തിരുവനന്തപുരം: സിനിമാ കോണ്‍ക്ലേവ് സമാപന വേദിയിലെ വിവാദ പരാമര്‍ശത്തില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ പരാതി. അടൂരിന്റെ പരാമര്‍ശങ്ങള്‍ എസ് സി / എസ് ടി ആക്ട് പ്രകാരം കുറ്റകരമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. എസ് സി / എസ് ടി കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. സാമൂഹിക പ്രവര്‍ത്തകന്‍ ദിനു വെയില്‍ ആണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയത് പട്ടികജാതി- പട്ടിക വിഭാഗക്കാര്‍ക്കെതിരെ വിദ്വേഷം പ്രോത്സാഹിപ്പിക്കുന്ന പരാമര്‍ശമാണ്. പൊതു വേദിയില്‍ പട്ടികജാതി- പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരെ അവഹേളിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് അടൂര്‍ ഗോപാലകൃഷ്ണന്റേത്. വിവാദ പ്രസ്താവനയില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് കുറഞ്ഞത് മൂന്നുമാസമെങ്കിലും വിദഗ്ധരുടെ കീഴില്‍ പരിശീലനം നല്‍കണമെന്നായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്‍ ഫിലിം കോണ്‍ക്ലേവ് വേദിയില്‍ ആവശ്യപ്പെട്ടത്. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ വെറുതെ പണം കളയരുത്. ഒന്നര കോടി നല്‍കുന്നത് വളരെ കൂടുതലാണ്. പലരും ചെയ്തത് നിലവാരമില്ലാത്ത സിനിമകളാണെന്നും അടൂര്‍ പറഞ്ഞു. സ്ത്രീകളായത് കൊണ്ട് മാത്രം അവസരം കൊടുക്കരുതെന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു.

വിവാദ പ്രസ്താവനക്കെതിരെ അതിരൂക്ഷ വിമര്‍ശനം ഉയരുന്നതിനിടെ വിശദീകരണവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍ രംഗത്ത് വന്നു. പിന്നാക്കവസ്ഥയിലുള്ള പ്രതിനിധികള്‍ക്ക് അവസരമെന്ന നിലയിലാണ് സര്‍ക്കാര്‍ ഗ്രാന്‍ഡ് നല്‍കുന്നത്. ഒരു സിനിമയെടുത്തശേഷം അപ്രത്യക്ഷമാകേണ്ടവര്‍ അല്ല അവര്‍. അതിനാലാണ് അവര്‍ക്ക് പരിശീലനമടക്കം നല്‍കണമെന്ന് പറഞ്ഞത്. സിനിമ ചിത്രീകരണത്തെക്കുറിച്ച് അറിവില്ലാത്തതാണ് പ്രശ്‌നം. അവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കിയാല്‍ പിന്നീട് ഈ രംഗത്ത് തന്നെ പ്രവര്‍ത്തിക്കാനുള്ള ആത്മവിശ്വാസവും അറിവും ലഭിക്കുമെന്നും ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ വിശദീകരിച്ചു.

ആദ്യമായി സിനിമയെടുക്കുന്നവര്‍ക്ക് ഒന്നരക്കോടിയെന്ന തുക വളരെ കൂടുതലാണ്. ആരും അധിക്ഷേപം നടത്തിയിട്ടില്ല. താന്‍ ഇതുവരെ ഒന്നരക്കോടിയില്‍ സിനിമ എടുത്തിട്ടില്ല. ഒന്നരക്കോടിയെന്നത് വലിയ തുകയാണ്. ഈ പണം എന്നത് സൂക്ഷിച്ച് ചെലവാക്കേണ്ടതാണ്. അതിന് കൃത്യമായ ആസൂത്രണം ആവശ്യമാണ്. മുന്നൊരുക്കമില്ലാതെ സിനിമ എടുക്കുമ്പോഴാണ് ചിലവ് കൂടുന്നത്. താന്‍ 30 ദിവസത്തിനുള്ളില്‍ സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കും.

