- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിപ്ലവ പ്രസ്ഥാനത്തിന്റെ, ചരിത്രത്തിന്റെ ശ്രദ്ധേയമായ പരിച്ഛേദമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; അടിസ്ഥാന വർഗത്തിന്റെ മുന്നേറ്റത്തിന് കരുത്തേകിയ പോരാളി; പൊതുരംഗത്തെ ശക്തമായ സാന്നിധ്യം; അവസാനിക്കുന്നത് കമ്മ്യുണിസ്റ് പാർട്ടിയുടെ ഒരു യുഗം; സമര കേരളത്തിന് നികത്താൻ കഴിയാത്ത വിടവ്; സഖാവ് വി എസിന്റെ വിയോഗത്തിൽ അനുശോചന പ്രവാഹം
തിരുവനന്തപുരം: വി.എസ് എന്നത് മലയാളികൾക്ക് വെറും രണ്ടക്ഷരം മാത്രമല്ല പോരാട്ടങ്ങളുടെയും സമരങ്ങളുടെയും ഓർമ്മപ്പെടുത്തൽ കൂടിയാണ്. ജനപക്ഷത്ത് നിലയുറപ്പിച്ച വി.എസ് ജനകീയനായ. അഴിമതിക്കെതിയുള്ള സമീപനം സ്വന്തം പാർട്ടിയിൽ തന്നെ ശത്രുക്കളുണ്ടായി. എന്നാൽ എതിപ്പുകൾക്കും സമ്മർദ്ദത്തിനും വി.എസ് കീഴടങ്ങിയില്ല. മുഖ്യമന്ത്രിസ്ഥാനമൊഴിഞ്ഞ ശേഷം വാര്‍ധക്യസഹജമായ അവശതകളുമായി വിശ്രമജീവിതം നയിച്ചുവന്ന വി.എസിനെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ജൂണ്‍ 23-ന് തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് വൈകിട്ടായിരുന്നു വി.എസ്സിന്റെ മരണം. രാഷ്ട്രീയ ഭരണ രംഗത്തെ പ്രമുഖർ മരണത്തിൽ അനുശോചനം അറിയിച്ചു.
അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
കേരളത്തിന്റെ പൊതുവിലും ഇവിടുത്തെ വിപ്ലവ പ്രസ്ഥാനത്തിന്റെ പ്രത്യേകിച്ചും ചരിത്രത്തിന്റെ ശ്രദ്ധേയമായ പരിച്ഛേദമാണു സഖാവ് വി എസിന്റെ ജീവിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉജ്വല സമരപാരമ്പര്യത്തിന്റെയും അസാമാന്യമായ നിശ്ചയദാർഢ്യത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടനിലപാടുകളുടെയും പ്രതീകമായിരുന്നു സഖാവ് വി എസ് അച്യുതാനന്ദനെന്നും ജനങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുത്തുകൊണ്ടു ജനങ്ങൾക്കൊപ്പം നിന്ന അദ്ദേഹത്തിന്റെ നൂറ്റാണ്ടുകടന്ന ജീവിതം കേരളത്തിന്റെ ആധുനിക ചരിത്രവുമായി വേർപെടുത്താനാവാത്ത വിധത്തിൽ കലർന്നുനിൽക്കുന്നുവെന്നും പിണറായി വിജയൻ അനുശോചിച്ചു.
സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വാക്കുകൾ
വി എസ് ഇടവേളകളില്ലാത്ത സമരവും അടിസ്ഥാന വർഗത്തിന്റെ മുന്നേറ്റത്തിന് കരുത്തേകിയ പോരാളിയുമാണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു. കേരളത്തിന്റെ എണ്ണമറ്റ സമര പോരാട്ടങ്ങളെ നിർണയിക്കുകയും മുന്നേ നയിക്കുകയും ചെയ്ത കമ്യൂണിസ്റ്റ് നിശ്ചയദാർഢ്യമാണ് വി എസിന്റെത്. കേരളത്തിലെയും ഇന്ത്യയിലേയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതിൽ അതുല്യമായ പങ്ക് വഹിച്ചയാളാണ് അദ്ദേഹം.
