തിരുവനന്തപുരം: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ അറസ്റ്റു ചെയ്ത പോലീസ് നടപടിക്കെതിരെ പ്രതിഷേധം ഇരമ്പുകയാണ്. മാധ്യമ സ്വാതന്ത്ര്യത്തിന് എതിരായ നീക്കങ്ങളാണ് പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നാണ് പ്രധാനമായും ഉയരുന്ന വിമര്‍ശനം. ഒരു കേസില്‍ അറസ്റ്റു നടപടികളിലേക്ക് കടക്കുമ്പോള്‍ പാലിക്കേണ്ടി മാനദണ്ഡങ്ങള്‍ മറുനാടന്‍ എഡിറ്ററുടെ കാര്യത്തില്‍ ഉണ്ടായില്ല. ഷാജനെതിരായി നടപടിയില്‍ പ്രതിഷേധം അറിയിച്ചു കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ (കോം ഇന്ത്യ) രംഗത്തെത്തി.

മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്ക് എതിരെ സൈബര്‍ സി.ഐയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതികാര നടപടിക്ക് എതിരെ നടപടി വേണമെന്ന് കോം ഇന്ത്യ ആവശ്യപ്പെട്ടു. നിയമവിരുദ്ധ നടപടി സ്വീകരിച്ച സി.ഐയ്ക്കും പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും എതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി, വിജിലന്‍സ് ഡയറക്ടര്‍ എന്നിവര്‍ക്ക് കോം ഇന്ത്യ ഭാരവാഹികള്‍ പരാതി നല്‍കി. ഷാജന്‍ സ്‌കറിയോടുള്ള വ്യക്തിപരമായ വൈരാഗ്യവും ചില സാമ്പത്തിക - രാഷ്ട്രീയ ശക്തികളുടെ പ്രേരണയും രാത്രിയില്‍ നടന്ന ഈ അറസ്റ്റിന് പിന്നിലുണ്ടെന്നാണ് കോം ഇന്ത്യ പരാതിയില്‍ പറയുന്നത്.

അതുകൊണ്ടു തന്നെ സിഐയുടെ മൊബൈല്‍ ഫോണ്‍ - വാട്‌സ് ആപ്പ് സന്ദേശങ്ങന്‍ സഹിതം കസ്റ്റഡിയിലെടുത്ത് വിജിലന്‍സ് പരിശോധിക്കണമെന്നാണ് ആവശ്യം. അപകീര്‍ത്തി കേസില്‍, ഒരു നോട്ടീസ് നല്‍കി വിളിച്ചു വരുത്താമായിരുന്ന മാധ്യമ പ്രവര്‍ത്തകനെ അച്ഛനും അമ്മയ്ക്കും ഒപ്പം ഭക്ഷണം കഴിക്കുമ്പോള്‍ ഷര്‍ട്ട് പോലും ധരിക്കാന്‍ അനുവദിക്കാതെ ബലമായി പൊലീസ് ജീപ്പില്‍ കയറ്റി കൊണ്ടു പോയതിന് പിന്നില്‍ പ്രത്യക്ഷത്തില്‍ തന്നെ പ്രത്യേക താല്‍പ്പര്യം വ്യക്തമാണെന്നും പരാതിയില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്.

ഷാജന്‍ സ്‌കറിയയും അദ്ദേഹത്തിന്റെ മാധിമ സ്ഥാപനമായ മറുനാടന്‍ മലയാളിയും കേന്ദ്ര വാര്‍ത്താ മന്ത്രാലയം അംഗീകരിച്ച കോണ്‍ഫിഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ (ഇന്ത്യ)യുടെ അംഗമാണ്. ഈ സംഘടനയില്‍ അംഗങ്ങളായ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും വരുന്ന വാര്‍ത്തകള്‍ സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ അത് നല്‍കേണ്ടത് കാലിക്കറ്റ് സര്‍വ്വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ കെ എന്‍ കുറുപ്പ് അദ്ധ്യക്ഷനായ, കേന്ദ്ര വാര്‍ത്താ മന്ത്രാലയം അംഗീകരിച്ചു ഉന്നതസമിതിക്ക് മുന്‍പാകെയാണ്. അവിടെയും പരിഗണിക്കപ്പെട്ടില്ലങ്കില്‍ പരാതിക്കാര്‍ക്ക് നേരിട്ട് വാര്‍ത്താ മന്ത്രാലയത്തെ തന്നെ സമീപിക്കാവുന്ന സാഹചര്യവുമുണ്ട്. അതാണ് കേന്ദ്ര സര്‍ക്കാര്‍ പുതുതായി നടപ്പാക്കിയ നിയമത്തില്‍ പറയുന്നത്.

