തിരുവനന്തപുരം: ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തു വരുമ്പോള്‍ ചര്‍ച്ചയാകുന്നത് ഒരു നടിയുടെ മൊഴിയാണ്. സിനിമയിലെ യാഥാര്‍ഥ്യങ്ങള്‍ വിളിച്ചുപറഞ്ഞതിന്റെ പേരില്‍ ഡബ്ല്യുസിസി അംഗങ്ങളെ വിലക്കുന്ന സാഹചര്യമുണ്ടായെന്ന് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പറയുന്നു. അക്കമിട്ട് നിരത്തി ആരോപണങ്ങള്‍ നിറയ്ക്കുന്നു. എന്നാല്‍ ഒരു നടിയുടെ മൊഴിയെ കുറിച്ച് മാത്രമാണ് കമ്മറ്റിക്ക് സംശയമുള്ളത്. ആ നടിയുടെ പേരും രഹസ്യമാണ്. പീഡനവും മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് പറയുന്ന നടി. ഈ നടിയുടെ മൊഴിയെങ്കിലും പുറത്തു വരണമെന്ന് ആഗ്രഹിക്കുന്നവര്‍ ഇന്ന് കേരളത്തില്‍ ഏറെയാണ്. കൊച്ചു കുട്ടിക്ക് പോലും അറിയാവുന്ന കാര്യങ്ങള്‍ ഇല്ലെന്ന് പറഞ്ഞ ആ നടിയെ കുറിച്ച് വ്യക്തമായ സൂചനകള്‍ കമ്മറ്റി റിപ്പോര്‍്ട്ടിലുണ്ട്.

ഡബ്ല്യുസിസിയുടെ സ്ഥാപക അംഗമായിരുന്ന ഒരു നടിക്ക് മാത്രമാണ് അവസരങ്ങള്‍ ലഭിച്ചത്. സിനിമയില്‍ സ്ത്രീകള്‍ക്ക് ഒരു പ്രശ്‌നവും നേരിടുന്നില്ലെന്ന നിലപാടാണ് ഇവര്‍ കമ്മിഷനു മുന്നില്‍ ആവര്‍ത്തിച്ചത്. സിനിമയില്‍ ഒരു സ്ത്രീയും ലൈംഗിക ചൂഷണത്തിന് വിധേയരായെന്ന് കേട്ടിട്ടുപോലുമില്ലെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ ഇത് വാസ്തവവിരുദ്ധമാണ്. മനഃപൂര്‍വം ഈ നടി പുരുഷന്മാര്‍ക്കെതിരെ സംസാരിക്കാതിരിക്കുന്നു എന്നോ അല്ലെങ്കില്‍ സിനിമയില്‍നിന്ന് പുറത്താകരുതെന്നുള്ള സ്വാര്‍ഥ താല്‍പര്യമെന്നോ വേണം ഈ മൊഴികളെ വിലയിരുത്തേണ്ടതെന്നും കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരുടെ മൊഴികള്‍ക്ക് വില കല്‍പ്പിക്കേണ്ടതില്ലെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

കൊച്ചിയില്‍ നടിയെ ആക്രമിച്ചത് ഏവരും അറിഞ്ഞതും കേട്ടതുമാണ്. ഇതിന് പിന്നിലെ ഗൂഡാലോചന ചര്‍ച്ചയാക്കിയതും പ്രമുഖ നടിയാണ്. സിനിമയിലെ കുടുംബ പ്രശ്‌നങ്ങളായിരുന്നു പള്‍സര്‍ സുനിയെന്ന ഗുണ്ടയ്ക്ക് ക്വട്ടേഷന്‍ നല്‍കിയതെന്നും ഏവരും കേട്ടതുമാണ്. ആക്രമിക്കപ്പെട്ട നടിയുടെ കരച്ചിലും കേട്ടു. എന്നിട്ടും സിനിമയില്‍ സ്ത്രീകള്‍ക്ക് ഒരു പ്രശ്‌നവും നേരിടുന്നില്ലെന്ന നിലപാട് എങ്ങനെ പ്രമുഖ നടി കമ്മീഷന് മുന്നില്‍ എടുത്തുവെന്നതാണ് ഏവരേയും ഞെട്ടിക്കുന്ന കാര്യം. സിനിമയില്‍ ഒരു സ്ത്രീയും ലൈംഗിക ചൂഷണത്തിന് വിധേയരായെന്ന് കേട്ടിട്ടുപോലുമില്ലെന്നും ഇവര്‍ പറഞ്ഞത് കൊച്ചിയിലെ പള്‍സറിന്റെ ക്രൂരത അറിയാതെയാണോ എന്ന് മുക്കില്‍ വിരല്‍ വയ്ക്കുന്നവരുമുണ്ട്.

