ന്യൂഡല്‍ഹി: ജമ്മു കശ്മീരിലും ഹിമാചല്‍ പ്രദേശിലും കനത്ത മഴയിലും മിന്നല്‍ പ്രളയത്തിലും വ്യാപക നാശനഷ്ടങ്ങള്‍. ജമ്മു കശ്മീരിലെ കത്വ ജില്ലയില്‍ വീണ്ടും മേഘവിസ്‌ഫോടനം ഉണ്ടായി. ഇതില്‍ ഏഴ് പേര്‍ മരിക്കുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച അര്‍ധരാത്രിയാണ് അപകടമുണ്ടായത് എന്നാണ് വിവരം. രാജ്ബാഗിലെ ജോദ് ഘാട്ടി ഗ്രാമത്തിലാണ് മേഘവിസ്ഫോടനം ഉണ്ടായതെന്നും ഇത് ഗ്രാമത്തിലേക്കുള്ള പ്രവേശനം തടസപ്പെടുത്തുകയും ഭൂമിക്കും സ്വത്തിനും നാശനഷ്ടമുണ്ടാക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.

കഠിനമായ പരിശ്രമത്തിനൊടുവിലാണ് പോലീസിന്റെയും സംസ്ഥാന ദുരന്തനിവാരണ സേനയുടെയും (SDRF) സംയുക്ത സംഘത്തിന് സംഭവസ്ഥലത്തെത്താനായത്. പ്രാദേശിക സന്നദ്ധപ്രവര്‍ത്തകരോടൊപ്പം രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇതുവരെ ഏഴുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായും പരിക്കേറ്റ ആറുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു.

കത്വ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബഗാര്‍ഡ്, ചാങ്ദ ഗ്രാമങ്ങളിലും ലഖന്‍പുര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ദില്‍വാന്‍-ഹത്‌ലിയിലും മണ്ണിടിച്ചിലുണ്ടായെങ്കിലും വലിയ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കനത്ത മഴയെ തുടര്‍ന്ന് മിക്ക ജലാശയങ്ങളിലും ജലനിരപ്പ് കുത്തനെ ഉയര്‍ന്നിട്ടുണ്ടെന്നും ഉജ് നദി അപകടകരമായ വിധത്തിലാണ് ഒഴുകുന്നതെന്നും അധികൃതര്‍ പറഞ്ഞു. ജില്ലാ ഭരണകൂടം സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. സുരക്ഷയ്ക്കായി ജലാശയങ്ങളില്‍ നിന്ന് ആളുകള്‍ വിട്ടുനില്‍ക്കണമെന്നും അധികൃതര്‍ അറിയിച്ചു.

ദേശീയപാതയും റെയില്‍വേ ട്രാക്കും പൊലീസ് സ്റ്റേഷനും കേടുപാടുകള്‍ സംഭവിച്ചതായി ജമ്മുവില്‍നിന്നുള്ള എംപിയും കേന്ദ്ര മന്ത്രിയുമായ ജിതേന്ദ്ര സിങ് പറഞ്ഞു. സൈന്യവും ജില്ലാ ഭരണകൂടവും സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും രക്ഷാപ്രവര്‍ത്തനം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും ജനങ്ങളെ സുരക്ഷിതരാക്കാനും നിര്‍ദേശം നല്‍കി. ശക്തവും അതിശക്തവുമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഈയാഴ്ച ജമ്മു ഡിവിഷനിലെ കിശ്ത്വാഡില്‍ മേഘവിസ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ മരണം 60 കഴിഞ്ഞു. ഇതില്‍ രണ്ടുപേര്‍ സിഐഎസ്എഫ് ഭടന്‍മാരാണ്. നൂറിലേറെ പേര്‍ക്കു പരുക്കേറ്റു. നിരവധിപേരെ ഇനിയും കണ്ടെത്താനായിട്ടില്ല.

ഹിമാചല്‍ പ്രദേശിലും സ്ഥിതി രൂക്ഷമാണ്. അതിശക്തമായ മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ മൂന്നിടങ്ങളില്‍ മിന്നല്‍ പ്രളയമുണ്ടായി. മാണ്ഡി ജില്ലയിലെ പനാര്‍സ, തക്കോലി, നാഗ്വെയിന്‍ എന്നിവിടങ്ങളിലാണ് മിന്നല്‍ പ്രളയം നാശം വിതച്ചത്. മിന്നല്‍ പ്രളയത്തില്‍ ചണ്ഡിഗഡ്-മണാലി ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. പ്രദേശത്ത് വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.

സംഭവങ്ങളില്‍ ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്ന് മണ്ഡി എഎസ്പി സച്ചിന്‍ ഹിരേമത്ത് അറിയിച്ചു. ഹിമാചല്‍ പ്രദേശ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച്, സംസ്ഥാനത്തുടനീളമുള്ള കനത്ത മഴയില്‍ 374 റോഡുകളും, 524 വൈദ്യുതി വിതരണ ട്രാന്‍സ്ഫോര്‍മറുകളും, 145 കുടിവെള്ള പദ്ധതികളും തടസപ്പെട്ടു. മണ്ണിടിച്ചിലിനെയും മിന്നല്‍പ്രളയത്തെയും തുടര്‍ന്ന് എന്‍എച്ച്-305, എന്‍എച്ച്-05 എന്നിവയുള്‍പ്പെടെയുള്ള പ്രധാന പാതകള്‍ അടഞ്ഞുകിടക്കുകയാണ്. മണ്ഡി, കുളു, കിന്നൗര്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ ജില്ലകള്‍.

ഈ മണ്‍സൂണില്‍ ജൂണ്‍ 20 മുതലുള്ള ആകെ മരണസംഖ്യ 257 ആയി ഉയര്‍ന്നു. ഇതില്‍ 133 പേര്‍ മണ്ണിടിച്ചില്‍, മിന്നല്‍പ്രളയം, വീടുകള്‍ തകരല്‍ എന്നിവ മൂലവും, 124 പേര്‍ വാഹനാപകടങ്ങളിലും മരിച്ചു. 203 റോഡുകള്‍ അടയ്ക്കുകയും 458 ട്രാന്‍സ്ഫോര്‍മറുകള്‍ പ്രവര്‍ത്തനരഹിതമാവുകയും ചെയ്ത മണ്ഡിയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കുളുവില്‍, വലിയ മണ്ണിടിച്ചിലുണ്ടായ എന്‍എച്ച്-305ലെ ഝേഡ് (ഖനാഗ്) ഉള്‍പ്പെടെ 79 റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്. പുനഃസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും തുടര്‍ച്ചയായ മഴയും പുതിയ മണ്ണിടിച്ചിലുകളും ഇതിന്റെ പുരോഗതിയെ തടസ്സപ്പെടുത്തുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ചംബ, കാന്‍ഗ്ര, മണ്ഡി എന്നിവിടങ്ങളിലെ കുടിവെള്ള പദ്ധതികളെയും ഇത് ബാധിച്ചിട്ടുണ്ട്.

കിന്നൗറില്‍ എന്‍എച്ച്-05 ഉള്‍പ്പെടെ ആറ് റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്. മിന്നല്‍പ്രളയവും ഹൈ-ടെന്‍ഷന്‍ ലൈനുകളിലെ തകരാറുകളും കാരണം കുളുവിലും ലഹോള്‍-സ്പിതിയിലും വൈദ്യുതി മുടങ്ങി. വരും ദിവസങ്ങളില്‍ ഇടവിട്ടുള്ള മഴ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയേക്കാമെന്നും ദുര്‍ബലമായ പാതകളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.