പാലക്കാട്: നോക്കുകൂലി എന്ന പ്രതിഭാസം കേരളത്തില്‍ അല്ലാതെ എവിടെയും ഇല്ലെന്ന് പാര്‍ലമെന്റില്‍ പറഞ്ഞ കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമനെ തൊഴിലാളി വിരുദ്ധയെന്നാണ് സിപിഎം വിമര്‍ശിച്ചത്. നിര്‍മല സീതാരാമന്റെ മനസ്, നിര്‍മലമനസാണെന്നാ വിചാരിച്ചിരുന്നത്, പക്ഷേ തൊഴിലാളി വിരുദ്ധ പോയിസണ്‍ കുത്തിവെച്ച മനസാണെന്ന് മനസിലായില്ലെന്നാണ് ഒരു നേതാവ് പ്രതികരിച്ചത്. നോക്കുകൂലി കേരളത്തില്‍ ഇല്ലെന്ന് മന്ത്രിമാരും, സിപിഎമ്മും ആണയിട്ട് പറയുന്നതിനിടെയാണ് പാലക്കാട് കുളപ്പുള്ളിയില്‍, യന്ത്രം മൂലം തൊഴില്‍ നഷ്ടമാകുന്നുവെന്ന് ആരോപിച്ച് സിഐടിയു കുടില്‍ കെട്ടി സമരം ആരംഭിച്ചത്.

സിമന്റ് ഇറക്കാന്‍ അനുവദിക്കാതെ സമരം

കയറ്റിറക്ക് യന്ത്രം കൊണ്ടുവന്നതിനാല്‍ തൊഴില്‍ നഷ്ടമുണ്ടായെന്ന് ആരോപിച്ചാണ് പ്രകാശ് സ്റ്റീല്‍സ് ആന്‍ഡ് സിമന്റ്‌സ് എന്ന സ്ഥാപനത്തിന് മുന്നില്‍ സിഐടിയു കുടില്‍കെട്ടി സമരം തുടരുന്നത്. മൂന്ന് മാസം മുന്‍പായിരുന്നു യന്ത്രം എത്തിച്ചത്. ഇതോടെ, തൊഴില്‍ നഷ്ടം ഉണ്ടാകുമെന്ന വാദവുമായി സിഐടിയു രംഗത്തെത്തി. രണ്ട് പേര്‍ക്ക് മാത്രമേ തൊഴില്‍ നല്‍കാന്‍ കഴിയൂ എന്ന് ഉടമയായ ജയപ്രകാശ് വ്യക്തമാക്കി. നാല് പേര്‍ക്കെങ്കിലും തൊഴില്‍ നല്‍കണമെന്ന ആവശ്യപ്പെട്ട് സിഐടിയു നിലപാട് കടുപ്പിച്ചു. ഹൈക്കോടതിയില്‍ നിന്ന് ഉടമക്ക് അനുകൂലമായി വിധി വന്നെങ്കിലും സിഐടിയു ഉടക്കുമായി രംഗത്തെത്തി.

അടുത്ത സിറ്റിങ് വരെ കയറ്റിറക്ക് യന്ത്രം ഉപയോഗിക്കാമെന്നത് തുടരുമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതോടെ പ്രകാശ് സ്റ്റീല്‍സ് ആന്‍ഡ് സിമന്റ്‌സിന് മുന്നില്‍ സിഐടിയു കുത്തിയിരിപ്പ് സമരം തുടങ്ങി. രണ്ട് പേര്‍ക്കെങ്കിലും തൊഴില്‍ നല്‍കാതെ യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് സിഐടിയുവിന്റെ നിലപാട്. ഇതിനെതിരെ കുളപ്പുള്ളിയിലെ വ്യാപാരികള്‍ കടകള്‍ അടച്ച് പ്രതിഷേധം വരെ നടത്തി.

കടയില്‍ ആളുകയറുന്നില്ലെന്ന് ഉടമ

സിപിഎം നേതൃത്വം നല്‍കുന്ന സമരത്തില്‍ തനിക്ക് ഭീഷണിയുണ്ടെന്നും ഉടമ പറഞ്ഞു. കടയില്‍ ആള് കയറുന്നില്ലെന്നും അദേഹം പറഞ്ഞു. പൊലീസ് വിഷയത്തില്‍ ഇടപെടുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. സിമന്റ് ചാക്കുകളുടെ കയറ്റിറക്ക് എളുപ്പമാക്കാന്‍ 6 ലക്ഷത്തോളം രൂപ മുടക്കിയാണ് ജയപ്രകാശ് യന്ത്രം സ്ഥാപിച്ചത്.

യന്ത്രംകൊണ്ട് സിമന്റ് ചാക്കുകള്‍ കയറ്റുന്ന സ്ഥലത്തും ഇറക്കുന്ന സ്ഥലത്തും ഒരു തൊഴിലാളി വീതം മതി. സിഐടിയു പ്രതിഷേധിച്ചപ്പോഴാണ് രണ്ടു തൊഴിലാളികളെ ഉള്‍പ്പെടുത്താമെന്നും ചാക്കിന് 7.90 രൂപ നല്‍കാമെന്നും ജയപ്രകാശ് സമ്മതിച്ചത്. എന്നാല്‍, 6 ലോഡിങ് തൊഴിലാളികള്‍ ജോലിക്ക് എത്തിയതോടെ ജയപ്രകാശ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

യന്ത്രം ഉപയോഗിച്ചും തന്റെ ജീവനക്കാരുടെ സഹായത്തോടെയും ജയപ്രകാശിനു കയറ്റിറക്കു നടത്താമെന്ന് ഹൈക്കോടതി ഉത്തരവായി. ഉത്തരവു കാണിച്ചിട്ടും ലോഡിങ് തൊഴിലാളികള്‍ എതിര്‍ത്തതോടെ ജയപ്രകാശ് പൊലീസിന്റെ സഹായം തേടി. അതിനിടെയാണ് തൊഴില്‍ നിഷേധം ആരോപിച്ച് സിഐടിയു പ്രവര്‍ത്തകര്‍ സ്ഥാപനത്തിനു മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്.

