തിരുവനന്തപുരം: ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ (ബിഎല്‍ഒ) ജോലി തടസ്സപ്പെടുത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍. ഇതുസംബന്ധിച്ച് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ബിഎല്‍ഒമാര്‍ക്ക് ജോലിക്കിടെ തടസ്സം നേരിടുകയാണെങ്കില്‍ പോലീസിന്റെ സഹായം ലഭ്യമാക്കണം. അവരെ ജനസേവകരായിക്കണ്ട് പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം പുരോഗമിക്കുകയാണെന്ന് രത്തന്‍ യു. ഖേല്‍ക്കര്‍ പറഞ്ഞു. എന്യൂമറേഷന്‍ ഫോം ആദ്യഘട്ടം പൂര്‍ത്തിയാകുന്നു. ഇതുവരെ 97% കൂടുതല്‍ ഫോം വിതരണം ചെയ്തു. ഫോം വിതരണം ബാക്കിയുള്ളത് നഗര പ്രദേശങ്ങളിലാണ്. ബിഎല്‍ഒമാര്‍ ഫോം തിരികെ വാങ്ങുന്നതാണ് അടുത്ത നടപടിയെന്നും രത്തന്‍ യു. ഖേല്‍ക്കര്‍ വ്യക്തമാക്കി. ബൂത്ത് ലെവല്‍ അടിസ്ഥാനത്തില്‍ ക്യാംപ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുവരെ അഞ്ച് ലക്ഷത്തോളം ഫോമുകള്‍ ഡിജിറ്റലാക്കി മാറ്റാന്‍ സാധിച്ചിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

'ബിഎല്‍ഒമാര്‍ക്കാണ് പ്രധാന ചുമതല. ഭരണഘടനാ പോസ്റ്റാണ് ബിഎല്‍ഒമാര്‍ക്ക് നല്‍കിയിട്ടുള്ളത്. ഒരാളെ ഒരു പ്രാവിശ്യം നിയമിച്ചാല്‍ മുഴുവന്‍ നിയന്ത്രണവും ഇലക്ഷന്‍ കമ്മീഷനാണ്. നിയമപ്രകാരമാണ് എല്ലാ നടപടികളും നടക്കുന്നത്. ഇത് പ്രകാരം ജോലിയില്‍ വിട്ട് വീഴ്ച ഉണ്ടാകാന്‍ പാടില്ല. ബിഎല്‍ഒമാരുടെ പ്രവര്‍ത്തന മികവ് കൊണ്ടാണ് എസ്‌ഐആര്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നത്. മലപ്പുറത്തും ഇടുക്കിയിലും ബിഎല്‍ഒമാരുടെ ജോലി തടസപ്പെടുത്താന്‍ ശ്രമം ഉണ്ടായി. പ്രവര്‍ത്തനം തടസപ്പെടുത്തിയാല്‍ ശക്തമായ നടപടി എടുക്കും. 10 വര്‍ഷം വരെ തടവ് ലഭിക്കുന്ന ശിക്ഷയാണ് ലഭിക്കുക', രത്തന്‍ യു. ഖേല്‍ക്കര്‍.

സൈബര്‍ ഇടങ്ങളിലും ബിഎല്‍ഒമാര്‍ക്ക് നേരെ ആക്രമണം ഉണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിലും ശക്തമായ നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. ബിഎല്‍ഒ-ബിഎല്‍എമാരുടെ യോഗം ചേരും. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും കേള്‍ക്കും. ബിഎല്‍ഒമാര്‍ക്ക് പ്രയാസം ഉണ്ടെങ്കില്‍ സഹായിക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.

നിലവിലെ തിരഞ്ഞെടുപ്പ് നിയമങ്ങള്‍ക്കും ഭരണഘടനാ വിധികള്‍ക്കും അനുസരിച്ച് മാത്രമാണ് വോട്ടര്‍പട്ടിക തീവ്രപരിശോധന നടക്കുന്നത്. ഇതില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിക്കും വിട്ടുവീഴ്ചയില്ലല്ലെന്നും അദ്ദേഹം പറഞ്ഞു. ബിഎല്‍ഒമാരുടെ പേരില്‍ തെറ്റിദ്ധാരണപരത്തല്‍, വ്യാജ ആരോപണങ്ങള്‍, സൈബറാക്രമണം എന്നിവ നടത്തുന്നവര്‍ക്കെതിരേ ഐടി ആക്ട് പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.