തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 658.42 കോടി രൂപ. ദുരന്തം നടന്ന് ഇത്രയേറെ സമയം കഴിഞ്ഞിട്ടും ദുരിതബാധിതര്‍ക്ക് വീട് വെക്കാനുള്ള സ്ഥലം പോലും കണ്ടെത്താന്‍ സര്‍ക്കാറിന് സാധിച്ചിട്ടില്ല. മലയാളഇകള്‍ മനസ്സറിഞ്ഞു നല്‍കിയ പണത്തില്‍ നിന്നും ദുരിതബാധിതര്‍ക്ക് സഹായം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയിട്ടില്ല.

നിലവില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച 658.42 കോടിയില്‍ ഒരു രൂപ പോലും ചിലവഴിച്ചിട്ടില്ലെന്ന് ഔദ്യോഗിക വെബ്‌സൈറ്റിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. മനോരമയാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. ജൂലൈ മുപ്പതാം തീയതി മുതലാണ് വയനാട് ദുരന്തത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ സ്വീകരിച്ചു തുടങ്ങിയത്. നാല് മാസത്തിനകം 658.42 കോടി രൂപ സമാഹരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ലഭിച്ച തുകയില്‍ ഒരു രൂപ പോലും പ്രവര്‍ത്തനങ്ങള്‍ക്കായി ഇതുവരെയും മാറ്റിവെച്ചിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഇലക്ട്രോണിക് പേയ്‌മെന്റ് വഴി വിവിധ ബാങ്കുകളിലേക്ക് ലഭിച്ച തുകയുടെ കണക്കുകള്‍ പുറത്തുവിട്ടിട്ടുണ്ടെങ്കിലും യു.പി.ഐ ഐഡി വഴി എത്ര പണം കിട്ടിയെന്ന കാര്യത്തില്‍ സൈറ്റില്‍ വ്യക്തതയില്ല. 2018 ആഗസ്റ്റ് 14 മുതല്‍ യുപിഐ വഴി ആകെ മൊത്തം 9.03കോടി ലഭിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ പറയുമ്പോഴും വയനാടിനായി എത്ര രൂപ പിരിഞ്ഞുകിട്ടിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്നില്ല. 2018-19 പ്രളയത്തിനും, കോവിഡിനും ലഭിച്ച തുകയുടെ ശ്രോതസുകള്‍ പട്ടിക തിരിച്ച് കണക്കുകള്‍ ലഭ്യമാക്കിയപ്പോള്‍ വയനാടിന് വേണ്ടി 'പൊതു ജനങ്ങളില്‍ നിന്ന് സമാഹരിച്ച തുക' എന്ന പട്ടിക മാത്രം ഉള്‍പ്പെടുത്തിയാണ് 658.42 കോടിയുടെ കണക്ക് കാണിച്ചിരിക്കുന്നത്.

കോവിഡ് കാലത്ത് ലഭിച്ച 1129.74 കോടി രൂപയില്‍ 1111.15 കോടിയും വിവിധ ആവശ്യങ്ങള്‍ക്കായി ചിലവഴിച്ചിട്ടുണ്ട്. 2018ലെയും 19ലെയും പ്രളയസമയത്തും 4970.29 കോടി രൂപ ലഭിക്കുകയും അതില്‍ നിന്നും 4730.77 കോടി ചിലവാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വയനാടിനു വേണ്ടി ഇതുവരെയും ദുരിതാശ്വാസ നിധിയില്‍ നിന്നും സര്‍ക്കാര്‍ പണം ചിലവഴിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ആകെ 6758.45 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിവിധ വര്‍ഷങ്ങളിലായി എത്തിയത്.അവയില്‍ കോവിഡ് കാലത്ത് ചെലവഴിച്ച 1111.15 കോടിയും. പ്രളയത്തിനായി ചെലവഴിച്ച 4738.77 കോടിയും ചേര്‍ത്ത് 5849.92 കോടി രൂപ ചിലവഴിച്ചിട്ടുണ്ട്. കണക്ക് പ്രകാരം 908.53 കോടി രൂപ ദുരിതാശ്വാസ നിധിയില്‍ ബാക്കിയുണ്ട്.

അതേസമയം സംസ്ഥാനത്തെ ജനങ്ങള്‍ നാടിനെ സഹായിക്കാന്‍ രംഗത്തിറങ്ങിയപ്പോള്‍ ഇത്രയും സഹായം ലഭിച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ നിരാശപ്പെടുത്തുന്നത് തുടരുകയാണ്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രം നല്‍കേണ്ട പ്രത്യേക തുകയുടെ കാര്യത്തില്‍ ഇനിയും വ്യക്തത കൈവന്നിട്ടില്ല. കേന്ദ്രത്തോട് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടെങ്കിലും അത് അനുവദിച്ചിട്ടില്ല. മാത്രമാല്ലം സംസ്ഥാന സര്‍ക്കാറിന് ലഭ്യമാക്കിയ ദുരന്ത നിവാരണ വിഹിതത്തിന്റെ കണക്കു പറയുകയാണ് കേന്ദ്രം ചെയ്തത്. കേന്ദ്രം എത്രയും വേണം തുക അനുവദിക്കണമെന്ന ആവശ്യം ശക്തമാക്കിയിട്ടും മെല്ലേപ്പോക്ക് നയമാണ് അവര്‍ സ്വീകരിക്കുന്നത്.