ഈ മാധ്യമത്തെക്കുറിച്ച് അറിവുള്ളതിനാലാണ് അനാവശ്യ ചിലവില്ലാതെ സിനിമ പൂര്‍ത്തിയാക്കുന്നതെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. 50 ലക്ഷം രൂപ വെച്ച് മൂന്നുപേര്‍ക്ക് നല്‍കിയാല്‍ അത്രയും പേര്‍ക്ക് അവസരം ലഭിക്കും. അത്തരമൊരു സാഹചര്യമാണ് ഒന്നരക്കോടി ഒരാള്‍ക്ക് നല്‍കുന്നതിലൂടെ ഇല്ലാതാക്കുന്നത്. ഒന്നരക്കോടി തികയുന്നില്ലെന്ന് പറയുന്നതില്‍ അടിസ്ഥാനമില്ല. മുന്‍ പരിചയമില്ലാത്തവര്‍ക്കാണ് സഹായം നല്‍കുന്നത്.

അവര്‍ക്ക് ഓറിയന്റേഷന്‍ നല്‍കണമെന്നാണ് പറഞ്ഞത്. തുക നല്‍കേണ്ടന്നല്ല പറഞ്ഞതെന്നും അത് സൂക്ഷിച്ച് ചെലവാക്കേണ്ടതാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. സ്‌ക്രിപ്റ്റ് പരിശോധിച്ചതുകൊണ്ട് മാത്രം കാര്യമില്ല. അത് മാത്രം നോക്കി എടുക്കുന്ന പടം പപ്പടം ആയിരിക്കുമെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ വിമര്‍ശിച്ചു. താന്‍ അവര്‍ക്ക് വേണ്ടിയാണ് സംസാരിച്ചതെന്നും അവര്‍ ഈ മേഖലയില്‍ ഉയര്‍ന്നുവരണമെന്ന ആഗ്രഹത്താലാണ് അത്തരത്തില്‍ പരാമര്‍ശം നടത്തിയതെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

അതേസമയം, അടൂര്‍ ഗോപാലകൃഷ്ണന്‍ അധിക്ഷേപ പരാമര്‍ശത്തിനെതിരെ സംവിധായകന്‍ ഡോ. ബിജു രംഗത്തെത്തി. പുറത്തുവന്നത് ഫ്യൂഡല്‍ ചിന്താഗതിയെന്ന് സംവിധായകന്‍ ഡോ. ബിജു വിമര്‍ശിച്ചു. അടൂരിനെ പോലുള്ളവര്‍ കൂടുതല്‍ സാമൂഹിക ബോധ്യത്തോടെ പെരുമാറണം. പട്ടിക വിഭാഗക്കാര്‍ക്കും വനിതകള്‍ക്കും മാത്രം പരിശീലനം എന്തിനാണെന്ന് ഡോ. ബിജു ചോദിച്ചു. ഇവര്‍ കഴിവില്ലാത്തവരാണ് എന്ന ബോധ്യത്തില്‍ നിന്നാണ് അടൂരിന്റെ വാക്കുകളെന്നും ഡോക്ടര്‍ ബിജു പറഞ്ഞു.

ദളിത്, സ്ത്രീ സംവിധായകര്‍ക്ക് സിനിമയെടുക്കാന്‍ ഗ്രാന്‍ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം ധീരമാണെന്ന് കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ കെ മധു പ്രതികരിച്ചു. സര്‍ക്കാര്‍ നയം ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ പിന്തുടരും. അടൂര്‍ ഗോപാലകൃഷ്ണനും ശ്രീകുമാരന്‍ തമ്പിയും ഗുരുസ്ഥാനീയരായതിനാല്‍ വിവാദപരാമര്‍ശങ്ങളില്‍ കൂടുതല്‍ പറയുന്നില്ലെന്നും കെ മധു പറഞ്ഞു.