തിരുവനന്തപുരം: ഇടക്കാലത്ത് തല്ലുമാല സിനിമ പുറത്തിറങ്ങിയ ശേഷം മലയാളക്കരയില്‍ പത്രമാധ്യമങ്ങളില്‍ വന്നുകൊണ്ടിരുന്ന വാര്‍ത്തകള്‍ കൂട്ടത്തല്ലിന്റേതായിരുന്നു. ഒന്നും രണ്ടും പറഞ്ഞ് കൂട്ടത്തല്ലാകുന്ന സംഭവങ്ങല്‍ മലയാളികള്‍ ശരിക്കും ആഘോഷിക്കുകയും ചെയ്തു. ഇപ്പോഴിതാ തിരുവനന്തപുരത്തു നിന്നും ഒരു കല്ല്യാണ തല്ലിന്റെ വാര്‍ത്താണ് പുറത്തുവരുന്നത്. നെടുമങ്ങാട് ഗ്രീന്‍ലാന്‍ഡ് ഓഡിറ്റോറിയത്തില്‍ വിവാഹസല്‍ക്കാരത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്.

വധുവിന്റെ വീട്ടുകാര്‍ വന്ന ബസ്സില്‍ പാട്ട് ഇട്ടതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍ ദമ്പതിമാര്‍ക്കും ഒന്നരവയസ്സുള്ള കുഞ്ഞിനും പരിക്കേറ്റതായാണ് പരാതി. സംഭവത്തില്‍ നാലുപേര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. ഇതില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഫൈസല്‍, ഷാഹിദ് എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.

നെടുമങ്ങാട് സ്വദേശിയുടെയും കല്ലറ സ്വദേശിനിയുടെയും കഴിഞ്ഞദിവസം നടന്ന വിവാഹ സല്‍ക്കാരത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വന്ന ബസ്സില്‍ പാട്ട് ഇട്ടതിനെ തുടര്‍ന്നുള്ള തര്‍ക്കം ആണ് അടിപിടിയില്‍ കലാശിച്ചത്. ബസ്സില്‍ നിന്നും ഓഡിറ്റോറിയത്തിലേക്ക് ഇറങ്ങിയ സമയം ഇതുസംബന്ധിച്ച് വാക്കുതര്‍ക്കവും അടിപിടിയും ഉണ്ടായി. ആന്‍സി (30), ഭര്‍ത്താവ് ഷെഫീഖ്, ഇവരുടെ ഒന്നരവയസ്സുള്ള മകന്‍ ഷെഫാന്‍ എന്നിവരെ കടയ്ക്കല്‍ സ്വദേശി ഫൈസല്‍, കല്ലറ സ്വദേശികളായ ഷാഹിദ്, റിട്ട. പോലീസ് ഉദ്യോഗസ്ഥന്‍ ജലാലുദ്ദീന്‍, ഷാജി എന്നിവര്‍ ചേര്‍ന്ന് ദേഹോപദ്രവം ഏല്‍പ്പിച്ചെന്നാണ് പരാതി.

സംഭവമറിഞ്ഞ് നെടുമങ്ങാട് സ്റ്റേഷനില്‍നിന്നും പ്രിന്‍സിപ്പല്‍ എസ്.ഐ. സന്തോഷിന്റെ നേതൃത്വത്തില്‍ പോലീസ് സംഘമെത്തി പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നതിനിടെ പോലീസിന് നേരേയും കൈയേറ്റമുണ്ടായി. മദ്യലഹരിയിലായിരുന്ന പ്രതികളായ ഫൈസലും ഷാഹിദും എസ്.ഐ.യോട് കയര്‍ത്ത് സംസാരിക്കുകയും പോലീസ് ജീപ്പില്‍ കയറ്റാന്‍ ശ്രമിച്ച സമയം എസ്.ഐ.യുമായി ബലപ്രയോഗം നടത്തുകയുമായിരുന്നു.

ഇതിനിടെ എസ്.ഐ.യുടെ ഫോണ്‍ നിലത്തുവീണു പൊട്ടുകയും എസ്.ഐ.യ്ക്ക് പരിക്കേല്‍ക്കുകയുംചെയ്തു. എസ്.ഐ. പിന്നീട് നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. സംഘര്‍ഷത്തില്‍ പരിക്കേറ്റ അന്‍സിയെയും മകന്‍ ഷഫാനെയും നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയറിലും തലയ്ക്കും പരിക്കുള്ളതിനാല്‍ കുട്ടിയെ പിന്നീട് എസ്.എ.ടി. ആശുപത്രിയിലേക്ക് മാറ്റി.

നേരത്തെ വിവാഹത്തിന് പപ്പടം ലഭിക്കാത്തതിന്റെ പേരില്‍ നടന്ന കൂട്ടത്തല്ലിനെ ചൊല്ലിയും സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ എത്തിയിരുന്നു.

കൊല്ലം ജില്ലയുടെ ബോഡറിന് അടുത്ത് എന്തോ പപ്പട ലഹള നടന്നുവെന്ന വിധത്തിലായുന്നു അന്ന് ട്രോളുകള്‍ എത്തിയത്.