എന്നാല്‍, ഷാജന്‍ സ്‌കറിയക്ക് എതിരെ പരാതി നല്‍കിയ യുവതി ഈ മാര്‍ഗ്ഗങ്ങള്‍ ഒന്നും തന്നെ സ്വീകരിക്കാതെയാണ് പരാതിയുമായി മുന്നോട്ട് പോയിരിക്കുന്നത്. ഇതും, ഷാജന്‍ സ്‌കറിയയെ കുടുക്കാനുള്ള ഗൂന്ധാലോചനയുടെ ഭാഗമാണെന്നാണ് കോം ഇന്ത്യ സംശയിക്കുന്നത്. ഇതു പോലുള്ള പകപോക്കല്‍ രീതി പൊലീസ് പിന്തുടരുന്നത് മാധ്യമ പ്രവര്‍ത്തകരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണമാണ്. ഇതൊരിക്കലും അംഗീകരിക്കാന്‍ കഴിയാത്തത് കൊണ്ടാണ് പരാതി നല്‍കാന്‍ തീരുമാനിച്ചതെന്ന് കോം ഇന്ത്യ പ്രസിഡന്റ് സാജ് കുര്യനും ജനറല്‍ സെക്രട്ടറി കെ കെ ശ്രീജിത്തും വ്യക്തമാക്കി.

2025 മാര്‍ച്ച് അവസാനവാരം ബഹുമാനപ്പെട്ട സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവില്‍, ഇഷ്ടപ്പെടാത്ത അഭിപ്രായമാണെങ്കിലും പറയാനുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്ന് ഉത്തരവിട്ടിട്ടുള്ളതാണ്. സമൂഹമാധ്യമത്തില്‍ ഉറുദു കവിത പോസ്റ്റ് ചെയ്തിന് രാജ്യസഭാ എംപിയായ ഇമ്രാന്‍ പ്രതാപ്ഗഡിക്കെതിരെ എടുത്ത കേസ് റദ്ദാക്കി കൊണ്ടാണ് ഇത്തരമൊരു സുപ്രധാന നിര്‍ദ്ദേശം സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നത്. ജസ്റ്റിസുമാരായ അഭയ് എസ് ഓക, ഉജ്ജല്‍ ഭുയാന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിച്ചേ മതിയാകൂവെന്ന ഈ സുപ്രധാന വിധി പുറപ്പെടുവിച്ചിരുന്നത്.

മാത്രമല്ല, ഷാജന്‍ സ്‌കറിയക്ക് എതിരെ, വാര്‍ത്തകളുടെ പേരില്‍ എന്ത് നടപടി സ്വീകരിക്കണമെങ്കിലും പത്ത് ദിവസം മുന്‍പ് തന്നെ നോട്ടീസ് നല്‍കണമെന്ന ഉത്തരവ് ബഹുമാനപ്പെട്ട ഹൈക്കോടതിയും നേരത്തെ തന്നെ പുറപ്പെടുവിച്ചിട്ടുള്ളതാണ്. ഇതൊന്നും തന്നെ സൈബര്‍ സെല്‍ ഇന്‍സ്‌പെക്ടര്‍ പാലിച്ചിട്ടില്ലന്നും കോം ഇന്ത്യ നല്‍കിയ പരാതിയില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്.

ഇക്കാര്യത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തി സൈബര്‍ സെല്‍ സി.ഐയ്ക്ക് എതിരെയും നിയമ വിരുദ്ധ നീക്കങ്ങള്‍ക്ക് സി.ഐയെ പ്രേരിപ്പിച്ചവര്‍ക്ക് എതിരെയും അന്വേഷണം നടത്തി നടപടി സ്വീകരിക്കും വരെ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ തീരുമാനിച്ചിരിക്കുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു.