ന്യൂഡല്‍ഹി: ലോകോത്തര നിര്‍മാണങ്ങള്‍ കൊണ്ട് ലോകത്തെ അമ്പരപ്പിച്ചിട്ടുള്ള രാജ്യമാണ് ചൈന. നാളെയെ മുന്നില്‍കണ്ടുള്ള പദ്ധതികള്‍ക്ക് അവര്‍ നേരത്തെ തന്നെ തുടക്കമിടും. എന്നാല്‍, സ്വന്തം താല്‍പ്പര്യം മാത്രമാണ് ഇക്കാര്യത്തില്‍ ചൈന നോക്കാറ്. ഇപ്പോഴിതാ ഇന്ത്യയ്ക്ക് ആശങ്ക വര്‍ധിപ്പിച്ച് ടിബറ്റിലെ ബ്രഹ്‌മപുത്രാ നദിയില്‍ ചൈന വമ്പന്‍ അണക്കെട്ടിന്റെ പണി ആരംഭിച്ചു. ലോകത്തെ തന്നെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതികളില്‍ ഒന്നിനാണ് ചൈന തുടക്കമിട്ടിരിക്കുന്നത്.

ബ്രഹ്‌മപുത്രാ നദിയൊഴുകുന്ന ഉയര്‍ന്ന മേഖലയായ യാര്‍ലങ് സാങ്‌പോയിലാണ് ചൈനീസ് പ്രധാനമന്ത്രി ലീ ഖിയാങ് പങ്കെടുത്ത മണ്ണൊരുക്കല്‍ ചടങ്ങോടെ 167,000 കോടി ഡോളറിന്റെ ഡാം നിര്‍മാണം ഔദ്യോഗികമായി ആരംഭിച്ചത്. യാര്‍ലങ് സാങ്‌പോ റിവര്‍ ലോവര്‍ റീച്ചസ് ഹൈഡ്രോ പവര്‍ പ്രോജക്ട് എന്ന പദ്ധതിയാണ് ഇവിടെ ആരംഭിക്കുന്നത്. നദിയുടെ വളവളുകള്‍ നേരെയാക്കി വലിയ ടണലുകളിലൂടെ വെള്ളമെത്തിച്ച് അഞ്ച് പവര്‍ സ്റ്റേഷനുകളില്‍ നിന്നായി വന്‍തോതില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതിയാണിത്.

ടിബറ്റിലെ ജനങ്ങള്‍ക്കു വേണ്ടിയുള്ളതാണ് പദ്ധതിയെന്ന് ചെനീസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ടിബറ്റിന് താഴെ ഇന്ത്യയിലേക്കൊഴുകുന്ന നദിയിലാരംഭിക്കുന്ന പദ്ധതി ഇവിടത്തെ ലക്ഷക്കണക്കിന് ജനങ്ങളെ ബാധിക്കുന്നതാണ്. അതിനാല്‍തന്നെ ഇന്ത്യ ഈ പദ്ധതിയെ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. കഴിഞ്ഞ മാസം ഒടുവില്‍ ന്യൂഡല്‍ഹി ഇതു സംബന്ധിച്ച ആശങ്ക ചൈനയെ അറിയിച്ചിരുന്നു. താഴെയുള്ള രാജ്യങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി പദ്ധതിയില്‍ സുതാര്യതയും മറ്റുള്ളവരുമായി സംഭാഷണങ്ങളും ആവശ്യമാണെന്ന് ഇന്ത്യ അറിയിച്ചിരുന്നു.

നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത അണക്കെട്ടായി ഇത് മാറുമെന്നാണ് കണക്കുകൂട്ടല്‍. യാര്‍ലുങ് സാങ്ബോ നദിയുടെ താഴ്വരയിലാണ് അണക്കെട്ട് നിര്‍മിക്കപ്പെടുന്നത്. വര്‍ഷം തോറും 300 ബില്യണ്‍ കിലോവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള ശേഷിയുള്ള അണക്കെട്ടാണ് ഒരുങ്ങുന്നത്. അണക്കെട്ടിന്റെ നിര്‍മാണത്തോടെ ലോക ഭൂപടത്തില്‍ ചൈനയുടെ പ്രാധാന്യം വര്‍ധിക്കുമെങ്കിലും ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ഇത് അത്ര നല്ലൊരു വാര്‍ത്തയല്ല.

ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായ ത്രീ ഗോര്‍ജസ് ഡാം സ്ഥിതിചെയ്യുന്നത് ചൈനയിലാണ്. ഈ അണക്കെട്ടിന്റെ മൂന്നിരട്ടി അധികം ശേഷിയിലാണ് പുതിയ അണക്കെട്ട് നിര്‍മിക്കുന്നത്. അണക്കെട്ട് പൂര്‍ത്തിയാകുന്നതോടെ ചൈനയുടെ കാര്‍ബണ്‍ പീക്കിങ്, കാര്‍ബണ്‍ ന്യൂട്രാലിറ്റി ലക്ഷ്യങ്ങള്‍ കൈവരിക്കാനാകുമെന്നും അനുബന്ധ വ്യവസായങ്ങള്‍ക്ക് പ്രോത്സാഹനമാകുമെന്നും നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നുമാണ് പ്രതീക്ഷ.

ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഫ്രാ സ്ട്രക്ചര്‍ പ്രൊജക്ടായി വിശേഷിപ്പിക്കപ്പെടുന്ന പദ്ധതിയാണിത്. ഇത് പൂര്‍ത്തിയാകുന്നതിന് 167 ബില്യണ്‍ യുഎസ് ഡോളര്‍ ചെലവാണ് പ്രതീക്ഷിക്കുന്നത്. ത്രീ ഗോര്‍ജസ് ഡാമിന്റെ നിര്‍മാണ ചെലവാകട്ടെ 34.83 ബില്യണ്‍ ഡോളറായിരുന്നു. ജൈവ സമ്പന്നത നിറഞ്ഞ പ്രദേശത്തിന്റെ ആവാസവ്യവസ്ഥയെ ഇത് എത്രത്തോളം ബാധിക്കും എന്നതും ചര്‍ച്ചാവിഷയമാണ്. പരിസ്ഥിതിക്കോ ജലവിതരണത്തിനോ ഇത്തരം അണക്കെട്ടുകള്‍ അധിക ബാധ്യത വരുത്തി വയ്ക്കില്ലെന്ന നിലപാടിലാണ് ചൈനീസ് ഭരണകൂടം.




എന്നാല്‍ അണക്കെട്ടിന്റെ നിര്‍മാണം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഇന്ത്യയും ബംഗ്ലാദേശും ആശങ്കകള്‍ ഉയര്‍ത്തിക്കഴിഞ്ഞു. പദ്ധതി പ്രാദേശിക പരിസ്ഥിതിയെ മാത്രമല്ല നദിയുടെ ഒഴുക്കും ഗതിയും മാറ്റാന്‍ സാധ്യതയുണ്ടെന്നതാണ് ആശങ്കകള്‍ക്ക് അടിസ്ഥാനം. യാര്‍ലുങ് സാങ്ബോ ടിബറ്റ് വിട്ട് തെക്കോട്ട് ഒഴുകി അരുണാചല്‍പ്രദേശ്, അസം എന്നീ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ഒടുവില്‍ ബംഗ്ലാദേശിലും എത്തുമ്പോള്‍ ബ്രഹ്‌മപുത്രാ നദിയായി മാറുന്നുണ്ട്. അണക്കെട്ടിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട സുതാര്യതയില്ലായ്മ ആഘാതത്തിന്റെ വ്യാപ്തി സംബന്ധിച്ച ആശങ്കകള്‍ക്ക് ആക്കം കൂട്ടുന്നു.

ഇന്ത്യയിലും ബംഗ്ലാദേശിലും അപ്രതീക്ഷിതമായ വെള്ളപ്പൊക്കങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത അണക്കെട്ട് തുറന്നു വയ്ക്കുമെന്നും കരുതുന്നുണ്ട്. ഇതിനുപുറമേ ഒന്നിലധികം ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ബംഗ്ലാദേശിലുമുള്ള ജലവിതരണ സംവിധാനങ്ങളെ ബാധിച്ചേക്കാം. ഇങ്ങനെയൊരു സാഹചര്യം ഉണ്ടായാല്‍ ജലവിതരണത്തിനായി ഇന്ത്യ ചൈനയെ ആശ്രയിക്കേണ്ട അവസ്ഥയിലേക്ക് മാറാം. ഇത് ഇരു രാജ്യങ്ങളും തമ്മില്‍ ജലത്തെ ചൊല്ലിയുള്ള വലിയ തര്‍ക്കങ്ങള്‍ക്ക് കാരണമായേക്കും. ജലപ്രവാഹം പൂര്‍ണമായും ചൈനയ്ക്ക് നിയന്ത്രിക്കാനാവും എന്നതും ചിന്തിക്കേണ്ട വിഷയമാണ്. ഇവയെല്ലാം കൂടി ചേരുമ്പോള്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള ഭൗമരാഷ്ട്രീയ പിരിമുറുക്കം അണക്കെട്ടിന്റെ നിര്‍മാണത്തോടെ വര്‍ധിക്കുമെന്നാണ് കരുതപ്പെടുന്നത്.