ചെര്‍പ്പുളശ്ശേരി: ചെര്‍പ്പുളശ്ശേരി സി.ഐ. ബിനു തോമസിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസ് സേനയെ പിടിച്ചുകുലുക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. അതീവഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള സി.ഐ.യുടെ ആത്മഹത്യാക്കുറിപ്പിലെ വിശദാംശങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

നിലവില്‍ കോഴിക്കോട് ഡിവൈഎസ്പിയായ ഉമേഷ്, 2014-ല്‍ സി.ഐ. ആയിരിക്കെ അനാശാസ്യത്തിന് പിടിയിലായ യുവതിയെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നും, തന്നോടും ആ കൃത്യത്തില്‍ പങ്കുചേരാന്‍ പ്രേരിപ്പിച്ചു എന്നുമാണ് ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പിലെ സുപ്രധാന വെളിപ്പെടുത്തല്‍.

കുറിപ്പിലെ കൂടുതല്‍ വിവരങ്ങള്‍

'നാല് പുരുഷന്മാര്‍ക്കൊപ്പമാണ് യുവതിയെ നാട്ടുകാര്‍ തടഞ്ഞുവച്ചത്. അവളും അമ്മയും കുഞ്ഞുങ്ങളുമായി രാത്രി ഏഴരയോടെ ഓട്ടോറിക്ഷയില്‍ സ്റ്റേഷനില്‍ എത്തി. അവളെ ഒന്നു കാണാന്‍ സ്റ്റേഷന്റെ മുറ്റത്ത് ധാരാളം പേര്‍ വന്നിരുന്നു, ചിലരെല്ലാം അവളെക്കുറിച്ച് വളരെ മോശം പരാമര്‍ശങ്ങള്‍ നടത്തി. അതില്‍ രണ്ടുപേരെ ഞാന്‍ അടികൊടുത്ത് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ നിന്നും വെളിയിലാക്കി. ആ അമ്മയുടെ രോഗാവസ്ഥയും രണ്ടു കുഞ്ഞുങ്ങളുടെ കാര്യവും കേട്ടതോടെ എനിക്ക് മാനസിക പ്രയാസം തോന്നി. ഏകദേശം 9 മണി സമയത്ത് ഉമേഷ് എന്നെ അടുത്തുവിളിച്ച് 'അവള്‍ ആള് കൊള്ളാമല്ലോ, ഇന്ന് അവളുടെ അടുത്തേക്ക് പോയാലോ നമുക്ക് രണ്ടാള്‍ക്കും' എന്ന് ചോദിച്ചു. എനിക്ക് അക്കാര്യത്തില്‍ താല്‍പര്യം തോന്നിയില്ല.

'അനാശാസ്യത്തിന് പിടികൂടിയെന്ന വാര്‍ത്ത വരാതിരിക്കാന്‍ ആ സമയം അവള്‍ എന്തിനും റെഡിയായിരുന്നു. അവളെയും കുടുംബത്തെയും പാലക്കാട്ടെ വീട്ടിലേക്ക് അയച്ചു. ഇതിനകം അവളുടെ താമസസ്ഥലം ഉമേഷ് ചോദിച്ചു മനസിലാക്കിയിരുന്നു. അവര്‍ വീട്ടിലെത്തിയ സമയം നോക്കി ഉമേഷും ഞാനും വണ്ടിയുമായിറങ്ങി. വണ്ടി ഓടിച്ചത് ഞാനാണ്. അടുത്തുള്ള ബേക്കറിയില്‍ നിന്നും അവളുടെ മക്കള്‍ക്കായി രണ്ട് ഡയറി മില്‍ക്ക് വാങ്ങി. ആ പെണ്‍കുട്ടി അന്ന് പകല്‍ ഒന്നും കഴിച്ചിരുന്നില്ലെന്ന് എനിക്ക് മനസിലായിരുന്നു. അവള്‍ താമസിക്കുന്ന വീടിനടുത്ത് ഉമേഷിനെ ഇറക്കി ഞാന്‍ തിരികെ ബൈപ്പാസില്‍ വന്ന് കാറില്‍ കിടന്നുറങ്ങി. ഉമേഷ് കാര്യം കഴിഞ്ഞ് വിളിച്ചപ്പോള്‍ ഞാന്‍ കാറുമായി പോയി ഉമേഷിനേയും കൂട്ടി തിരികെ പോന്നു. എന്നോടും അവളുടെ അടുത്തുപോകാന്‍ ഉമേഷ് നിര്‍ബന്ധിച്ചു. അവശയും നിരാലംബയുമായ അവളോട് അങ്ങനെ ചെയ്യാന്‍ എനിക്ക് മനസ്സ് വന്നില്ല. രണ്ടു ദിവസത്തിനു ശേഷം ഒരിക്കല്‍ക്കൂടി ഉമേഷിനെ അവിടെ കൂട്ടിക്കൊണ്ടുപോയെന്നാണ് എന്റെ ഓര്‍മ. ആ പെണ്‍കുട്ടിയെ കണ്ടപ്പോള്‍ എനിക്ക് പ്രത്യേകിച്ച് അടുപ്പമൊന്നും തോന്നിയില്ല, രാത്രിയില്‍ ഞാന്‍ അവളുമായി നിരന്തരം ഫോണില്‍ മെസേജ് അയക്കുകയോ വിളിക്കുകയോ ചെയ്യുമായിരുന്നു. ഒരിക്കല്‍ ഞാന്‍ അവളെ കാണാന്‍ പോയി ബന്ധപ്പെട്ടു' എന്നും കുറിപ്പില്‍ പറയുന്നു.

