- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെസ്‌കിന്റെ കപ്പല്‍ അറ്റകുറ്റപ്പണിക്ക് ഈ വര്‍ഷം കൊച്ചിയില്‍ എത്തും; തുടര്‍ന്ന് മറ്റ് കമ്പനികളുമെത്തുമെന്ന് പ്രതീക്ഷ; വിഴിഞ്ഞം തുറമുഖത്തിനൊപ്പം കൊച്ചി കപ്പല്‍ശാലയും മുഖച്ഛായ മാറ്റും; മാരിടൈം ഹബ്ബാകാനുള്ള കേരളത്തിന്റെ മോഹത്തിന് കൂടുതല്‍ കരുത്ത്; കൊച്ചിന് ഷിപ്പിയാര്‍ഡും ആഗോള ശ്രദ്ധയില്‍
തിരുവനന്തപുരം : മാരിടൈം ഹബ്ബാകാനുള്ള കേരളത്തിന്റെ താല്‍പ്പര്യത്തിന്, കൊച്ചി കപ്പല്‍ശാലയും എപി മൊള്ളര്‍ മെസ്‌കുമായി തമ്മിലുള്ള ധാരണപത്രം കരുത്താകുമെന്ന പ്രതീക്ഷയില്‍ സംസ്ഥാന സര്‍ക്കാര്‍. കൊച്ചി കപ്പല്‍ശാല കഴിഞ്ഞ അമ്പത് വര്‍ഷത്തിനുള്ളില്‍ നൂറിലേറെ കപ്പലുകള്‍ നിര്‍മിച്ചു. അതില്‍ 40 എണ്ണം വിദേശരാജ്യങ്ങള്‍ക്കുവേണ്ടിയാണ്. വര്‍ഷം നൂറ് കപ്പലുകളെങ്കിലും അറ്റകുറ്റപ്പണികള്‍ക്കായി എത്തുന്നുണ്ട്. കഴിഞ്ഞവര്‍ഷം 970 കോടി രൂപ മുടക്കി ജനുവരിയില്‍ വെല്ലിങ്ടണ്‍ ഐലന്‍ഡിലെ 42 ഏക്കര്‍ കപ്പല്‍ അറ്റകുറ്റപ്പണികള്‍ക്കായി ഏറ്റെടുത്തിരുന്നു. മെസ്‌കിന്റെ കപ്പല്‍ അറ്റകുറ്റപ്പണിക്ക് ഈ വര്‍ഷം കൊച്ചിയില്‍ എത്തും. തുടര്‍ന്ന് മറ്റ് കമ്പനികളുമെത്തുമെന്നാണ് പ്രതീക്ഷ. വിഴിഞ്ഞം തുറമുഖത്തിനൊപ്പം കൊച്ചി കപ്പല്‍ശാലയും കേരളത്തിന്റെ മുഖച്ഛായ മാറ്റുമെന്നാണ് പ്രതീക്ഷ.
ദീര്‍ഘകാല സഹകരണത്തിന്റെ തുടക്കമാണിതെന്നും ഇത് ഇന്ത്യയുടെ മാരിടൈം രംഗത്തെ അടിസ്ഥാനസൗകര്യം ശക്തിപ്പെടുത്തുമെന്നും മെസ്‌ക് കപ്പല്‍ ഓപ്പറേഷന്‍സ് തലവന്‍ ലിയോനാര്‍ഡോ സോന്‍സിയോ പറഞ്ഞു. മെസ്‌കുമായുള്ള പങ്കാളിത്തം നാഴിക്കല്ലാണെന്നും ഈ രംഗത്ത് കൂടുതല്‍ നേട്ടമുണ്ടാക്കാനാകുമെന്നും കപ്പല്‍ശാലാ വൃത്തങ്ങള്‍ പ്രതികരിച്ചു. ലോകത്തെ രണ്ടാമത്തെ വലിയ അന്താരാഷ്ട്ര ഷിപ്പിങ് കമ്പനിയാണ് എപി മൊള്ളര്‍ മെസ്‌ക്. ഡാനിഷ് കമ്പനിയുടെ കപ്പലുകളുടെ അറ്റകുറ്റപ്പണിക്കും പുതിയ കപ്പലുകളുടെ നിര്‍മാണത്തിനുമാണ് ധാരണയെന്ന് ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് (ബിഎസ്ഇ) കപ്പല്‍ശാല സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കപ്പല്‍ശാല വിശദീകരിച്ചിരുന്നു. കപ്പല്‍ അറ്റകുറ്റപ്പണിയില്‍ ആഗോളനിലവാരം കൈവരിക്കാനുള്ള സാങ്കേതിക വൈദഗ്ധ്യം കപ്പല്‍ശാലയും മെസ്‌കും പങ്കുവയ്ക്കും. ഡ്രൈ ഡോക്കിങ്, പുതിയ കപ്പലുകളുടെ നിര്‍മാണം എന്നിവയുടെ പുതിയ സാധ്യതകള്‍ക്കായും പ്രവര്‍ത്തിക്കും.
