ബസ്തർ: ഛത്തീസ്‌ഗഡിലെ ബസ്തർ മേഖലയിൽ ശവസംസ്‌കാര ചടങ്ങുകളെച്ചൊല്ലിയുണ്ടായ തർക്കം വലിയ വർഗീയ സംഘർഷത്തിന് കാരണമായി. കാങ്കർ ജില്ലയിലെ ബഡെറ്റെവ്‌ഡ ഗ്രാമത്തിലാണ് സംഭവങ്ങളുടെ തുടക്കം. മതപരിവർത്തനം നടത്തിയ ഗ്രാമ സർപഞ്ച് രാജ്‌മാൻ സലാം, അന്തരിച്ച തന്റെ പിതാവിന്റെ മൃതദേഹം ക്രൈസ്തവ ആചാരപ്രകാരം സംസ്‌കരിച്ചതാണ് പ്രദേശവാസികളെ പ്രകോപിപ്പിച്ചത്.

രാജ്‌മാൻ സലാമിന്റെ 70 വയസ്സുകാരനായ പിതാവ് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. മകൻ ക്രിസ്ത്യൻ മതം സ്വീകരിച്ചിരുന്നെങ്കിലും പിതാവ് ആ മതം സ്വീകരിച്ചിരുന്നില്ല. അതിനാൽ, പിതാവിനെ ക്രിസ്ത്യൻ രീതിയിൽ സംസ്‌കരിക്കാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ നിലപാടെടുത്തു. മൃതദേഹം നാട്ടുകാർ ചേർന്ന് പരമ്പരാഗത ആചാരപ്രകാരം സംസ്‌കരിക്കുമെന്നും രാജ്‌മാൻ സലാം ചടങ്ങുകളിൽ പങ്കെടുക്കേണ്ടതില്ലെന്നും അവർ അറിയിച്ചു. എന്നാൽ, നാട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് രാജ്‌മാൻ തന്റെ വീടിനോട് ചേർന്നുള്ള സ്വന്തം ഭൂമിയിൽ പിതാവിനെ ക്രൈസ്തവ രീതിയിൽ സംസ്‌കരിച്ചു.

ഇതോടെ കുപിതരായ ഒരു വിഭാഗം ആളുകൾ സംഘടിക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്തു. സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്ത് മരിച്ചയാളുടെ യഥാർത്ഥ മതപരമായ രീതിയിൽ വീണ്ടും സംസ്‌കരിക്കണമെന്നതാണ് ഇവരുടെ ആവശ്യം. ഡിസംബർ 16, 17 തീയതികളിൽ തുടങ്ങിയ തർക്കം പിന്നീട് അക്രമത്തിലേക്ക് മാറി. കഴിഞ്ഞ ദിവസം ആയുധധാരികളായ സംഘം ഗ്രാമത്തിലേക്ക് പ്രവേശിച്ചതോടെ സ്ഥിതിഗതികൾ നിയന്ത്രണാതീതമായി. പ്രദേശത്തെ ഒരു ക്രൈസ്തവ ആരാധനാലയം ജനക്കൂട്ടം തകർത്തതായും ആരോപണമുണ്ട്. സംഘർഷം തടയാൻ ശ്രമിച്ച 20 ഓളം പോലീസുകാർക്ക് പരിക്കേറ്റതായാണ് വിവരം.

ബസ്തർ മേഖലയിൽ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. ഈ വർഷം ജനുവരിയിൽ തന്റെ പിതാവിനെ ക്രിസ്ത്യൻ രീതിയിൽ സംസ്‌കരിക്കാൻ ഇടം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു യുവാവ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സുപ്രീം കോടതി ഹർജി തള്ളിയെങ്കിലും സംസ്ഥാനത്തുടനീളം ക്രിസ്ത്യാനികൾക്കായി പ്രത്യേക ശ്മശാനങ്ങൾ ഒരുക്കാൻ സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു.

നിലവിൽ ബഡെറ്റെവ്‌ഡ ഗ്രാമത്തിൽ കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഇരു വിഭാഗങ്ങളുമായും ചർച്ച നടത്തി സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ അധികൃതർ തുടരുകയാണ്. മതപരിവർത്തനവും ആചാരങ്ങളും തമ്മിലുള്ള ഈ തർക്കം ബസ്തറിലെ ഗോത്രവർഗ്ഗ മേഖലകളിൽ വലിയ സാമൂഹിക പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്.