ചൂരല്‍മല: മുണ്ടക്കൈയിലും ചുരല്‍മലയിലും ഇനിയാണ് യഥാര്‍ത്ഥ തിരിച്ചില്‍. ഇന്നലെ കണ്ണില്‍ കണ്ടവരെയാണ് സൈന്യവും സന്നദ്ധ പ്രവര്‍ത്തകരും രക്ഷിച്ചത്. പുറത്തേക്ക് എത്തിച്ച മൃതദേഹങ്ങളും ഒറ്റനോട്ടത്തില്‍ കണ്ടവയാണ്. ഇനി വീട്ടിനുള്ളിലേക്കും മറ്റും പരിശോധന. നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. അതുകൊണ്ട് തന്നെ മരണ സഖ്യ ഉയരും. 200ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട്. 214 പേരെ കണാണുണ്ടെന്ന് പരാതിയുണ്ട്. ഇത് സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്.

രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിഞ്ഞിട്ടില്ലാത്ത സ്ഥലങ്ങളില്‍ മലവെള്ളവും പാറക്കല്ലുകളും ചെളിയും നിറഞ്ഞ തകര്‍ന്നും കിടക്കുന്ന വീടുകളില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. 34 മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞത്. ഇന്നലെ രാത്രി വരെ 18 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. പ്രദേശത്തു കനത്ത മഴ പെയ്യുന്നതും മുണ്ടക്കൈ പാലം ഒലിച്ചുപോയി യാത്രാമാര്‍ഗം അടഞ്ഞതും പ്രതിസന്ധിയിലാണ്.

മലവെള്ളത്തില്‍ വന്നടിഞ്ഞ വന്‍മരങ്ങള്‍ക്കിടയിലും ആളുകളുണ്ടെന്നു സംശയിക്കുന്നു. 2019ല്‍ ഉരുള്‍പൊട്ടല്‍ദുരന്തമുണ്ടായ പുത്തുമലയില്‍നിന്നു 2 കിലോമീറ്റര്‍ മാത്രം അകലെയാണു ചൂരല്‍മല. ഇവിടുത്തെ ശിവക്ഷേത്രവും സ്‌കൂള്‍ കെട്ടിടവും ഒലിച്ചുപോയി. അട്ടമല, മാന്‍കുന്ന്, വെള്ളരിമല, സീതാര്‍കുണ്ട്, മാന്‍കുന്ന് പ്രദേശങ്ങളിലെല്ലാം വന്‍ നാശനഷ്ടമുണ്ട്. 135 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. എന്നാല്‍ ഇനിയും മരണം ഉയരുമെന്നാണ് വിലയിരുത്തല്‍.

തിരച്ചിലിനു സഹായിക്കാന്‍ മറ്റു ജില്ലകളില്‍നിന്നു പൊലീസ് ഡ്രോണുകള്‍ ഇന്നെത്തിക്കും. മെറ്റല്‍ ഡിറ്റക്റ്ററുകളുമെത്തും. ബെംഗളൂരുവില്‍നിന്നു കരസേനാവിഭാഗവും ഇന്നെത്തും. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കാന്‍ കോഴിക്കോട്ടുനിന്നു ഫൊറന്‍സിക് സംഘത്തെ നിയോഗിച്ചു. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യവകുപ്പ് സേവനം ഉറപ്പാക്കി. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തും.

ചൂരല്‍മലയില്‍ നിര്‍മിച്ച താത്കാലിക പാലത്തിലൂടെ അഞ്ഞൂറിലധികം പേരെ രക്ഷപ്പെടുത്തിയിരുന്നു. സൈന്യവും കേരള ഫയര്‍ ഫോഴ്സും സംയുക്തമായാണ് പാലം നിര്‍മ്മിച്ചത്. ഉച്ചകഴിഞ്ഞ് സൈന്യവും എന്‍ഡിആര്‍എഫും അടങ്ങുന്ന ദൗത്യസംഘം പുഴ കടന്ന് മുണ്ടക്കൈയിലേക്ക് എത്തിയിരുന്നു. കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സ് (ഡിഎസ്സി) സെന്ററില്‍നിന്ന് 200 സൈനികരുള്ള ഇന്ത്യന്‍ ആര്‍മിയുടെ രണ്ട് വിഭാഗങ്ങള്‍ വയനാട്ടിലേക്ക് എത്തിയിട്ടുണ്ട്.

കണ്ണൂരിലെ സൈനിക ആശുപത്രിയില്‍നിന്നുള്ള മെഡിക്കല്‍ സംഘവും കോഴിക്കോട് നിന്നുള്ള ടെറിട്ടോറിയല്‍ ആര്‍മിയുടെ സേനയേയും വയനാട്ടിലേക്ക് വിന്യസിച്ചിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. മേപ്പാടിക്കടുത്തുള്ള ചൂരല്‍മലയിലും മുണ്ടക്കൈയിലുമാണ് ഉരുള്‍പൊട്ടലുകളുണ്ടായത്. ചൂരല്‍മലയില്‍ നിരവധി വീടുകള്‍ തകരുകയും ഒലിച്ചുപോകുകയുംചെയ്തിട്ടുണ്ട്.