തിരുവനന്തപുരം: ഗവര്‍ണര്‍ക്ക് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുട്ടുമടക്കി. വൈസ് ചാന്‍സലര്‍ നിയമനത്തില്‍ അങ്ങനെ ഒത്തു തീര്‍പ്പ് വരികയാണ്. എന്നാല്‍ ഈ ഒത്തു തീര്‍പ്പ് എങ്ങനെ സുപ്രീംകോടതി എടുക്കുമെന്നതാണ് ഉയരുന്ന ചോദ്യം. വിസി നിയമനത്തില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ധാരണ എത്തുന്നത് സുപ്രീംകോടതിയുടെ പരിഗണനയില്‍ തീരുമാനം ഇരിക്കവേയാണ്. സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി സിസ തോമസിനെ നിയമിച്ചു. ഡിജിറ്റല്‍ സര്‍വകലാശാല വിസിയായി സജി ഗോപിനാഥിനെയും ചാന്‍സലറായ ഗവര്‍ണ്ണറും അംഗീകരിച്ചു. സിസ തോമസിന്റെ നിയമനത്തില്‍ സര്‍ക്കാര്‍ വഴങ്ങിയിരിക്കുകയാണ്. നിയമനം സംബന്ധിച്ച് ലോക്ഭവന്‍ വിജ്ഞാപനം പുറത്തിറക്കി. നാളെ സുപ്രീം കോടതിയെ തീരുമാനം അറിയിക്കും. ഈ തീരുമാനം സുപ്രീംകോടതി അംഗീകരിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.

വി.സി നിയമന തര്‍ക്കത്തിനിടെ ഗവര്‍ണറും മുഖ്യമന്ത്രിയും ലോക്ഭവനില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ക്രിസ്മസ് വിരുന്നിന് ഗവര്‍ണറെ ക്ഷണിക്കാനെത്തിയതാണ് എന്നായിരുന്നു ഔദ്യോഗിക വിശദീകരണം. മറ്റു വിഷയങ്ങള്‍ ചര്‍ച്ചയായോ എന്നു പുറത്തു പറഞ്ഞിരുന്നില്ല. കേരള ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലറായി ആരെ നിയമിക്കണമെന്നു ഗവര്‍ണറും സംസ്ഥാന സര്‍ക്കാരുമായി ധാരണയാകാത്ത സാഹചര്യത്തില്‍ ആ ചുമതല സുപ്രീം കോടതി ഏറ്റെടുത്തിരുന്നു. ഇരു സര്‍വകലാശാലകളിലേക്കും ചുരുക്കപ്പട്ടിക തയാറാക്കിയ ജസ്റ്റിസ് സുധാംശു ധൂലിയ സമിതിയോട് വി.സി സ്ഥാനത്തേക്കുള്ള പേരുകള്‍ മുന്‍ഗണനാക്രമത്തില്‍ നല്‍കാന്‍ ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, കെ.വി. വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്. 17ന് അകം രഹസ്യരേഖയായി നല്‍കണം. കേസ് ഇനി പരിഗണിക്കുന്ന 18നു കോടതി തീരുമാനം പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചത്. ഇതിനിടെയാണ് മുഖ്യമന്ത്രിയും ഗവര്‍ണ്ണറും തമ്മില്‍ കണ്ടത്. ഇതോടെ എല്ലാ പ്രശ്‌നവും തീര്‍ന്നു. സര്‍ക്കാരും ലോക്ഭവനും വീണ്ടും ഒരു മനസ്സിലായി.

നിയമമന്ത്രി പി.രാജീവും ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദുവുമാണ് വി.സി വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുമായി ആദ്യം കൂടിക്കാഴ്ച നടത്തിയത്. സാങ്കേതിക സര്‍വകലാശാലയിലേക്ക് (കെടിയു) ഗവര്‍ണര്‍ നിര്‍ദേശിച്ച ഡോ.സിസ തോമസിന്റെ പേരില്‍ തട്ടി ചര്‍ച്ച പൊളിയുകയായിരുന്നു. ഇരു സര്‍വകലാശാലകളിലേക്കും മുഖ്യമന്ത്രി നിര്‍ദേശിച്ച ആദ്യ പേരുകാരുടെ കാര്യത്തില്‍ പുനഃപരിശോധനയാകാമെന്നും എന്നാല്‍ ഡോ.സിസയെ അംഗീകരിക്കാനാകില്ലെന്നും മന്ത്രിമാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍-ഗവര്‍ണര്‍ ചര്‍ച്ചയില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് സുപ്രീംകോടതി ഇടപെടല്‍ ഉണ്ടായത്. സിസാ തോമസിനെ അംഗീകരിക്കില്ലെന്ന് സുപ്രീംകോടതിയെ സര്‍ക്കാരും അറിയിച്ചിരുന്നു. ഇതിനിടെയാണ് ഒത്തുതീര്‍പ്പ് ഫോര്‍മുലയുണ്ടാകുന്നത്. തദ്ദേശത്തിലെ തിരിച്ചടിയ്ക്ക് പിന്നാലെയാണ് മുഖ്യമന്ത്രി വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്.

സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ സ്ഥിരം വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള മുന്‍ഗണന പട്ടിക തയ്യാറാക്കാന്‍ ജസ്റ്റിസ് സുധാന്‍ഷു ദുലിയയുടെ അധ്യക്ഷതയിലുള്ള സെര്‍ച്ച് കമ്മിറ്റികള്‍ വീണ്ടും യോഗം ചേര്‍ന്നിരുന്നു. വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള മെറിറ്റ് അടിസ്ഥാനമാക്കി മുന്‍ഗണന തയ്യാറാക്കാനായിരുന്നു യോഗം. സാങ്കേതിക സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ പാനല്‍ തയ്യാറാക്കിയത് ജസ്റ്റിസ് സുധാന്‍ഷു ദുലിയയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ സമിതിയാണ്. ഡോ. നിലോയ് ഗാംഗുലി (പ്രൊഫസര്‍, ഡിപ്പാര്‍ട്മെന്റ് ഓഫ് കമ്പ്യൂട്ടര്‍ സയന്‍സ് & എന്‍ജിനീയറിങ്, ഐഐടി ഖരഗ്പൂര്‍) ഡോ. വി.എന്‍. അച്യുത നായ്കന്‍ (പ്രൊഫസര്‍, റിലൈബിലിറ്റി എന്‍ജിനീയറിങ് സെന്റര്‍, ഐഐടി ഖരഗ്പൂര്‍) ഡോ. അവിനാഷ് കുമാര്‍ അഗര്‍വാള്‍ (ഡയറക്ടര്‍, ഐഐടി ജോധ്പൂര്‍) ഡോ. ബിനോദ് കുമാര്‍ കനൗജിയ (ഡയറക്ടര്‍, ബി ആര്‍ അംബേദ്കര്‍ എന്‍ഐടി ജലന്ധര്‍) എന്നിവരായിരുന്നു സമിതിയിലെ മറ്റുനാല് അംഗങ്ങള്‍. ഇതില്‍ ഡോ. നിലോയ് ഗാംഗുലി, വിഎന്‍ അച്യുത നായ്കന്‍ എന്നിവര്‍ സംസ്ഥാന സര്‍ക്കാരിന്റെ നോമിനികളും, മറ്റുരണ്ടുപേര്‍ ചാന്‍സലറുടെ നോമിനികളുമായിരുന്നു.

ഡോ. ടി ആര്‍ ഗോവിന്ദരാജന്‍ ( വിസിറ്റിംഗ് പ്രൊഫസര്‍, മദ്രാസ് സര്‍വ്വകലാശാല) ഡോ. എസ് ചാറ്റര്‍ജി ( റിട്ടയേഡ് പ്രൊഫസര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോ ഫിസിക്സ്) ഡോ. മുകുള്‍ എസ് എസ് ( ഡയറക്ടര്‍, ഐഐഐടി, അലഹബാദ്) ഡോ. വി കാമകോടി, (ഡയറക്ടര്‍, ഐഐടി മദ്രാസ്) എന്നിവരാണ് ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പാനല്‍ തയ്യാറാക്കിയ സെര്‍ച്ച് കമ്മിറ്റിയില്‍ ജസ്റ്റിസ് ദുലിയക്ക് പുറമെയുണ്ടായിരുന്ന മറ്റ് അംഗങ്ങള്‍. ഡോ മുകുള്‍ എസ് എസ്, ഡോ വി കാമകോടി എന്നിവര്‍ ചാന്‍സലറുടെ നോമിനിയും, മറ്റുരണ്ടുപേര്‍ സംസ്ഥാന സര്‍ക്കാരിന്റെ നോമിനികളുമായിരുന്നു. ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിന് ജസ്റ്റിസ് സുധാന്‍ഷു ദുലിയ അധ്യക്ഷനായ പാനല്‍ മുഖ്യമന്ത്രിക്ക് കൈമാറിയ പട്ടികയില്‍ സ്ഥാനം പിടിച്ചത് അഞ്ച് പേരുകളാണ്. അക്ഷരമാല ക്രമത്തില്‍ കൈമാറിയ പട്ടിക ഇപ്രകാരം ആയിരുന്നു. സിസ തോമസ്, ജിന്‍ ജോസ്, പ്രിയ ചന്ദ്രന്‍, രാജശ്രീ എം.എസ്, സജി ഗോപിനാഥ്.

എന്നാല്‍, മുഖ്യമന്ത്രി മുന്‍ഗണന പട്ടിക തയ്യാറാക്കിയപ്പോള്‍ ഡോ. സജി ഗോപിനാഥ് ഒന്നാമനായി. ഡോ. രാജശ്രീ എം.എസ്., ഡോ. ജിന്‍ ജോസ്, ഡോ. പ്രിയ ചന്ദ്രന്‍ എന്നിവരായിരുന്നു യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍ ഉണ്ടായിരുന്നത്. സിസ തോമസിനെ ശുപാര്‍ശ ചെയ്യാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചിരുന്നു.