തിരുവനന്തപുരം: ബലാത്സംഗക്കേസുകളിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ മൂന്നാമത്തെ അതിജീവിത, കോൺഗ്രസ് ദേശീയ നേതാക്കളായ പ്രിയങ്കാ ഗാന്ധി, ദീപാ ദാസ് മുൻഷി, അൽക്ക ലാംബ, ജെബി മേത്തർ എന്നിവർക്ക് പരാതി നൽകി. രാഹുലിനെ പിന്തുണയ്ക്കുന്ന സൈബർ സംഘം കടുത്ത സൈബർ ആക്രമണവും വ്യക്തിഹത്യയും ഭീഷണിയും നടത്തുകയാണെന്ന് അതിജീവിത ആരോപിക്കുന്നു. രാഹുലിന്റെ അടുത്ത സുഹൃത്തും സഹപ്രവർത്തകനുമായ ഫെനി നൈനാനാണ് ഈ സൈബർ ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കേസുകൾ കോടതിയുടെ പരിഗണനയിലിരിക്കെ, തങ്ങളുടെ സ്വകാര്യ ചാറ്റുകളും ചിത്രങ്ങളും സമ്മതമില്ലാതെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ടെന്ന് അതിജീവിത വ്യക്തമാക്കുന്നു. ഇത് അതിജീവിതകളെ മാനസികമായി തകർക്കാനും കേസുകളെ അട്ടിമറിക്കാനുമുള്ള ബോധപൂർവമായ ശ്രമമാണെന്നും പരാതിയിൽ പറയുന്നു. കോൺഗ്രസ് നേതൃത്വം രാഹുലിനെതിരെ പ്രതീകാത്മക നടപടി മാത്രമാണ് സ്വീകരിച്ചതെന്നും, ഇപ്പോഴും പാർട്ടി അനുഭാവികളായ സാമൂഹിക മാധ്യമ ഹാൻഡിലുകൾ വഴി പ്രതിക്ക് അനുകൂലമായ പ്രചരണങ്ങൾ നടക്കുന്നുണ്ടെന്നും പരാതിക്കാരി ആരോപിച്ചു.

വ്യാജ വോട്ടർ ഐഡി കേസിൽ പ്രതിയായ ഫെനി നൈനാൻ, അതിജീവിതകളെ മോശക്കാരായി ചിത്രീകരിക്കാനും നിശബ്ദരാക്കാനും നേതൃത്വം നൽകുന്നതായാണ് പരാതി. കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറിയും തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുകയും ചെയ്ത ഫെനിയുടെ ഈ പ്രവർത്തനങ്ങൾ, രാഷ്ട്രീയ സ്വാധീനമുള്ളവർക്ക് എന്തും ചെയ്യാമെന്ന തെറ്റായ സന്ദേശമാണ് സമൂഹത്തിന് നൽകുന്നതെന്നും, ഇത് വരുംതലമുറയുടെ പോലും സുരക്ഷിതത്വം ഇല്ലാതാക്കുമെന്നും പരാതിയിൽ പറയുന്നു.

സൈബർ ഇടങ്ങളിലെ അധിക്ഷേപങ്ങൾക്കും ഭീഷണികൾക്കുമെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് അതിജീവിതയുടെ പ്രധാന ആവശ്യം. അതിജീവിതമാരുടെ വ്യക്തിത്വം വെളിപ്പെടുത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കണം, കോടതിയുടെ പരിഗണനയിലുള്ള കാര്യങ്ങൾ ഏകപക്ഷീയമായി ചർച്ച ചെയ്യുന്നതിൽ നിന്ന് പ്രതികളെയും അവരുടെ സംഘത്തെയും തടയണം, നീതിപൂർവകമായ വിചാരണ ഉറപ്പാക്കാൻ അധികാരികൾ ഇടപെടണം എന്നീ ആവശ്യങ്ങളും പരാതിക്കാരി ഉന്നയിച്ചിട്ടുണ്ട്.

"ഞങ്ങൾ കടന്നുപോകുന്നത് വിവരണാതീതമായ ട്രോമയിലൂടെയാണ്. മാനം കാക്കാനും നീതിക്കും വേണ്ടിയുള്ള ഈ പോരാട്ടം ഞങ്ങളുടെ മാത്രം നിലനിൽപ്പിന് വേണ്ടിയല്ല, മറിച്ച് സ്ത്രീകളുടെ മാന്യതയ്ക്കും വരുംതലമുറയ്ക്കും വേണ്ടിയുള്ളതാണ്," അതിജീവിത പറഞ്ഞു. ഈ ഗുരുതരമായ ആരോപണങ്ങളിൽ കോൺഗ്രസ് നേതൃത്വത്തിന്റെ അടിയന്തര ഇടപെടൽ പ്രതീക്ഷിക്കുന്നുണ്ട്.