കാര്യക്ഷമത വര്‍ധിപ്പിക്കാനുള്ള സംയുക്ത പരിശീലന പരിപാടി, കപ്പല്‍ശാലാ ജീവനക്കാര്‍ക്കും മെസ്‌കിലെ നാവികര്‍ക്കുമായി നൈപുണ്യ വികസന സംരംഭം എന്നിവയും ഇതിന്റെ ഭാഗമാണ്. കപ്പല്‍ശാലയുടെ പുതിയ അന്താരാഷ്ട്ര കപ്പല്‍ അറ്റകുറ്റപ്പണിശാലയെ (ഐഎസ്ആര്‍എഫ്) ലോകശ്രദ്ധയില്‍ കൊണ്ടുവരാനും കൂടുതല്‍ കപ്പലുകള്‍ അറ്റകുറ്റപ്പണിക്ക് കൊച്ചിയിലേക്കെത്തിക്കാനും സഹകരണം സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെത്തുന്ന അമേരിക്കന്‍ നാവികസേനാ കപ്പലുകളുടെ അറ്റകുറ്റപ്പണിക്കായി കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ യുഎസ് നേവിയുമായി കൊച്ചി കപ്പല്‍ശാല കരാര്‍ ഒപ്പുവച്ചിരുന്നു. ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പല്‍ അറ്റകുറ്റപ്പണിക്കായി 488.25 കോടിയുടെ കരാറും കഴിഞ്ഞവര്‍ഷം നേടി. ഇതിനൊപ്പമാണ് പുതിയ ധാരണാ പത്രം.
വിദേശങ്ങളില്‍നിന്നുള്ള നിരവധി കപ്പല്‍ നിര്‍മാണ കരാറുകള്‍ ഉള്‍പ്പെടെയുള്ള മികച്ച വരുമാനവും ഓഹരി കുതിപ്പുമായി നേട്ടങ്ങളുടെ നെറുകയിലാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനവും രാജ്യത്തെ ഏറ്റവും വലിയ കപ്പല്‍ നിര്‍മാണ, അറ്റകുറ്റപ്പണിശാലയുമായ കൊച്ചി ഷിപ്പ് യാര്‍ഡ്. വാണിജ്യ, പ്രതിരോധ മേഖലകളില്‍നിന്നായി കൊച്ചി കപ്പല്‍ശാലക്ക് ലഭിച്ചത് 22,000 കോടിയില്‍ ഏറെ കപ്പല്‍ നിര്‍മാണ കരാറുകള്‍ കൊച്ചിയ്ക്ക് ലഭിച്ചു. 2023-24 സാമ്പത്തിക വര്‍ഷത്തിലെ കൊച്ചി കപ്പല്‍ശാലയുടെ നികുതിക്ക് മുമ്പുള്ള ലാഭം 1093.62 കോടി രൂപയും നികുതിക്ക് ശേഷമുള്ള ലാഭം 813.10 കോടി രൂപയുമായിരുന്നു. 2022-23ല്‍ നികുതിക്ക് മുമ്പുള്ള ലാഭം 448.51 കോടിയും എല്ലാ നികുതിയും കഴിഞ്ഞുള്ള ലാഭം 334.49 കോടിയുമായിരുന്നു.
നിലവില്‍ കപ്പല്‍ശാലക്ക് 1,10,000 ഡി.ഡബ്ല്യു.ടി (കപ്പലിന് വഹിക്കാന്‍ കഴിയുന്ന ഭാരത്തിന്റെ അളവായ ഡെഡ് വെയ്റ്റ് ടണ്ണേജ്) വരെ കപ്പലുകള്‍ നിര്‍മിക്കാനും 1,25,000 ഡി.ഡബ്ല്യു.ടിവരെയുള്ള കപ്പലുകള്‍ അറ്റകുറ്റപ്പണി നടത്താനുമുള്ള ശേഷി ഇവിടെയുണ്ട്. 70,000 ടണ്‍വരെ ഭാരമുള്ള കൂറ്റന്‍ വിമാനവാഹിനി കപ്പലുകള്‍, എല്‍.എന്‍.ജി കാരിയറുകള്‍, ഡ്രഡ്ജറുകള്‍, വാണിജ്യ യാനങ്ങള്‍ തുടങ്ങിയവയെല്ലാം ഇവിടെ നിര്‍മിക്കാനാകും. ഇന്ത്യയുടെ അഭിമാനമായ തദ്ദേശീയ വിമാനവാഹിനി കപ്പല്‍ ഐ.എന്‍.എസ് വിക്രാന്ത്, ഹൈഡ്രജന്‍ ഇന്ധനമായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ ഫെറി, കൊച്ചി വാട്ടര്‍മെട്രോ ബോട്ടുകള്‍ തുടങ്ങിയവയൊക്കെ കൊച്ചി കപ്പല്‍ശാലയുടെ നേട്ടങ്ങളിലെ പൊന്‍തൂവലാണ്.
നെതര്‍ലാന്‍ഡ്‌സ് കേന്ദ്രമായ ലോജിസ്റ്റിക്‌സ് കമ്പനിക്ക് വേണ്ടിയുള്ള രണ്ട് ഹരിത ഹൈഡ്രജന്‍ ഇന്ധന കണ്ടെയ്‌നര്‍ കപ്പലുകളുടെ നിര്‍മാണവും ഷിപ്പ് യാര്‍ഡിനെ ശ്രദ്ധേയമാക്കി. വായുമലിനീകരണമുണ്ടാക്കാതെ, ഹൈഡ്രജന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ലോകത്തെ ആദ്യ കണ്ടെയ്‌നര്‍ കപ്പല്‍ നിര്‍മാണങ്ങളിലൊന്നു കൂടിയാണ്. 6,000 ടണ്‍വരെ ഭാരം ഉയര്‍ത്താനാകുന്ന ഷിപ് ലിഫ്റ്റ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുള്ള ഇന്റര്‍നാഷനല്‍ ഷിപ് റിപ്പയര്‍ ഫെസിലിറ്റി (ഐ.എസ്.ആര്‍.എഫ്) കപ്പലുകളുടെ അറ്റകുറ്റപ്പണി മേഖലയില്‍ കൊച്ചി ഷിപ്യാഡിന് വന്‍ കുതിപ്പു നല്‍കുന്നുണ്ട്.