തൃശൂര്‍: രാഹുല്‍ മാങ്കൂട്ടത്തലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുലിനെ അറസ്റ്റ് ചെയ്യാന്‍ ദിവസങ്ങളായി പൊലീസ് ശ്രമിക്കുകയാണ്. എന്നാല്‍, രാഹുലിനെ സംരക്ഷിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതൃത്വം രാഹുലിന് സംരക്ഷണമൊരുക്കുന്നുണ്ടോയെന്ന ചോദ്യത്തിന് നിങ്ങള്‍ എന്താണ് കണ്ടുകൊണ്ടിരിക്കുന്നതെന്നായിരുന്നു പിണറായിയുടെ ചോദ്യം.

അതേസമയം രാഹുലിനെ ഒളിപ്പിച്ചിരിക്കുന്നത് പിണറായി ആണോ എന്നാണ് തങ്ങളുടെ സംശയമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പിടികൂടാനാകുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് കേരള പൊലീസ് മീശവെച്ച് നടക്കുന്നത്. എവിടെയുണ്ടെങ്കിലും പോയി പിടിക്കട്ടെ . അതിന് കഴിയുന്നില്ലെങ്കില്‍ സര്‍ക്കാര്‍ തുറന്നു പറയണം. അല്ലാതെ മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കരുതെന്നും കെ മുരളീധരന്‍ പറഞ്ഞു.

ഗുരുവായൂര്‍ തിരുവാഭരണ മോഷണവുമായി ബന്ധപ്പെട്ട് എം വി ഗോവിന്ദന്‍ നടത്തിയ പരാമര്‍ശത്തിനും കെ മുരളീധരന്‍ മറുപടി നല്‍കി. ഗുരുവായൂര്‍ ദേവസ്വത്തിന്റെ തിരുവാഭരണം കാണാതായ സംഭവത്തില്‍ അത് അമ്പലക്കുളത്തില്‍ നിന്ന് തന്നെ കണ്ടെത്തി. അതിന്റെ പേരില്‍ കെ കരുണാകരനെ കുറ്റം പറഞ്ഞവരാണവര്‍. കരുണാകരന്റെ ശ്രമഫലമായാണ് തിരുവാഭരണം കണ്ടെത്തിയത്. കട്ടാല്‍ അത് കണ്ടെത്താനും കരുണാകരന് കഴിവുണ്ടായിരുന്നു. എന്നാല്‍ പിണറായി കട്ടിട്ട് കീശയിലിട്ട് നടക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.

ക്ഷേത്രങ്ങളിലെ ഏറ്റവും വലിയ സ്വര്‍ണ്ണക്കൊള്ള കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ ഗുരുവായൂരില്‍ ഉണ്ടായതാണെന്നും ഗുരുവായൂരില്‍ തിരുവാഭരണം നഷ്ടപ്പെട്ടത് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നുമായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞത്. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുള്ള രാഷ്ട്രപതിയുടെ അത്താഴവിരുന്നില്‍ ശശി തരൂര്‍ പങ്കെടുത്തതിനെ കുറിച്ചുള്ള ചോദ്യത്തോട് തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ അതേകുറിച്ച് ചോദിക്കരുതെന്നും ഡിസംബര്‍ 9 ന് ശേഷം ചിലത് പറയാനുണ്ടെന്നും കെ മുരളീധരന്‍ പ്രതികരിച്ചു.

ലൈംഗീക പീഡന കേസില്‍ രാഹുലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി ഇന്ന് ഉത്തരവിറക്കിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഇക്കാര്യം കോടതി അറിയിച്ചത്. ഹര്‍ജി തെരഞ്ഞെടുപ്പിന് ശേഷം ഈ മാസം 15ന് വീണ്ടും പരിഗണിക്കും. അതുവരെ അറസ്റ്റ് പാടില്ലെന്നാണ് കോടതി ഉത്തരവിട്ടത്. കേസില്‍ വിശമായ വാദം കേള്‍ക്കണമെന്ന് കോടതി അറിയിച്ചു. കേസ് ഡയറി ഹാജരാക്കാന്‍ അന്വേഷണ സംഘത്തോട് കോടതി നിര്‍ദ്ദേശിച്ചു. ആദ്യം രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ് തടഞ്ഞത്.

അതേസമയം രണ്ടാമത്തെ ബലാത്സംഗ കേസിലും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് ഹര്‍ജി നല്‍കിയത്. ഇന്ന് തന്നെ കോടതി ഹര്‍ജി പരിഗണിക്കുമെന്നാണ് വിവരം. പരാതിക്കാരി ആരെന്ന് പോലും അറിയില്ലെന്നും, അവരുടെ മൊഴി ഇതുവരെ പോലീസ് രേഖപ്പെടുത്തിയിട്ടില്ലെന്നുമാണ് രാഹുല്‍ ഹര്‍ജിയില്‍ പറയുന്നത്. പക്ഷേ തന്നെ അറസ്റ്റ് ചെയ്യാന്‍ നീക്കം നടക്കുന്നു. തന്നെ കുടുക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് മുന്‍കൂര്‍ ജാമ്യഹര്‍ജിയിലൂടെ രാഹുല്‍ വ്യക്തമാക്കുന്നത്. അറസ്റ്റ് താല്‍ക്കാലികമായെങ്കിലും തടയുക എന്ന് ലക്ഷ്യമിട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കാമെന്നും ഹര്‍ജിയില്‍ പറയുന്നു.

കെപിസിസി അധ്യക്ഷന് വന്ന പരാതിയാണ് ഡിജിപിക്ക് കൈമാറിയത്. ഇതില്‍ അന്വേഷണ സംഘത്തെ നിയോഗിക്കുകയും പരാതിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയുമാണ്. ഇതുവരെ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഫോണില്‍ ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്താനുള്ള ആവശ്യം പോലീസ് ഉന്നയിച്ചെങ്കിലും പരാതിക്കാരി ഇതുവരെ അതിനോട് പ്രതികരിച്ചിട്ടില്ല.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ എവിടെയാണെന്ന് മുഖ്യമന്ത്രിക്കും പൊലീസിനും അറിയാമെന്നും തെരഞ്ഞെടുപ്പ് ദിവസം വരെ വിഷയം ചര്‍ച്ചയാക്കി നിര്‍ത്താനാണ് അറസ്റ്റ് വൈകിപ്പിക്കുന്നതെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം പി പറഞ്ഞു. രാഹുലിനെതിരെ പരാതി ലഭിച്ചിരുന്നില്ല. ഇല്ലാത്ത പരാതിയുടെ പേരില്‍ ക്രൂശിക്കാന്‍പാടില്ലെന്നതിനാലാണ് മുന്‍പ് നടപടി സ്വീകരിക്കാതിരുന്നത്. രാഹുല്‍ തെറ്റ് ചെയ്തെന്ന് ബോധ്യപ്പെട്ടതിനാലാണ് നടപടിയെടുത്തതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.