടരാനാണ് സാധ്യത.
ചേവായൂര്‍ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ ബാങ്കിന്റെ വിവിധ ശാഖകളില്‍നിന്നു നിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലിച്ചു തുടങ്ങിയത്. പാറോപ്പടി ബ്രാഞ്ചില്‍നിന്ന് 60 ലക്ഷവും ചേവായൂര്‍ ബാങ്ക് ഹെഡ് ഓഫിസില്‍നിന്ന് ഒരു കോടി രൂപയും പിന്‍വലിക്കണമെന്ന ആവശ്യവുമായി നിക്ഷേപകരെത്തി. മറ്റു ബ്രാഞ്ചുകളിലും പണം പിന്‍വലിക്കുകയാണെന്നറിയിച്ച് നിരവധിപ്പേര്‍ എത്തിയിട്ടുണ്ട്. ബാങ്കില്‍ പണമില്ലാത്തതിനാല്‍ പലരോടും അടുത്ത ദിവസം വരാന്‍ പറഞ്ഞ് മടക്കി അയച്ചു.
ജനാധിപത്യവിരുദ്ധമായ തിരഞ്ഞെടുപ്പാണെന്നും ഫലം അംഗീകരിക്കില്ലെന്നും കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. എന്നാല്‍ പാര്‍ട്ടി ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനമെടുത്തില്ല. പാര്‍ട്ടിയുടെ ആഹ്വാനം ഇല്ലാതെയാണ് നിരവധി നിക്ഷേപകര്‍ പണം പിന്‍വലിക്കാന്‍ എത്തിയതെന്ന് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ പറഞ്ഞു.
വരും ദിവസങ്ങളില്‍ നിക്ഷേപം പിന്‍വലിക്കുന്നത് വര്‍ധിക്കും. തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നാളെ ഹര്‍ജി ഫയല്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനും അക്രമത്തിനും പൊലീസ് ഒത്താശ ചെയ്തുവെന്നാണ് കോണ്‍ഗ്രസിന്റെ പ്രധാന ആരോപണം. പോളിങ് ഏജന്റുമാരെ വരെ അകത്തേക്കു കടക്കാന്‍ സമ്മതിച്ചില്ല. ബൂത്തിനകത്തു തിരിച്ചറിയല്‍ കാര്‍ഡുകള്‍ വലിച്ചുകീറി. കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അംഗത്തിന്റെ വോട്ടു പോലും കള്ളവോട്ടു ചെയ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ അക്രമങ്ങള്‍ നടക്കുമ്പോള്‍ എസിപിയുടെ നേതൃത്വത്തില്‍ പൊലീസുകാര്‍ നിഷ്‌ക്രിയരായി നോക്കിനിന്നു. അതിക്രമമുണ്ടായപ്പോള്‍ പൊലീസ് ശ്രമിച്ചത് വോട്ടര്‍മാരെ വോട്ടുചെയ്യാന്‍ അനുവദിക്കാതെ തിരിച്ചുവിടാനാണ്. കള്ളവോട്ടു ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കാന്‍ തയാറായില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു. കോണ്‍ഗ്രസ് പുറത്താക്കിയ വിമതര്‍ സിപിഎം പിന്തുണയോടെ കോണ്‍ഗ്രസിനെതിരെയാണ് മത്സരിച്ചത്. വിമത പക്ഷം വോട്ടെടുപ്പില്‍ ജയിച്ചു.
അതേസമയം സിപിഎമ്മിനാവട്ടെ ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ ലോട്ടറിയാണ്, ഈ നേട്ടം. പക്ഷേ ബാങ്ക് കൈയില്‍ നിന്ന് പോയതോടെ യുഡിഎഫ് പ്രവര്‍ത്തകര്‍ ഭരണസമിതിക്ക് എട്ടിന്റെ പണി കൊടുത്തിരിക്കയാണ്. യുഡിഎഫ് അനുകൂല നിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലിക്കാന്‍ എത്തിയതാണ് ബാങ്കിന് തിരിച്ചടിയായത്.
61 വര്‍ഷമായി കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്കാണ് കോണ്‍ഗ്രസ് വിമതരും സിപിഎമ്മും ചേര്‍ന്ന് പിടിച്ചെടുത്തിരിക്കയാണ്. ജനാധിപത്യ സംരക്ഷണ സമിതി എന്ന പേരില്‍ സിപിഎം പിന്തുണയോടെ മത്സരിച്ച കോണ്‍ഗ്രസ് വിമതരാണ് ബാങ്ക് ഭരണം പിടിച്ചെടുത്തത്. ജി സി പ്രശാന്ത് കുമാര്‍ ചെയര്‍മാനായി തുടരും. 11 സീറ്റിലേക്കായി നടന്ന മത്സരത്തില്‍ വിജയിച്ചവരില്‍ ഏഴുപേര്‍ കോണ്‍ഗ്രസ് വിമതരും നാലുപേര്‍ സിപിഎം പ്രവര്‍ത്തകരുമാണ്.
