ന്യൂഡല്‍ഹി: 2024ലെ സിവില്‍ സര്‍വീസ് ഫലം പ്രസിദ്ധീകരിച്ചു. യുപി പ്രയാഗ് രാജ് സ്വദേശി ശക്തി ദുബെയ്ക്കാണ് ഒന്നാം റാങ്ക്. ഹര്‍ഷിത ഗോയല്‍ രണ്ടാം റാങ്കും ഡോങ്‌ഗ്രെ അര്‍ചിത് പരാഗ് മൂന്നാം റാങ്കും നേടി. ആദ്യ 100 റാങ്കുകളില്‍ 5 മലയാളികള്‍ ഇടം പിടിച്ചു. ആദ്യ അഞ്ചില്‍ മൂന്നും വനിതകളാണ്. ആദ്യ രണ്ട് റാങ്കുകളും വനിതകള്‍ക്കാണ്. ഫലം upsc.gov.in എന്ന വെബ്‌സൈറ്റില്‍ അറിയാം. 1132 ഒഴിവുകളിലേക്കാണ് ഇക്കുറി നിയമനം നടക്കുക.

ആദ്യ പത്ത് റാങ്കുകാര്‍ ഇവര്‍. 1- ശക്തി ദുബെ, 2-ഹര്‍ഷിത ഗോയല്‍, 3-ദോങ്‌ഗ്രെ അര്‍ചിത് പരാഗ്, 4-ഷാ മാര്‍ഗി ചിരാഗ്, 5-ആകാശ് ഗാര്‍ഗ്, 6-കോമല്‍ പുനിയ, 7- ആയുഷി ബന്‍സല്‍, 8- രാജ് കൃഷ്ണ ഝാ, 9- ആദിത്യ വിക്രം അഗര്‍വാള്‍, 10 - മായങ്ക് ത്രിപഠി.

ആദ്യ പത്തില്‍ ആരും മലയാളികളല്ല. ആല്‍ഫ്രഡ് തോമസ് -33, മാളവിക ജി നായര്‍ - 45, ജിപി നന്ദന - 47, സോണറ്റ് ജോസ് - 54, റീനു അന്ന മാത്യു - 81, ദേവിക പ്രിയദര്‍ശിനി - 95 എന്നിവരാണ് പട്ടികയില്‍ ആദ്യ നൂറില്‍ ഇടംപിടിച്ച മലയാളി വനിതകളെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

പൊളിറ്റിക്കല്‍ സയന്‍സും ഇന്റര്‍നാഷനല്‍ റിലേഷന്‍സുമായിരുന്നു ഒന്നും രണ്ടും റാങ്കുകാരുടെ ഓപ്ഷനല്‍ വിഷയങ്ങള്‍. മൂന്നാം റാങ്കുകാരനായ പരാഗ് ഫിലോസഫിയാണ് ഓപ്ഷനായി എടുത്തത്. ആദ്യ 25 റാങ്കുകാരില്‍ 14 പുരുഷന്‍മാരും 11 സ്ത്രീകളും ഇടംപിടിച്ചു. എഞ്ചിനീയറിങ്, ഹ്യുമാനിറ്റീസ്, സയന്‍സ്, കൊമേഴ്‌സ്, മെഡിക്കല്‍ സയന്‍സ്, ആര്‍ക്കിടെക്ചര്‍ എന്നിവയില്‍ ബിരുദബിരുദാനന്തരധാരികളാണ് റാങ്കുജേതാക്കളിലേറെയും.

ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ്, സെന്‍ട്രല്‍ സര്‍വീസ്, ഗ്രൂപ് എ, ഗ്രൂപ്പ് ബി സര്‍വീസുകളിലേക്കാണ് പരീക്ഷ നടത്തിയത്. ജനറല്‍ വിഭാഗത്തില്‍ 335 പേരും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്‍ഗണനാ വിഭാഗങ്ങളില്‍ നിന്ന് 109 പേരും ഒബിസി വിഭാഗത്തില്‍ നിന്ന് 318 പേരും എസ്സി വിഭാഗത്തില്‍ നിന്ന് 160 പേരും എസ്ടി വിഭാഗത്തില്‍ നിന്ന് 87 പേരുമടക്കം 1009 പേരുടെ റാങ്ക് പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 180 പേര്‍ക്ക് ഐഎഎസും 55 പേര്‍ക്ക് ഐഎഫ്എസും 147 പേര്‍ക്ക് ഐപിഎസും ലഭിക്കും. സെന്‍ട്രല്‍ സര്‍വീസ് ഗ്രൂപ് എ വിഭാഗത്തില്‍ 605 പേരെയും ഗ്രൂപ്പ് വിഭാഗത്തില്‍ 142 പേരെയും നിയമിക്കും.

വിവിധ സര്‍വീസുകളിലേക്കായി 1009 പേരുടെ പട്ടിക (725 പുരുഷന്‍മാരും 284 സ്ത്രീകളും) യാണ് യുപിഎസ്‌സി പ്രസിദ്ധീകരിച്ചിട്ടുള്ളത്. 5,83,213 പേരാണ് ഇക്കുറി ജൂണില്‍ നടന്ന പ്രിലിമിനറി പരീക്ഷ എഴുതി. ഈ കടമ്പ കടന്ന 14,627 പേര്‍ മെയിന്‍ സെപ്റ്റംബറില്‍ നടന്ന മെയിന്‍ പരീക്ഷ എഴുതി. ഈ പരീക്ഷയും കടന്ന 2845 പേരാണ് വ്യക്തിഗത അഭിമുഖത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.