ആരാണ് ഈ ഡബ്ല്യുസിസിയുടെ സ്ഥാപക അംഗമെന്നത് പകല്‍പോലെ വ്യക്തം. ആരേയും നടി കുറ്റപ്പെടുത്തുന്നില്ല. നല്ലതു മാത്രമേ പറഞ്ഞിട്ടുള്ളൂ. അതുകൊണ്ട് തന്നെ ഈ നടിയുടെ മൊഴി പുറത്തു വന്നാലും ആരുടേയും സ്വകാര്യതയെ അത് ബാധിക്കുകയുമില്ല. എന്നാല്‍ മൊഴി പുറത്തു വരുന്നതിലൂടെ സിനിമയില്‍ 'നന്മ' മാത്രം അനുഭവിച്ച നടി ആരെന്ന് പൊതു സമൂഹത്തിന് വ്യക്തമാകുകയും ചെയ്യും. അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യ്ക്കും സിനിമയില്‍ ചൂഷണങ്ങള്‍ക്കും എതിരെ സംസാരിച്ചതിന് അവരെ വാസ്തവത്തില്‍ സിനിമയ്ക്ക് പുറത്തുനിര്‍ത്തുകയായിരുന്നുവെന്നും ഹേമാ കമ്മറ്റി പറയുന്നുണ്ട്. ഡബ്ല്യുസിസി അംഗങ്ങളെ സിനിമയില്‍ അഭിനയിക്കാന്‍ അനുവദിക്കില്ലെന്ന് ഒട്ടേറെ പുരുഷന്മാര്‍ പരസ്യമായി പറഞ്ഞതായി അംഗങ്ങള്‍ പറയുന്നുവെന്നും വിശദീകരിക്കുന്നു.

ഇതേ സമിതിയുടെ മുമ്പില്‍ 51 പേര്‍ മൊഴി നല്‍കിയെന്നാണ് സൂചന. ഇതില്‍ പലതും പീഡന പരാതികളായിരുന്നു. ചിലര്‍ സാമൂഹിക നീതിയ്ക്കായി ശബ്ദമുയര്‍ത്തി. വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞതിന് തെളിവ് പോലും ഹാജരാക്കാന്‍ നടിമാര്‍ക്ക് കഴിഞ്ഞില്ല. എന്നിട്ടും അതെല്ലാം കമ്മറ്റിയ്ക്ക് വിശ്വാസ യോഗ്യമായി. എന്നാല്‍ എല്ലാം ശുദ്ധമെന്ന് പറഞ്ഞ നടിയുടെ വാക്കുകളില്‍ അസ്വാഭാവികതയും കണ്ടു. ഇതിന് കാര്യകാരണങ്ങളുമുണ്ട്. ഈ നടിയുടെ വാക്കുകളിലൂടെയാണ് മലയാള സിനിമയിലെ വനിതാ കൂട്ടായ്മ പോലും രൂപം കൊണ്ടത്. അതിന് ശേഷം അവര്‍ പിന്മാറി. ഇതിന് കാരണം ആര്‍ക്കും ഇപ്പോഴും അറിയില്ല. ആ നടയിലേക്ക് വരില്‍ ചൂണ്ടുന്നതാണ് ഹേമാ കമ്മറ്റിയിലെ വിവാദ പരാമര്‍ശങ്ങളും.

നടി ആക്രമിക്കപ്പെട്ട കേസിനെ തുടര്‍ന്ന് വിമന്‍ ഇന്‍ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) 2017 ജൂണില്‍ മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനമാണ് ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ രൂപീകരണത്തിലേക്കു നയിച്ചത്. സിനിമാരംഗത്തെ വനിതകളുടെ പ്രശ്‌നങ്ങളില്‍ ഇടപെടലും സിനിമ വ്യവസായത്തിന്റെ പുരോഗതിക്കു നിര്‍ദേശങ്ങളും ആവശ്യപ്പെട്ടായിരുന്നു ഡബ്ല്യുസിസിയുടെ നിവേദനം. അന്ന് ഈ വനിതാ കൂട്ടായ്മയിലെ പ്രധാന മുഖമാണ് കമ്മീഷന് മുന്നില്‍ നിലപാടുകള്‍ മാറ്റി പറഞ്ഞതെന്നാണ് സൂചന. എന്നാല്‍ കമ്മീഷന് ബാക്കിയുള്ളവര്‍ പറഞ്ഞത് ശരിയാണെന്ന് തോന്നിയതു കൊണ്ട് സിനിമയിലെ വില്ലന്മാരെ തുറന്നു കാട്ടി റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.

ലൈംഗിക പീഡനം അടക്കമുള്ളവയില്‍ കുറ്റക്കാര്‍ക്ക് കര്‍ശന ശിക്ഷയുറപ്പാക്കുന്ന നിയമം അനിവാര്യം എന്നാണ് നടിമാരുടെ മൊഴികള്‍ വിലയിരുത്തി കമ്മീഷന്‍ നല്‍കുന്ന ശുപാര്‍ശ. 'ദ് കേരള സിനി എംപ്ലോയേഴ്‌സ് ആന്‍ഡ് എംപ്ലോയീസ് റഗുലേഷന്‍ ആക്ട്' എന്നു നിയമത്തിനു പേരു നല്‍കാം. കെ.ആര്‍.നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പോലെയുള്ള സ്ഥാപനങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്നത് പ്രോത്സാഹിപ്പിക്കുകയും പങ്കാളിത്തം വര്‍ധിപ്പിക്കുകയും വേണമെന്നും നിര്‍ദ്ദേശിക്കുന്നു.