- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജസ്ഥാന്‍ സ്വദേശിയില്‍ നിന്ന് എസ്‌കവേറ്റര്‍ തട്ടിയെടുക്കാന്‍ ശ്രമം; വഞ്ചനാകേസില്‍ ഒളിവിലായിരുന്ന സിഐടിയു നേതാവ് അര്ജൂന്ദാസ് അറസ്റ്റില്‍; തട്ടിയെടുക്കാന്‍ ശ്രമിച്ചത് 15 ലക്ഷം രൂപ വില വരുന്ന മെഷിന്‍
വഞ്ചനാകേസില്‍ ഒളിവിലായിരുന്ന സിഐടിയു നേതാവ് അര്ജൂന്ദാസ് അറസ്റ്റില്‍
കോന്നി: രാജസ്ഥാന്‍ സ്വദേശിയെ ഭീഷണിപ്പെടുത്തി എസ്‌കവേറ്റര്‍ കൈവശപ്പെടുത്തിയ കേസില്‍ സിഐടിയു നേതാവ് അര്‍ജുന്‍ദാസിനെ
പോലീസ് അറസ്റ്റ് ചെയ്തു. വഞ്ചനക്കേസ് എടുത്തതിനെ തുടര്‍ന്ന് ഇയാളെ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് ഇന്ന് വൈകിട്ട് അഞ്ചരയോടെ തുമ്പമണില്‍ ഭാര്യ വീടിന് സമീപം നിന്നുമാണ് ഇന്‍സ്പെക്ടര്‍ പി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കേസെടുത്ത വിവരമറിഞ്ഞ് ഇയാള്‍ ഒളിപ്പിച്ച മെഷിന്‍ നേരത്തേ പോലീസ് പിടിച്ചെടുത്തിരുന്നുു. പ്രമാടത്ത് അര്‍ജുന്‍ ദാസിന്റെ തന്നെ പണി സൈറ്റില്‍ ഒളിപ്പിച്ചിരുന്ന മെഷിനാണ് പോലീസ് പിടിച്ചെടുത്തത്. സിപിഎം ബ്രാഞ്ച് സെക്രട്ടറി, സിഐടിയുവിന്റെ ജില്ലാനേതാവ് എന്നീ ലേബല്‍ ഉപയോഗിച്ച് അര്‍ജുന്‍ ദാസും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി അംഗം എന്ന പേര് പറഞ്ഞ് ഭാര്യ അഡ്വ. എസ്. കാര്‍ത്തികയും ചേര്‍ന്ന് രാജസ്ഥാന്‍ സ്വദേശി കിഷന്‍ലാലിനെ ഭീഷണിപ്പെടുത്തിയാണ് മെഷിന്‍ കൈവശം വച്ചിരുന്നത് എന്നായിരുന്നു പരാതി. കിഷന്‍ലാലിന്റെ പരാതിയില്‍ കഴിഞ്ഞ ദിവസം കോന്നി പോലീസ് അര്‍ജുന്‍ദാസിനെ പ്രതിയാക്കി വഞ്ചനാക്കുറ്റത്തിന് കേസ് എടുത്തിരുന്നു.
പാറ പൊട്ടിക്കാനുപയോഗിക്കുന്ന യന്ത്രം വാടകയ്ക്ക് എടുത്തതിന് ശേഷം തിരിച്ചു നല്‍കുകയോ വാടക കൊടുക്കുകയോ ചെയ്യാതിരുന്നതിനാണ് കേസ്. രാജസ്ഥാന്‍ സ്വദേശി കിഷന്‍ ലാലിന്റേതാണ് 15 ലക്ഷം രൂപ വില വരുന്ന മെഷിന്‍. 2021 ഏപ്രിലില്‍ പ്രതിമാസം ഒരു ലക്ഷം രൂപ വാടക വാഗ്ദാനം ചെയ്താണ് മെഷിന്‍ എടുത്തു കൊണ്ടു പോയത്. കഴിഞ്ഞ മാസം വരെ മെഷീന്‍ തിരികെ നല്‍കിയില്ല. വാടക ഇനത്തില്‍ ലഭിക്കാനുളള ആറു ലക്ഷം കിഷന്‍ലാലിന് നല്‍കാനും തയാറായിരുന്നില്ല. മെഷിന്‍ എങ്കിലും തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഭീഷണി മുഴക്കിയെന്നാണ് പരാതി. ഭീഷണി ഏറിയതോടെ കിഷന്‍ ലാല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് ഇരുകൂട്ടരെയും വിളിപ്പിച്ചു. അര്‍ജുന്‍ ദാസിനൊപ്പം സിഡബ്ല്യുസി അംഗമായ ഭാര്യ അഡ്വ. കാര്‍ത്തികയും പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു.
മെഷിന്‍ വിട്ടു നല്‍കുന്നതിന് ആറു ലക്ഷം രൂപ കിഷന്‍ലാലിനോട് ഇവര്‍ ആവശ്യപ്പെട്ടുവെന്ന് പോലീസ് പറയുന്നു. തനിക്ക് പണി നടത്താന്‍ കഴിഞ്ഞില്ലെന്നും അതിനാല്‍ ആറു ലക്ഷം വേണമെന്നുമായിരുന്നു ആവശ്യം. കിഷന്‍ലാലിനെ ഭീഷണിപ്പെടുത്തി രണ്ടു ലക്ഷം വാങ്ങാനും നീക്കം നടന്നു. പോലീസ് ഇടപെട്ടതോടെ നീക്കം പൊളിഞ്ഞു. കേസാകുമെന്ന് കണ്ടതോടെ മെഷിന്‍ ഇവര്‍ മാറ്റുകയായിരുന്നു. രാജസ്ഥാന്‍ സ്വദേശിയുടെ ഏക ഉപജീവന മാര്‍ഗമായ മെഷിനാണ് തട്ടിയെടുക്കാന്‍ ശ്രമം നടന്നിരിക്കുന്നത്. വിശ്വാസ വഞ്ചനയ്ക്കാണ് കോന്നി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അടിപിടി, വധഭീഷണി അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ അര്‍ജുന്‍ദാസ് പ്രതിയാണ്. തുമ്പമണ്‍ ടൗണ്‍ സൗത്ത് ബ്രാഞ്ച് സെക്രട്ടറിയായിരിക്കേ കോണ്‍ഗ്രസ് നേതാവിന്റെ കൈവെട്ടുമെന്ന് ഭീഷണി മുഴക്കിയത് അടക്കമുള്ള പരാതികളില്‍ പോലീസ് കേസെടുത്തിരുന്നു. ഇതോടെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇയാളെ നീക്കം ചെയ്തു.
സിപിഎം ജില്ലാ സെക്രട്ടറി അടക്കം അര്‍ജുന്‍ദാസിനെതിരേ രംഗത്തുണ്ട്. എന്നാല്‍ അടൂരില്‍ നിന്നുള്ള നേതാക്കള്‍ ഇയാള്‍ക്ക് അനുകൂലമാണ്.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്