ന്യൂഡല്‍ഹി: മദ്രസകള്‍ ഇല്ലെന്നും ധനസഹായം നല്‍കുന്നില്ലെന്നുമുള്ള കേരള സര്‍ക്കാരിന്റെ വാദം കള്ളമാണെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സനായ പ്രിയങ്ക് കനൂന്‍ഗോ. മദ്രസകള്‍ അടച്ചില്ലെങ്കില്‍ മറ്റുവഴികള്‍ തേടും. രാജ്യത്തെ മദ്രസകള്‍ അടപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ നീണ്ട പഠനത്തിനൊടുവിലാണ് തീരുമാനത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. മദ്രസയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉടന്‍ തന്നെ സ്‌കൂളുകളിലേക്ക് പോകണം. കേരള സര്‍ക്കാരിന്റെ നയം മുസ്ലിം വിഭാഗത്തെ പ്രീതിപ്പെടുത്താനാണെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കാത്ത മദ്രസകളെ സഹായിക്കരുതെന്ന നിര്‍ദേശത്തെ എതിര്‍ക്കുന്നത് പ്രീണന രാഷ്ട്രീയക്കാരാണെന്ന് പ്രിയങ്ക് കനൂംഗോ കുറ്റപ്പെടുത്തി. ആയിരക്കണക്കിന് വിദ്യാര്‍ഥികളെ കണ്ട് പല അന്വേഷണങ്ങള്‍ നടത്തിയാണ് കമ്മിഷന്‍ ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. മദ്രസകളില്‍ മുസ്ലിങ്ങളല്ലാത്ത വിദ്യാര്‍ഥികളും പോകുന്നുണ്ട്. ഹിന്ദുക്കളെ ഇസലാം മതത്തെ കുറിച്ച് പഠിപ്പിക്കാന്‍ എന്തിനാണ് സര്‍ക്കാര്‍ പണം ചെലവിടുന്നെതന്നും മദ്രസയുടെ പേരില്‍ പണമുണ്ടാക്കലാണ് വഖഫ് ബോര്‍ഡുകള്‍ ചെയ്യുന്നതെന്നും കനൂംഗോ ആരോപിച്ചു. കോടതിയില്‍ പോയാല്‍ ആരുടെ വാദം ജയിക്കുമെന്ന് കാണാമെന്നും അദ്ദേഹം മുസ്ലീം ലീഗിന് മറുപടിയായി പറഞ്ഞു.

2009ലെ വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമപ്രകാരം സമത്വം, സാമൂഹിക നീതി, ജനാധിപത്യം തുടങ്ങിയ മൂല്യങ്ങള്‍ നേടിയെടുക്കാന്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വിദ്യാഭ്യാസമാണ് ആവശ്യം. 2009-ലെ വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമം അനുസരിച്ച് മുസ്ലിം ഇതര കുട്ടികള്‍ മദ്രസകളില്‍ പഠിക്കുന്നുണ്ടെങ്കില്‍ അവരെ സ്‌കൂളില്‍ ചേര്‍ക്കണമെന്നും ദേശീയ ബാലവകാശ കമ്മിഷന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു. മദ്രസയില്‍ പഠിക്കുന്ന മുസ്ലിം വിഭാഗത്തിലെ കുട്ടികള്‍ക്ക് പൊതുവിദ്യാഭ്യാസം ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണമെന്നും എന്‍സിപിസിആര്‍ ആവശ്യപ്പെട്ടു.

മുസ്ലീം സമുദായത്തിലെ കുട്ടികളുടെ വിദ്യാഭ്യാസ സാഹചര്യങ്ങള്‍ പഠിച്ച് തയ്യാറാക്കിയ സമഗ്രമായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശുപാര്‍ശകള്‍. കനൂംഗോയുടെ അഭിപ്രായത്തില്‍, മദ്രസകളില്‍ മുസ്ലിങ്ങളുടെ അവകാശങ്ങളെ കുറിച്ച് മാത്രമാണ് പഠിപ്പിക്കുന്നതെന്നും ഇവര്‍ക്ക് പൊതുവിദ്യാഭ്യാസം നഷ്ടപ്പെടുന്നുവെന്നും കത്തില്‍ പറയുന്നു.

