- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ഇനിയും വളര്‍ത്ത് കുറേ പട്ടികളെ; കുഞ്ഞുങ്ങളെ ചികിത്സിക്കുന്ന ആശുപത്രി വരെ നായ്ക്കള്‍ കയറി ഇറങ്ങുവാണ്; അവിടെ വേസ്റ്റ് ഇടല്ലേ എന്ന് പറഞ്ഞതാണ്; അത് തിന്നാന്‍ വന്ന പട്ടികളാണ് എന്റെ കുഞ്ഞിനെ കടിച്ച് കീറിയത്; ഞാന്‍ ഓടി ചെല്ലുമ്പോ എന്റെ കുഞ്ഞിനെ കടിച്ച് കീറുവായിരുന്നു; എന്റെ കുഞ്ഞിന് ഇല്ലാത്ത സ്ഥാനമാണ് പട്ടിക്ക്; നെഞ്ചുപൊട്ടി നിയയുടെ അമ്മ; മൃതദേഹം വീട്ടില്‍ എത്തിക്കില്ല
തിരുവനന്തപുരം: തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസ്സുള്ള നീയ ഫൈസലിന്റെ മരണം നഗരത്തെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. നഗരത്തിലെ മാലിന്യക്കൂമ്പാരത്തിന് സമീപം എത്തിയപ്പോഴാണ് തെരുവുനായക്കള്‍ ആ കുഞ്ഞിനെ കടിച്ച് കീറിയത്. കടിച്ചു കീറുകയായിരുന്നു ഭ്രാന്ത് പിടിച്ച ആ തെരുവ് നായ്ക്കള്‍. തന്റെ മകള്‍ക്ക് ഉണ്ടായ ദുരന്തത്തില്‍ അമ്മ ഹബീറയുടെ പ്രതികരണം കണ്ണീരോടെയും രോഷത്തോടെയുമായിരുന്നു.
'അവിടെ വേസ്റ്റ് കൊണ്ടിടല്ലേ എന്ന് എല്ലാവരോടും പറഞ്ഞിരുന്നു. അത് തിന്നാന്‍ വന്ന നായ്ക്കളാണ് എന്റെ കുട്ടിയെ കടിച്ച് കീറിയത്. ഞാന്‍ ഓടിച്ചുവിട്ട പട്ടിയാ എന്റെ കുഞ്ഞിനെ കടിച്ചുകീറിയത്. ഞാനോടി ചെല്ലുമ്പോ എന്റെ കുഞ്ഞിനെ കടിച്ചുപറിക്കുവാരുന്നു. അപ്പഴേ എടുത്തോണ്ട് പോയി ഞാന്‍. ഇപ്പോ ദാ കൊണ്ടുപോയി എനിക്കിനി കാണാനില്ല. എന്റെ കുഞ്ഞിന് ഇല്ലാത്ത സ്ഥാനമാണ് പട്ടിക്കുണ്ടായത്' കരഞ്ഞ് തളര്‍ന്ന ആ അമ്മ പറയുമ്പോള്‍ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്ന് അറിയില്ല.
'ഇനിയും വളര്‍ത്ത്, കുറേ പട്ടികളെ കൂടി വളര്‍ത്തി വിട്. കുഞ്ഞുങ്ങളെ ചികിത്സിക്കുന്ന ആശുപത്രിയാണിത്. ഇവിടം വരെ നായകള്‍ വളര്‍ന്നുകേറി പോവുന്നത് കണ്ടില്ലേ?' മാധ്യമങ്ങളോട് പറഞ്ഞ നിയയുടെ അമ്മയുടെ വാക്കുകള്‍ ഹൃദയത്തോട് ചേര്‍ന്നവയാണ്. ഈ അവസ്ഥ മറ്റൊരാള്‍ക്കും വരരുത്, പറയാന്‍ വാക്കുകളില്ലെന്ന് നിയയുടെ അച്ഛന്‍ പറയുന്നു.
വീടിന് സമീപം തെരുവ് നായയുടെ ശല്യം അതിരൂക്ഷമാണ്. നിരവധി തവണ ഇക്കാര്യം അധികാരികളെ കണ്ട് പറഞ്ഞതുമാണ്. എന്നാല്‍ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചില്ല. തിരുവനന്തപുരം എസ്എടി ആശുപത്രിക്കു മുന്നില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി നിയ ഫൈസലിന്റെ മരണം നഗരത്തെയും സംസ്ഥാനത്തെയും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. എസ്.എ.ടി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു നീയയുടെ അന്ത്യം. ഗുരുതരമായ പേവിഷ ബാധ മൂലമായിരുന്നു മരണം.
ഏപ്രില്‍ 8നാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്. തുടര്‍ന്ന് വാക്സീന്‍ ഉള്‍പ്പെടെ ആവശ്യമായ ചികിത്സ ലഭിച്ചുവെന്നുള്ള ആരോഗ്യവകുപ്പിന്റെ വാദത്തിനിടെ, രോഗം തീവ്രമായതിനെത്തുടര്‍ന്ന് കുട്ടിയെ എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീടാണ് നില വഷളായതും മരണം സംഭവിച്ചതും.
മൃതശരീരം പേവിഷ ബാധയോടെ മരണപ്പെട്ടതിനാല്‍ വീട്ടിലെത്തിക്കുകയില്ലെന്നും പൊതുദര്‍ശനം ഉണ്ടായിരിക്കില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. മാതാവായ ഹബീറയ്ക്ക് ക്വാറന്റീന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആലഞ്ചേരി മുസ്ലിം ജമാഅത്ത് പള്ളിയില്‍ നിയയുടെ കബറടക്കം നടത്തും.