- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മലപ്പുറത്ത് വീണ്ടും ശൈവ വിവാഹത്തിന് നീക്കം; 14 വയസുകാരിയുടെ വിവാഹ നിശ്ചയം നടത്താന്‍ നീക്കം തടഞ്ഞ് പോലീസ്; പ്രതിശ്രുത വരനും വീട്ടുകാര്‍ക്കും ചടങ്ങില്‍ പങ്കെടുത്തവര്‍ക്കുമെതിരെ കേസ്
മലപ്പുറം: സമൂഹത്തിന്റെ മുന്നറിയിപ്പുകളെയും നിയമനിബന്ധനകളെയും അവഗണിച്ച് കാടാമ്പുഴയില്‍ വീണ്ടും ശൈശവവിവാഹ ശ്രമം. മാറാക്കര മരവട്ടത്ത് 14 വയസുകാരിയെയാണ് വിവാഹം നടത്താന്‍ ശ്രമം നടന്നത്. വിവാഹ നിശ്ചയം നടത്താനുള്ള ശ്രമം പോലീസ് തകര്‍ത്തു. സംഭവം പുറത്ത് വന്നതോടെ പ്രദേശത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരിക്കുകയാണ്. വിവാഹ നിശ്ചയം നടക്കുമ്പോഴാണ് വിവരം കാടാമ്പുഴ പൊലീസിന് ലഭിച്ചത്. ഉടന്‍ സ്ഥലത്തെത്തി പൊലീസ് ചടങ്ങ് നിര്‍ത്തിവെക്കുകയും ചെയ്തു.
സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കുമെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. പ്രതിശ്രുത വരന്‍, ഇരു കുടുംബങ്ങളിലെ മുതിര്‍ന്നവര്‍, മാതാപിതാക്കള്‍ കൂടാതെ ചടങ്ങില്‍ പങ്കെടുത്ത പത്ത് പേര്‍ക്കെതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 14 കാരിയായ പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണത്തില്‍ ഏല്‍പ്പിച്ചു. പെണ്‍കുട്ടി ഇപ്പോഴും പഠനം തുടരുകയായിരുന്നുവെന്നാണ് വിവരം. പ്രായപൂര്‍ത്തിയായ യുവാവിനോടാണ് വിവാഹ നിശ്ചയം ഒരുക്കിയിരുന്നതെന്ന് പൊലീസ് അറിയിച്ചു.
കുട്ടിയുടെ ജീവിതം തകര്‍ക്കുന്ന ഇത്തരം നീക്കങ്ങള്‍ക്ക് ഒരിക്കലും കൂട്ട് നില്‍ക്കാന്‍ സാധിക്കില്ലെന്നും ഇത്തരം പ്രവര്‍ത്തികളില്‍ നിയമനടപടി ശക്തമാക്കുമെന്നും പോലീസ് വ്യക്തമാക്കി. ബാലവിവാഹം നിയമപ്രകാരമുള്ള ഗൗരവമായ കുറ്റമാണ്. ഇതില്‍ പങ്കെടുത്തവരില്‍ ആര്‍ക്കും വിട്ടുവീഴ്ച ഉണ്ടാകില്ല. കുട്ടികളുടെ സുരക്ഷയ്ക്കാണ് പ്രാധാന്യമെന്നും പോലീസ് വ്യക്തമാക്കി. മുമ്പ് മലപ്പുറം ജില്ലയില്‍ ബാലവിവാഹവുമായി ബന്ധപ്പെട്ട കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിരുന്നില്ല.
സാമൂഹ്യ അവബോധം കൂടിയ സാഹചര്യത്തിലാണ് വീണ്ടും ഇത്തരമൊരു സംഭവം പുറത്തുവന്നത്. ബാലവിവാഹം തടയാനുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്നും സ്‌കൂളുകളിലൂടെയും സാമൂഹ്യ സംഘടനകളിലൂടെയും ജാഗ്രത പടര്‍ത്തണമെന്നും ബാലാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടരുകയാണ്.