തൊഴില്‍ നിഷേധമെന്ന് സിഐടിയു

ജയപ്രകാശ് നടത്തുന്നതു തൊഴില്‍ നിഷേധമാണെന്നു സിഐടിയു പറയുന്നു. മറ്റുള്ള സ്ഥാപനങ്ങളില്‍ ഒരു ലോഡിന് 13 രൂപ വരെ വാങ്ങുമ്പോള്‍ ഇവിടെ 7.90 രൂപയ്ക്കാണ് ലോഡിങ് തൊഴിലാളികള്‍ സിമന്റ് ഇറക്കാന്‍ സമ്മതിച്ചത്. എന്നിട്ടും തൊഴിലാളികളെ ഉള്‍പ്പെടുത്തിയില്ല.

ഇതര സംസ്ഥാന തൊഴിലാളികളെ വെച്ച് സിമന്റ് ലോഡ് ഇറക്കുന്നതാണ് തടഞ്ഞതെന്നാണ് സിഐടിയു പ്രതികരണം. യന്ത്രത്തിനെതിരായിട്ടല്ല സമരമെന്ന് സിഐടിയു നേതാക്കള്‍ പറയുന്നു

വ്യാപാരിക്ക് പിന്തുണയുമായി ബിജെപി

ഭീഷണി നേരിടുന്ന വ്യാപാരി ജയപ്രകാശിന് പിന്തുണ അറിയിച്ച് ബിജെപി രംഗത്തെത്തി. ബിജെപി വെസ്റ്റ് ജില്ലാ അധ്യക്ഷന്‍ പി.വേണുഗോപാലന്റെ നേതൃത്വത്തില്‍ ജയപ്രകാശിനെ നേരില്‍ കണ്ടാണ് നേതാക്കള്‍ പിന്തുണ അറിയിച്ചത്. പാര്‍ലമെന്റില്‍ നോക്കുകൂലിയെ കുറിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പരാമര്‍ശം നടത്തി ദിവസങ്ങള്‍ക്കുള്ളിലാണ് ഇത്തരമൊരു സംഭവമെന്ന് ബിജെപി ഓര്‍മിപ്പിച്ചു.

സിഐടിയു ഭീഷണി അംഗീകരിക്കാന്‍ ആവില്ലെന്ന് ബിജെപി വെസ്റ്റ് ജില്ലാ അധ്യക്ഷന്‍ പി.വേണുഗോപാല്‍ വ്യക്തമാക്കി. കേരളത്തില്‍ വ്യവസായങ്ങളെ തകര്‍ക്കാനാണ് സിപിഎമ്മും തൊഴിലാളി സംഘടനയും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിര്‍മ്മല സീതാരാമന്‍ പറഞ്ഞത്

ബസില്‍ നിന്നിറങ്ങി ലഗേജുമായി പോകുന്നവര്‍ക്ക് പോലും നോക്കുകൂലി ചുമത്തുന്ന രീതിയിലുള്ള കമ്യൂണിസമാണ് കേരളത്തിലുള്ളതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു, ആ കമ്യൂണിസമാണ് കേരളത്തിലും പശ്ചിമ ബംഗാളിലും വ്യവസായം തകര്‍ത്തതെന്നും രാജ്യസഭയില്‍ മന്ത്രി ആരോപിച്ചു.

'നോക്കുകൂലിയെന്ന പ്രതിഭാസം വേറെ എവിടെയുമില്ല. ബസ് യാത്രക്കാരുടെ ലഗേജ് ഇറക്കിവെക്കാന്‍ പോര്‍ട്ടര്‍മാര്‍ 50 രൂപ കൂലി വാങ്ങും. ഒപ്പം, അത്രസമയം നോക്കിനിന്നതിന് 50 രൂപ കൂടി വാങ്ങും. ഇതാണ് നോക്കുകൂലി. സി.പി.എമ്മുകാരാണ് ഇതിന് പിന്നില്‍. അങ്ങനെയുള്ള കമ്യൂണിസമാണ് കേരളത്തിലുള്ളത്. രണ്ടുദിവസം മുന്‍പ് നല്‍കിയ ഇന്റര്‍വ്യൂവില്‍ പോലും അവിടെ നോക്കുകൂലിയില്ലെന്ന് കേരളത്തിന്റെ മുഖ്യമന്ത്രിക്ക് പറയേണ്ടി വരുന്നു. തന്നെ കൂടുതല്‍ പഠിപ്പിക്കാന്‍ നില്‍ക്കേണ്ടെന്നും ആ മേഖലയില്‍ നിന്നുള്ളയാളാണ് താനെന്നും പ്രതിപക്ഷ അംഗങ്ങളോട് മന്ത്രി പറഞ്ഞു.