എന്നാല്‍ വ്യാപകമായ കള്ളവോട്ടും കൃത്രിമവും നടത്തിയാണ് ബാങ്ക് പിടിച്ചെടുത്തത് എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ശനിയാഴ്ച വലിയ സംഘര്‍ഷമാണ് പോളിങ്് കേന്ദ്രമായ പറയഞ്ചേരി സ്‌കൂളിനുമുന്നില്‍ നടന്നത്. വോട്ടെടുപ്പിനിടെ വോട്ടര്‍മാരെ എത്തിക്കുന്ന വാഹനത്തിന് നേരെ നേരത്തെ കല്ലേറ് ഉണ്ടായിരുന്നു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത പൊലീസ് സുരക്ഷയിലാണ് വോട്ടെടുപ്പ് നടന്നത്. എം.കെ. രാഘവന്‍ എം.പിയ്ക്ക് നേരെയും കയ്യേറ്റമുണ്ടായി.
കോണ്‍ഗ്രസിന് നഷ്ടം കോടികള്‍
കോഴിക്കോട് ജില്ലയിലെ ആദ്യ സൂപ്പര്‍ക്ലാസ് ബാങ്കാണ് ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക്. 100 കോടിയുടെ ആസ്തിയും 504 കോടി നിക്ഷേപവുമുള്ള ബാങ്ക് 224 കോടി രൂപയാണ് ലോണ്‍ നല്‍കിയിട്ടുള്ളത്. എട്ട് ബ്രാഞ്ചും മൂന്ന് സൂപ്പര്‍ മാര്‍ക്കറ്റും മൂന്ന് നീതി മെഡിക്കല്‍ സ്റ്റോറുകളും സഞ്ചരിക്കുന്ന എ.ടി.എം. കോര്‍ബാങ്കിങ് സംവിധാനവും ഉള്ള ബാങ്കിന് തൊണ്ടയാട് 65 സെന്റ് സ്ഥലവും പാറോപ്പടിയിലും കോവൂരിലും സ്വന്തമായി ഭൂമിയും കെട്ടിടവുമുണ്ട്.
ചേവായൂര്‍, നെല്ലിക്കോട്, കോവൂര്‍, കോട്ടൂളി, പറയഞ്ചേരി എന്നീ അഞ്ച് സ്ഥലങ്ങളിലാണ് ബാങ്കിന് കീഴിലുള്ള ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നത്. 36000-ത്തില്‍ അധികം എ ക്ലാസ് മെമ്പര്‍ ഉള്ള ബാങ്കിന്റെ ഭരണ സമിതി തിരഞ്ഞെടുപ്പില്‍ 8500 മെമ്പര്‍മാരാണ് വോട്ട് ചെയ്തത്. ജില്ലയിലെ തന്നെ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള ബാങ്കുകളിലൊന്നാണിത്.
ഈ ബാങ്ക് കോണ്‍ഗ്രസിന് നഷ്ടപ്പെടാന്‍ കാരണമായി പറയപ്പെടുന്നത് നേതാക്കളുടെ ഈഗോ തന്നെയാണ്. ബാങ്ക് ചെയര്‍മാന്‍ ജി സി പ്രശാന്ത് കുമാറിന്റെ നേതൃത്വത്തില്‍ നല്ലരീതിയില്‍ ബാങ്ക് ഭരണം മുന്നോട്ട് പോയ്ക്കൊണ്ടിരിക്കേ പാര്‍ട്ടിനേതൃത്വത്തിലെ ചിലര്‍ അനാവശ്യമായി ഇടപെട്ടതാണ് പ്രശ്നമായത്. ബാങ്ക്് ഭരണത്തില്‍ കോണ്‍ഗ്രസ് നേതൃത്വം അനാവശ്യമായി ഇടപെടുന്നതായിരുന്നു ഭരണസമിതിയെ പിന്തുണയ്ക്കുന്നവരെ പ്രകോപിപ്പിച്ചത്.
കെപിസിസി ജന. സെക്രട്ടറി കെ ജയന്തിന്റെ നേതൃത്വത്തില്‍ ഭരണസമിതിക്കെതിരെ നിരന്തര നീക്കങ്ങളുണ്ടായി. ഇതിന് പിന്തുണ നല്‍കുന്ന തരത്തിലായിരുന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ എന്നിവരുടെ ഏകപക്ഷീയമായ തീരുമാനങ്ങളും. സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര നീക്കങ്ങള്‍ക്കെതിരെ ഇടതു നേതാക്കള്‍ക്കൊപ്പം ബാങ്ക് ചെയര്‍മാന്‍ ജി സി പ്രശാന്ത് കുമാര്‍ പങ്കെടുത്തതാണ് ഡിസിസി നേതൃത്വത്തിന് നീരസമുണ്ടാക്കിയത്.