- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇ.പി. ജയരാജനെതിരായ ആരോപണം പി.ബി. ചർച്ച ചെയ്യുമോ എന്ന് ചോദ്യം; തണുപ്പ് എങ്ങനെയുണ്ടെന്ന് മുഖ്യമന്ത്രിയുടെ മറുചോദ്യം; നിങ്ങളോടെന്തെങ്കിലും പറയാനുണ്ടെങ്കിൽ അടുത്തേക്ക് വരുമെന്നും പിണറായി; കണ്ണൂരിലെ വിശ്വസ്തനെതിരായ ചർച്ചകൾ തള്ളാതെ മുഖ്യമന്ത്രിയും; പി ജയരാജന്റെ പരാതി കേന്ദ്രനേതൃത്വത്തിന്റെ പരിഗണനയിൽ; തിരിച്ചടിക്കാൻ ഇ.പിയും
ന്യൂഡൽഹി: ഇ.പി. ജയരാജനെതിരായ സാമ്പത്തിക ആരോപണത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളിൽ പ്രതികരിക്കാതെ മൗനം തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയം പോളിറ്റ് ബ്യൂറോ (പി.ബി.) ചർച്ച ചെയ്യുമോ എന്ന് ഡൽഹിയിൽ മാധ്യമപ്രവർത്തകർ ആരാഞ്ഞപ്പോൾ തണുപ്പ് എങ്ങനെയുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽ കാണുന്നുണ്ടോയെന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിക്കാൻ തയ്യാറായില്ല.
കണ്ണൂരിൽ ഇ.പി. ജയരാജനുമായി ബന്ധപ്പെട്ട് ഉയർന്ന അനധികൃത സ്വത്ത് സമ്പാദന ആരോപണത്തെ കുറിച്ചാണ് മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചത്. ചൊവ്വാഴ്ച ചേരുന്ന പി.ബി. യോഗം ഇത് ചർച്ച ചെയ്യുമോ എന്ന ചോദ്യത്തോടാണ് തണുപ്പ് എങ്ങനെയുണ്ടെന്ന മറുചോദ്യത്തിലൂടെ മുഖ്യമന്ത്രി തടയിട്ടത്. നിങ്ങളോടെന്തെങ്കിലും പറയാനുണ്ടെങ്കിൽ അടുത്തേക്ക് വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സി പി എം പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലെത്തിയത്. ഇ പി ജയരാജനെതിരായ ആരോപണത്തിൽ ഇതുവരെയും പ്രതികരിക്കാത്ത മുഖ്യമന്ത്രി ഡൽഹിയിൽ മൗനം തുടരുകയായിരുന്നു.
അതേസമയം കേരളത്തിൽ പാർട്ടിക്ക് അകത്തും പുറത്തും വലിയ ചർച്ചാവിഷയമായതിനാൽ തന്നെ ഇ.പിയുമായി ബന്ധപ്പെട്ട പരാതി പി.ബി. ചർച്ച ചെയ്യാനാണ് സാധ്യത. വിഷയനുമായി ബന്ധപ്പെട്ട് പി. ജയരാജൻ നൽകിയ പരാതി കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയിലാണ്. ഇ പിക്കെതിരായ ആരോപണത്തിൽ നേരത്തെ കേന്ദ്ര നേതൃത്വം വിവരങ്ങൾ തേടിയിരുന്നു.
ചൊവ്വാഴ്ച രാവിലെ സിപിഎം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ഡൽഹിയിലെത്തും. അദ്ദേഹമായിരിക്കും ഇക്കാര്യം പി.ബിയിൽ അവതരിപ്പിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. കേരളവുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും പ്രധാനമന്ത്രിയുടെ വസതിയിൽ നടക്കുന്ന കൂടിക്കാഴ്ചയിലെ ചർച്ചാ വിഷയം.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് അതേ രീതിയിൽ പാർട്ടി വേദികളിൽ തിരിച്ചടി നൽകാനൊരുങ്ങുകയാണ് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. പി.ജയരാജനെതിരെ നേരത്തേ ഉയർന്ന സാമ്പത്തിക ആരോപണങ്ങളടക്കം പാർട്ടി വേദികളിൽ ഉന്നയിക്കാനാണ് ഇ.പിയുടെ നീക്കം.
എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറി നിൽക്കാൻ നേരത്തെ ഇ.പി ആലോചിച്ചിരുന്നെങ്കിലും സജീവമാകാനാണ് ഇപ്പോഴത്തെ തീരുമാനം. 30ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുത്തേക്കും.
പി.ജയരാജനെ പാർട്ടിയിൽ ഒറ്റപ്പെടുത്താനാണ് ഇ.പി.ജയരാജനെ അനുകൂലിക്കുന്നവരുടെ ശ്രമം. പി.ജയരാജനെതിരെ നിരവധി പരാതികൾ പാർട്ടി കേന്ദ്രസംസ്ഥാന നേതൃത്വത്തിനു ലഭിക്കുന്നുണ്ട്. പി.ജയരാജനു ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് ആരോപണം.
സ്വർണക്കടത്തു സംഘങ്ങളുമായുള്ള ബന്ധവും എതിരാളികൾ ഉന്നയിക്കുന്നു. വടകര ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ പിരിച്ച തുക മുഴുവൻ പാർട്ടിയിലേക്ക് അടച്ചില്ലെന്നും പരാതിയുണ്ട്. പരാതികൾക്കു പിന്നിൽ ഇ.പി.ജയരാജനാണെന്നാണ് പി.ജയരാജനെ അനുകൂലിക്കുന്നവർ കരുതുന്നത്.
ഒക്ടോബർ ആറിനാണ് ഇ.പി അവധിയിൽ പ്രവേശിക്കുന്നത്. ചികിൽസയ്‌ക്കെന്ന പേരിൽ അവധിയെടുത്ത ജയരാജൻ അവധി നീട്ടി. ഇതിനിടയിൽ ഒരു സംസ്ഥാന കമ്മിറ്റിയോഗത്തിലും എൽഡിഎഫ് യോഗത്തിലും പങ്കെടുത്തു. പ്രധാന പരിപാടികളിൽനിന്ന് വിട്ടുനിന്നു. കൺവീനർ പ്രവർത്തനത്തിൽനിന്നു വിട്ടു നിൽക്കുന്നതിനാൽ എൽഡിഎഫ് യോഗം വിളിച്ചു ചേർക്കാനോ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനോ കഴിയാത്ത സ്ഥിതിയായി.
ഇ.പി.ജയരാജന്റെ ഈ നീക്കത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ കടുത്ത അതൃപ്തിയിലാണ്. താൻ സെക്രട്ടറിയായശേഷമാണ് ഇ.പിയുടെ നിസ്സഹകരണമെന്നത് അതൃപ്തി വർധിപ്പിക്കുന്നു. ഇ.പിയെ എപ്പോഴും പിന്തുണച്ചിരുന്ന മുഖ്യമന്ത്രിക്കും ഇ.പിയുടെ ഇപ്പോഴത്തെ നിലപാടിനോട് യോജിപ്പില്ലെന്ന് പാർട്ടി നേതാക്കൾ സൂചിപ്പിക്കുന്നു. നിസ്സഹകരണ നിലപാട് തുടർന്നാൽ പാർട്ടിയിൽ കൂടുതൽ ഒറ്റപ്പെടുമെന്ന തിരിച്ചറിവാണ് ഇ.പിയുടെ നിലപാടു മാറ്റത്തിനു കാരണം.
മറുനാടന് മലയാളി ബ്യൂറോ