'രാജ്യത്തുടനീളമുള്ള എല്ലാ കുട്ടികളും സുരക്ഷിതവും ആരോഗ്യകരവും ഉല്‍പ്പാദനക്ഷമവുമായ അന്തരീക്ഷത്തില്‍ വളരുന്നുവെന്ന് ഉറപ്പാക്കുന്ന ഒരു സമഗ്രമായ മാപ്പ് സൃഷ്ടിക്കുന്നതിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. അങ്ങനെ ചെയ്യുന്നതിലൂടെ, രാഷ്ട്രനിര്‍മ്മാണ പ്രക്രിയയില്‍ കൂടുതല്‍ സമഗ്രവും ഫലപ്രദവുമായ രീതിയില്‍ അര്‍ഥവത്തായ സംഭാവന നല്‍കാന്‍ കുട്ടികള്‍ പ്രാപ്തരാകും.'- കത്തില്‍ പറയുന്നു.

'കഴിഞ്ഞ ഒമ്പത് വര്‍ഷമായി കമ്മീഷന്‍ ഈ വിഷയം പഠിക്കുകയും മുസ്ലീം സമുദായത്തില്‍ നിന്നുള്ള കുട്ടികള്‍ക്ക് മദ്രസകള്‍ കാരണം സ്‌കൂള്‍ വിദ്യാഭ്യാസം നഷ്ടപ്പെടുന്നത് എങ്ങനെയെന്ന് ഗവേഷണം ചെയ്യുകയും അവരുടെ അവകാശ ലംഘനങ്ങള്‍ വിശദമായി വിവരിക്കുകയും ചെയ്തു. ഈ വിഷയത്തില്‍ ഞങ്ങള്‍ കത്ത് മുഖേന ചീഫ് സെക്രട്ടറിമാര്‍ക്ക് റിപ്പോര്‍ട്ട് അയയ്ക്കുകയും അതത് സംസ്ഥാനങ്ങളിലെ മദ്രസ ബോര്‍ഡുകള്‍ അടച്ചുപൂട്ടാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. ഈ മദ്രസ ബോര്‍ഡുകള്‍ സ്ഥാപിച്ച ഉദ്ദേശ്യം നിറവേറ്റുന്നതില്‍ പരാജയപ്പെട്ടു.'- പ്രിയങ്ക് കനൂംഗോ പറഞ്ഞു.

'നിലവില്‍, മദ്രസ ബോര്‍ഡുകളുമായി ബന്ധമില്ലാത്ത 1.25 കോടി കുട്ടികള്‍ ഇപ്പോഴും മദ്രസകളിലുണ്ട്. മദ്രസ ബോര്‍ഡുകള്‍ക്ക് സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്നു. അതേസമയം, മുസ്ലീം ഇതര ഹിന്ദു കുട്ടികള്‍ ഉള്‍പ്പെടെ 1.9 മുതല്‍ 2 ദശലക്ഷം വരെ കുട്ടികളെ വിദ്യാഭ്യാസ പിന്തുണ എന്ന മിഥ്യാധാരണ സൃഷ്ടിക്കുന്നു.'- അദ്ദേഹം പറഞ്ഞു.

അതേസമയം, കേന്ദ്ര ബാലാവകാശ കമ്മീഷന്റെ നിര്‍ദേശത്തിനെതിരെ നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. നിര്‍ദ്ദേശങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ഐഎന്‍എല്‍ പ്രതികരിച്ചു. സംഘപരിവാരിന്റെ അജണ്ടയെന്ന് മുസ്ലിം ലീഗ് വിലയിരുത്തി. പരസ്യപ്രതിഷേധത്തിനൊപ്പം നിയമപോരാട്ടവും നടത്താനുള്ള നീക്കം തുടങ്ങും. കമ്മീഷന്റെ നിര്‍ദ്ദേശത്തില്‍ കേരളത്തിലെ മദ്രസകളെക്കുറിച്ചും പരാമര്‍ശമുള്ളതും ഗൗരവമുള്ള വിഷയമാണ്. എന്നാല്‍ ഉത്തരേന്ത്യയിലെ പോലെയല്ല കേരളത്തിലെ സംവിധാനം. കമ്മീഷന്റെ നിര്‍ദ്ദേശം കേരളത്തിലെ മദ്രസകളെ ബാധിക്കില്ല. എന്നാല്‍ മൗലികാവകാശ ലംഘനമായതിനാല്‍ പ്രതിഷേധത്തില്‍ പങ്ക് ചേരുമെന്ന് കേരളത്തിലെ മത സംഘടനകള്‍ വ്യക്തമാക്കി.