ആത്മഹത്യക്ക് പിന്നിലെ യഥാര്‍ത്ഥ കാരണം

താനും ആ പെണ്‍കുട്ടിയുമായി വര്‍ഷങ്ങളായി ബന്ധമുണ്ടെന്നും, പതിവായി ആ വീട്ടില്‍ പോകാറുണ്ടെന്നും ഡിവൈഎസ്പി ഉമേഷ് തന്റെ കുടുംബത്തെ അറിയിച്ചോ എന്ന സംശയവുമാണ് സി.ഐ. ബിനു തോമസിനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

വടകര സ്വദേശിയായ ബിനു തോമസിനെ ശനിയാഴ്ചയാണ് ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആറുമാസം മുന്‍പാണ് അദ്ദേഹം ചെര്‍പ്പുളശ്ശേരി സ്റ്റേഷനില്‍ എത്തിയത്. തുടക്കത്തില്‍ പല മാധ്യമങ്ങളും ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങള്‍ അന്വേഷിച്ചെങ്കിലും, 'കുടുംബപ്രശ്‌നമാണ്' മരണകാരണമെന്നാണ് അന്ന് പോലീസ് വ്യക്തമാക്കിയത്.

11 വര്‍ഷം മുമ്പുള്ള സംഭവമെന്ന് ഡിവൈഎസ്പി ഉമേഷ്

'ആത്മഹത്യാക്കുറിപ്പിലെ കാര്യങ്ങളെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ല' എന്നും, 'സംഭവം നടന്നുവെന്ന് പറയപ്പെടുന്നത് 11 വര്‍ഷം മുന്‍പാണ്' എന്നും പറഞ്ഞ് തടിയൂരാനാണ് ഡിവൈഎസ്പി ഉമേഷിന്റെ ശ്രമം. എന്നാല്‍, ഡിവൈഎസ്പി ഉമേഷിനെതിരെ നടപടിയെടുക്കാന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസ് ആസ്ഥാനത്തേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കഴിഞ്ഞു.

'മാധ്യമങ്ങളിലൂടെയാണ് ഞാന്‍ ഇതറിഞ്ഞത്': ഡിവൈഎസ്പി

നവംബര്‍ 15-ന് ചെര്‍പ്പുളശ്ശേരിയിലെ ക്വാര്‍ട്ടേഴ്‌സില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ എസ്എച്ച്ഒ ബിനു തോമസിന്റെ (52) 32 പേജുള്ള ആത്മഹത്യാക്കുറിപ്പാണ് കോഴിക്കോട് സ്വദേശിയായ ഉമേഷിനെ പ്രതിക്കൂട്ടിലാക്കിയത്. 2014-ല്‍ താന്‍ സി.ഐ. ആയിരിക്കെ അനാശാസ്യത്തിന് പിടികൂടിയ യുവതിയെ മേലുദ്യോഗസ്ഥനായിരുന്ന ഉമേഷ് വീട്ടിലെത്തി ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നും, തന്നെയും അതിന് നിര്‍ബന്ധിച്ചു എന്നുമാണ് കുറിപ്പിലെ പ്രധാന പരാമര്‍ശം.

എന്നാല്‍, ഒരു ചാനലിനോടും പ്രതികരിക്കവെ ഉമേഷ് കാര്യങ്ങള്‍ നിഷേധിച്ചു:

'കത്തിലെ വിവരങ്ങള്‍ അറിയില്ല.'

'മാധ്യമങ്ങളിലൂടെയാണ് ഞാന്‍ ഇക്കാര്യം അറിഞ്ഞത്.'

'മേലുദ്യോഗസ്ഥര്‍ ഇതുവരെ ഇക്കാര്യം ചോദിച്ചിട്ടില്ല.'

സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി: സസ്‌പെന്‍ഷന്‍ ഉടന്‍

ഡിവൈഎസ്പി ഉമേഷിന്റെ 'അറിയില്ല' വാദങ്ങള്‍ക്കിടെയാണ് പോലീസിന് നാണക്കേടുണ്ടാക്കുന്ന പുതിയ നീക്കമുണ്ടായിരിക്കുന്നത്. ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ച വടകര ഡിവൈഎസ്പിയെക്കുറിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് കഴിഞ്ഞ ആഴ്ച തന്നെ പോലീസ് ആസ്ഥാനത്തേക്ക് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നാണ് ലഭിച്ച വിവരം.