ഏതു സമൂഹത്തെയും ആവേശം കൊള്ളിക്കാൻ വി എസിന് സാധിച്ചു. ഏതു പ്രതിസന്ധിയെയും നേരിടാനുള്ള ഊർജമാണ് സഖാവ്. തലമുറകൾക്ക് പിന്തുടരാനുള്ള മഹത്തായ പാദമുദ്രകൾ അടയാളപ്പെടുത്തിയാണ് വിപ്ലവ നായകൻ നിത്യനിദ്രയിലേക്ക് കടക്കുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ വാക്കുകൾ
മികച്ച ഭരണാധികാരിയും പൊതുപ്രവർത്തകനും ആയിരുന്നു വിഎസ് അച്യുതാനന്ദൻ. അദ്ദേഹത്തിന്റെ വേർപാട് സംസ്ഥാനത്തിന് വലിയ നഷ്ടമാണ്. സാധാരണ തൊഴിലാളി പ്രവർത്തകനായി വളർന്നുവന്ന് നിരവധി സമരമുഖങ്ങളിൽ നേതൃത്വം വഹിച്ചു കേരളത്തിൻ്റെ പൊതുരംഗത്ത് ശക്തമായ സാന്നിധ്യമായി അദ്ദേഹം മാറി.മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ നിലകളിൽ എല്ലാം അദ്ദേഹത്തിന്റെ സേവനങ്ങൾ വിലപ്പെട്ടതായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സിപിഎം പാർട്ടിയുടെയും ദുഃഖത്തിൽ കെപിസിസിയും പങ്കുചേരുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കറകളഞ്ഞ നേതാക്കളില്‍ അവസാനത്തെയാളെന്ന് രമേശ് ചെന്നിത്തല
കേരളത്തിന്റെ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ അവസാനത്തെ ആദര്‍ശവാനും വിട പറഞ്ഞു. വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി.എസ് അച്യുതാനന്ദന്‍ സമാനതകളില്ലാത്ത ഇതിഹാസമായിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കറകളഞ്ഞ നേതാക്കളില്‍ അവസാനത്തെയാള്‍.
എന്റെ ബാല്യം മുതല്‍ കേട്ടുതുടങ്ങിയ പേരാണത്. ഞാന്‍ കെഎസ്യു പ്രവര്‍ത്തകനായി ചെന്നിത്തലയില്‍ രാഷ്ട്രീയം തുടങ്ങിയ കാലത്തിനും എത്രയോ മുന്‍പേ അദ്ദേഹം പുന്നപ്ര- വയലാര്‍ സമരനായകനെന്ന നിലയില്‍ കേരളത്തിലെമ്പാടും അറിയപ്പെടുന്ന നേതാവായി മാറിയിരുന്നു.
ഞാന്‍ പാര്‍ലമെന്റംഗമായി പോയപ്പോഴാണ് അച്യുതാനന്ദനുമായി അടുത്തിടപഴകാന്‍ കൂടുതല്‍ അവസരങ്ങളുണ്ടായത്. യാദൃശ്ചികമായി പലവട്ടം ഒന്നിച്ച് വിമാനത്തിലും ട്രെയിനിലും ഒക്കെ യാത്ര ചെയ്യാനുള്ള അവസരങ്ങളുണ്ടായി. പക്ഷേ, അതെല്ലാം അദ്ദേഹത്തെ അടുത്തു കാണാനും അറിയാനുമുള്ള അവസരങ്ങളായി മാറ്റി. രാഷ്ട്രീയമായി വളരെ അകലമുള്ളവരാണ് ഞങ്ങള്‍ രണ്ടു പേരും. വളരെ വിഭിന്നമായ ചേരിയില്‍ നിന്നുകൊണ്ട് പരസ്പരം അടരാടുമ്പോഴും സാധാരണ വ്യക്തികളെന്ന നിലയില്‍ ഞങ്ങള്‍ പരസ്പരം മനസിലാക്കുകയും ബഹുമാനിക്കുകയും ചെയ്തിട്ടുണ്ട്.
ഒരു നൂറ്റാണ്ടു കാലം കേരളത്തിന്റെ പൊതുപ്രവര്‍ത്തന നഭസില്‍ ജ്വലിച്ചു നിന്ന ചുവന്ന നക്ഷത്രമാണ് പൊലിഞ്ഞത്. കേരളരാഷ്ട്രീയത്തില്‍ ആ വേര്‍പാടുണ്ടാക്കുന്ന ശൂന്യത വളരെ വലുതായിരിക്കും. കേരളത്തിന്റെ ഇടതുപക്ഷ പ്രസ്ഥാനങ്ങളിലെ അവസാനത്തെ തിരുത്തല്‍ ശക്തിയാണ് നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ ദീപ്ത സ്മരണകള്‍ക്കു മുന്നില്‍ എന്റെയും അശ്രുപൂജ.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ അനുശോചന കുറിപ്പ്
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഒരു യുഗമാണ് വി.എസിലൂടെ അവസാനിക്കുന്നത്. സാധാരണക്കാർക്ക് എപ്പോഴും സമീപിക്കാവുന്ന ചുരുക്കം ചില കമ്മ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളായിരുന്നു വി. എസ്. കേരളത്തിലെ ഭൂമാഫികൾക്കെതിരെ അദ്ദേഹം സ്വീകരിച്ച നിലപാടും നടപടികളും കേരള ജനത ഒരിക്കലും മറക്കില്ല. സംഘടിത മതമൗലിക ഭീകര സംഘടനകൾ കേരളത്തിൽ പിടിമുറുക്കുന്നു എന്ന് സധൈര്യം തുറന്നു പറഞ്ഞ മുഖ്യമന്ത്രി കൂടിയായിരുന്നു വി.എസ്. എന്നത് ഈ വർത്തമാനകാലത്ത് ഏറെ പ്രസക്തമാണ്. അദ്ദേഹം തിരുവനന്തപുരത്ത് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ കഴിഞ്ഞ ആഴ്ച്ച ആശുപത്രിയിലെത്തി മകൻ അരുൺകുമാറിനെ കണ്ട് വി എസിന്റെ ആരോഗ്യ വിവരങ്ങൾ ആരാഞ്ഞിരുന്നു. വി എസിന്റെ ആത്മാവിന് മോക്ഷം ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
സമര കേരളത്തിന് നികത്താൻ കഴിയാത്ത വിടവെന്ന് കെ കെ ശൈലജ
കേരളത്തിന്റെ വികസനത്തിന് അടിസ്ഥാനശിലയിടുന്നതിൽ അതുല്യ സംഭാവന നൽകിയ വ്യക്തിയാണ് വി എസ്. കേരളത്തിന്റെ പ്രിയപുത്രൻ, വിപ്ലവപ്രസ്ഥാനത്തിന്റെ ഉജ്വല നേതാവ് സഖാവ് വി എസ് വിടപറഞ്ഞു. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിലും മുഖ്യമന്ത്രിയെന്ന നിലയിൽ കേരളത്തിൻ്റെ വികസനത്തിന് അടിസ്ഥാനശിലയിടുന്നതിലും അതുല്യമായ സംഭാവന നൽകിയ വ്യക്തിയാണ് സഖാവ് വി എസ്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ചരിത്രത്തോടൊപ്പം ചേർന്ന് നിൽക്കുന്നതാണ് സഖാവിൻ്റെ ജീവിതം. വിഎസിൻ്റെ വേർപാട് സമര കേരളത്തിന് നികത്താൻ കഴിയാത്ത വിടവാണ്. സഖാവ് വി എസിന് ആദരാഞ്ജലികൾ.
വിസ് അച്യുതാനന്ദന്റെ വേര്‍പാട് തീരാനഷ്ടമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ പ്രതികരിച്ചു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും നയിക്കുന്നതിലും രൂപീകരണത്തിലും വിഎസിന്റെ നേതൃത്വപരമായ പങ്ക് അതുല്യമാണ്. ദീര്‍ഘനാളായി രോഗശയ്യയിലായിരുന്നിട്ടും പ്രധാന പ്രശ്‌നങ്ങളില്‍ പ്രതികരിച്ചും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് വിഎസ് വഹിച്ച പങ്ക് സമൂഹത്തിന് മുന്നിലുണ്ടെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു.
വിഎസിന്റെ വേർപാട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും തീരാനഷ്ടമാണെന്ന് ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കി. അദേഹത്തിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും അദേഹം നേതൃത്വം നല്‍കി മുന്നോട്ടു കൊണ്ടുപോയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്തുകയെന്നത് അദേഹത്തിന്റെ ഓര്‍മയ്ക്ക് മുന്‍പില്‍ നിര്‍വഹിക്കാനുള്ള ഉത്തരവാദിത്തമാണെന്ന് ടിപി രാമകൃഷ്ണന്‍ പറഞ്ഞു.
ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് 3.20 നായിരുന്നു വി.എസ്സിന്റെ മരണം. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പുന്നപ്ര-വയലാര്‍ സമരനായകനായി, ഏറ്റവും തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവായി പതിറ്റാണ്ടുകളോളം രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വിഎസിന്റെ ജീവിത ചരിത്രം കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രം കൂടിയാണ്.