- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭേദഗതി വഴിവെക്കുക കേരളത്തിലെ സഹകരണ മേഖലയുടെ പൊളിച്ചെഴുത്തിന്; സഹകരണത്തിലെ കേന്ദ്ര-സംസ്ഥാന തര്‍ക്കം രൂക്ഷമാകും; ഒരുക്കം നിയമയുദ്ധത്തിന്
തിരുവനന്തപുരം: സഹകരണ മേഖലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകും.
ബജറ്റില്‍ സഹകരണ നയത്തിന്റെ കാര്യം ധനമന്ത്രി നിര്‍മല സീതാരാമന് പ്രഖ്യാപിക്കും മുന്‍പു തന്നെ പുറത്തുവിട്ട കരട് നയത്തില്‍ പുതിയ ഭേദഗതിയും നിശ്ചയിച്ചു സംസ്ഥാനങ്ങള്‍ക്കു കൈമാറിയിരുന്നു. കരട് നയത്തില്‍ കൊണ്ടുവന്ന പുതിയ ഭേദഗതികള്‍
കേരളത്തിലെ സഹകരണ മേഖലയില്‍ പൊളിച്ചെഴുത്തിനു വഴിവയ്ക്കുമെന്നതില്‍ തര്‍ക്കമില്ല. ഇതോടെ സഹകരണ നയത്തില്‍ വിട്ടുവീഴ്ചയില്ലെന്ന ആവര്‍ത്തിക്കുകയാണ് കേന്ദ്രം.
സംസ്ഥാനങ്ങളിലെ ഏതു സംഘത്തിനും പൊതുയോഗം കൂടി തീരുമാനിച്ചാല്‍, കേന്ദ്രം കൊണ്ടുവരുന്ന മള്‍ട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റികളുമായി ലയിക്കാമെന്നാണു കരട് നയത്തില്‍ നേരത്തെയുണ്ടായിരുന്നത്. പൊതുയോഗ തീരുമാനത്തിനൊപ്പം അതതു സംസ്ഥാന സഹകരണ റജിസ്ട്രാറുടെ അനുമതിയുണ്ടെങ്കില്‍ ലയിക്കാമെന്നായിരുന്നു ഇതിലെ വ്യവസ്ഥ. എന്നാല്‍ ഇതിനു തടയിടാന്‍ സംഘങ്ങളുടെ ലയനത്തിനു കൂടുതല്‍ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തുകയായിരുന്നു സംസ്ഥാന സഹകരണവകുപ്പ് ചെയ്തത്.
സംസ്ഥാനത്തു റജിസ്റ്റര്‍ ചെയ്ത സംഘങ്ങള്‍ തമ്മില്‍ മാത്രമേ ലയനം പാടുള്ളൂവെന്നും അതിനും സഹകരണ റജിസ്ട്രാറുടെ അനുമതി വേണമെന്നതും സഹകരണ നിയമം ഭേദഗതിയില്‍ സംസ്ഥാനം കര്‍ശനമാക്കി. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ ആകട്ടെ കരട് നയത്തില്‍ ഭേദഗതി വരുത്തിയപ്പോള്‍ ലയനത്തിനു പൊതുയോഗത്തിന്റെ തീരുമാനം മാത്രം മതിയെന്നാക്കി.സംസ്ഥാന റജിസ്ട്രാറുടെ അനുമതി വേണമെന്നത് ഒഴിവാക്കിയിട്ടുണ്ട്.ഒപ്പം സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന് ആദായനികുതി ഏര്‍പ്പെടുത്താന്‍ സമ്മര്‍ദം ചെലുത്തുകയുമാണു കേന്ദ്രം.ടിഡിഎസ് അടയ്ക്കണമെന്നും കെവൈസി നിര്‍ബന്ധമാക്കണമെന്നും കേന്ദ്രം പലവട്ടം ആവശ്യപ്പെട്ടിട്ടുണ്ട്.രാജ്യത്താകെ ആദായനികുതി നിയമം ഒന്നായതിനാല്‍ സംസ്ഥാന സര്‍ക്കാറിന് ഇതിനെ എതിര്‍ക്കാനെളുപ്പമല്ല.
കേരളം എതിര്‍ത്ത ഏകീകൃത സോഫ്റ്റ്വെയറിനോടു കേന്ദ്രം വലിയ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല.എന്നാല്‍, ഏകീകൃത ബൈലോ വേണമെന്നതില്‍ കേന്ദ്രനിലപാട് കര്‍ശനമാണ്.മള്‍ട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റികള്‍ക്കു കേരളം അനുമതി നിഷേധിക്കുന്നെങ്കിലും കേന്ദ്ര സഹകരണ റജിസ്ട്രാറുടെ അനുമതിയോടെ സംസ്ഥാനത്ത് കൂടുതല്‍ സൊസൈറ്റികള്‍ റജിസ്റ്റര്‍ ചെയ്യുന്നുണ്ട്.ഭാവിയില്‍ നബാര്‍ഡിന്റെ ഉള്‍പ്പെടെ സഹായങ്ങള്‍ ഈ സംഘങ്ങള്‍ വഴിയെത്തിക്കുകയാണു കേന്ദ്ര ലക്ഷ്യം.
ഇതോടെ ഈ വിഷയത്തില്‍ പോര് മുറുകുമെന്ന് ഉറപ്പായിക്കഴിഞ്ഞു.ഈ ഘട്ടത്തില്‍ സഹകരണം സംസ്ഥാന വിഷയമാണെന്നു ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജിയിലാണു കേരളത്തിന്റെ പ്രതീക്ഷ. പക്ഷേ, സുപ്രീം കോടതി ഇതുവരെ പരിഗണിച്ചിട്ടുമില്ല.