കല്‍പ്പറ്റ: ഒറ്റരാത്രികൊണ്ട് ഒരുഗ്രാമം തന്നെ ഇല്ലാതായി. കേരളം കണ്ട ഏറ്റവും വലിയ ദുരന്തമായി ചൂരല്‍മലയിലെ ഉരുള്‍പൊട്ടല്‍ മാറുന്നുവെന്നാണ് സൂചനകള്‍. നടുക്കുന്ന ദൃശ്യങ്ങളാണ് ചൂരല്‍മലയില്‍ നിന്നും പുറത്തുവരുന്നത്. ജില്ലയിലെ ഉള്‍പ്രദേശമായ മുണ്ടക്കൈയിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെയോടെ ദുരന്തം വിതച്ച് വന്‍ ഉരുള്‍പൊട്ടലുണ്ടായത്. ഉറങ്ങിക്കിടക്കുകയായിരുന്ന പലരും കുത്തിയൊലിച്ചെത്തിയ മലവെള്ളപ്പാച്ചിലില്‍പ്പെട്ടു. എന്താണ് സംഭവിച്ചതെന്ന് മനസിലാക്കും മുന്‍പേ പലരും വെള്ളത്തിലും ചെളിയിലും മുങ്ങി.

ചൊവ്വാഴ്ച രാവിലെയോടെയാണ് മുണ്ടക്കൈയിലെ വന്‍ദുരന്തത്തിന്റെ വ്യാപ്തി പുറംലോകമറിയുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് നാട്ടുകാര്‍ എത്തിയെങ്കിലും ഒന്നും ചെയ്യാന്‍ കഴിയാതെ നിസ്സഹായരായി നില്‍ക്കേണ്ട അവസ്ഥയിലായി. നാനൂറിലേറെ കുടുംബങ്ങള്‍ താമസിച്ചിരുന്ന ഗ്രാമമാണ് ഇലലാതായാത്. അതുകൊണ്ട് തന്നെ കേരളം ഇന്നേ വരെ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ദുരന്തമാണ് ഉണ്ടായിരിക്കുന്നത് എന്ന് വ്യക്തമാണ്.

നേരം ഇരുട്ടിവെളുത്തപ്പോള്‍ പല വീടുകളും തകര്‍ന്നുതരിപ്പണമായ നിലയില്‍. പ്രദേശത്തെ പല കുടുംബങ്ങളെയും ഇപ്പോഴും കാണാനില്ലെന്നും ഇവരെ ഇതുവരെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്. മുണ്ടക്കൈ എന്ന ഗ്രാമത്തെ പുറംലോകവുമായി ബന്ധിപ്പിച്ചിരുന്ന പാലം പൂര്‍ണമായും തകര്‍ന്നതോടെ ഗ്രാമത്തിലെത്തിപ്പെടുന്നത് ഇപ്പോഴും വെല്ലുവിളിയായി തുടരുകയാണ്. ഇതിനൊപ്പം മലവെള്ളപ്പാച്ചിലും മഴയും തുടരുന്നതും രക്ഷാദൗത്യം ദുഷ്‌കരമാക്കുന്നു.

ഒട്ടേറെ കുടുംബങ്ങള്‍ ഇവിടെ കുടുങ്ങികിടക്കുന്നുണ്ടെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ പോലും കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. സൈന്യത്തിന്റെ ഹെലികോപ്റ്റര്‍ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം ഇത് വൈകുമെന്നാണ് സൂചന. ഇതിനിടെ, വനത്തിനുള്ളിലൂടെ പ്രവേശിച്ച് മുണ്ടക്കൈയിലേക്ക് എത്താന്‍ കഴിയുമോയെന്നും രക്ഷാപ്രവര്‍ത്തകര്‍ ശ്രമിക്കുന്നു.

വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കുത്തിയൊലിച്ച മലവെള്ളപ്പാച്ചിലിനിടയില്‍ ചെളിയില്‍ പുതുഞ്ഞു കിടക്കുന്ന ആളെ രക്ഷിക്കാന്‍ ശ്രമം നടക്കുന്ന ദൃശ്യങ്ങളും നടുക്കുന്നതാണ്. നരകതുല്യമായ അവസ്ഥയാണ് ഇവിടെയെന്നാണ് സ്ഥലം എംഎല്‍എ ടി സിദ്ദിഖ് പറയുന്നത്. ഇതുവരെ 42 പേരുടെ മരണം സ്ഥിരീകരിച്ചു. ചാലിയാര്‍ പുഴയിലൂടെ ഒഴുകിവന്ന മൃതദേഹങ്ങള്‍ ഉള്‍പ്പെടെയാണിത്. എഴുപതോളം പേര്‍ രണ്ട് ആശുപത്രികളിലുമായി ചികിത്സയിലാണ്. വന്‍ ഉരുള്‍പൊട്ടലുണ്ടായ മുണ്ടകൈയില്‍ ഇതുവരെ രക്ഷാപ്രവര്‍ത്തകര്‍ക്ക് കടക്കാനായിട്ടില്ല.

മുണ്ടകൈയില്‍ വന്‍ നാശനഷ്ടമുണ്ടായെന്നാണ് വിവരം. അവിടുത്തെ വിവരങ്ങള്‍ കൂടി പുറത്തുവരുമ്പോള്‍ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അതിനിടെ രക്ഷാപ്രവര്‍ത്തനത്തിന് എയര്‍ ലിഫ്റ്റിങ് സാധ്യത പരിശോധിക്കാനെത്തിയ 2 ഹെലികോപ്റ്ററുകള്‍ കാലാവസ്ഥ പ്രതികൂലമായതോടെ വയനാട്ടില്‍ ഇറങ്ങാനാകാതെ തിരിച്ചുപോയി. കോഴിക്കോട്ടേക്ക് ഹെലികോപ്റ്ററുകള്‍ തിരികെപ്പോയതോടെ രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലായി. നിലവില്‍ പുഴയ്ക്ക് കുറുകെ വടംകെട്ടി എന്‍ഡിആര്‍എഫ് സംഘങ്ങള്‍ അക്കരെ മുണ്ടക്കൈ ഭാഗത്തേക്ക് കടക്കാനുള്ള സാഹസിക ശ്രമത്തിലാണ്.

മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലാണ് ഏറെ നാശനഷ്ടമുണ്ടായത്. പ്രദേശത്തെ പ്രധാന റോഡും ചൂരല്‍മല ടൗണിലെ പാലവും തകര്‍ന്നതോടെ ഈ ഭാഗത്ത് രക്ഷാപ്രവര്‍ത്തനം ഇതുവരെ സാധ്യമായിട്ടില്ല. മുണ്ടക്കൈ അട്ടമല പ്രദേശത്തേക്കുള്ള ഏക പാലമാണിത്. ഇവിടെ സൈന്യം എത്തിയശേഷം താല്‍ക്കാലിക പാലം നിര്‍മിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും സൈന്യം ഇതുവരെ എത്തിയിട്ടില്ല. മുണ്ടക്കൈയില്‍ ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളില്‍ വീടുകളിലും കടകളിലും വെള്ളവും ചെളിയും നിറഞ്ഞു. മേഖലയില്‍ നാനൂറോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടതായാണ് വിവരം. നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോയി.