- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്തും കണ്ണൂരും ആലപ്പുഴയിലും പാര്‍ട്ടി സംവിധാനം ദുര്‍ബലം; ജയസാധ്യതയുള്ള സിറ്റിംഗ് എംഎല്‍എമാരെ പ്രായം നോക്കാതെ തന്നെ വീണ്ടും പരിഗണിക്കണം; മണ്ഡലങ്ങളിലെ പള്‍സ് അറിയാന്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ സര്‍വ്വേകള്‍; 90 സീറ്റുകള്‍ ഉറപ്പെന്ന് കനുഗോലു റിപ്പോര്‍ട്ട്; തിരുവനന്തപുരത്ത് ബിജെപി വെല്ലുവിളിയും; കോണ്‍ഗ്രസിന്റെ ലക്ഷ്യയില്‍ തെളിഞ്ഞത്
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് അധികാരം പിടിക്കുമെന്ന് പ്രമുഖ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലുവിന്റെ സര്‍വ്വേ റിപ്പോര്‍ട്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ യുഡിഎഫിന് 90 സീറ്റുകള്‍ വരെ ലഭിക്കാനാണ് സാധ്യത. ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് ആഞ്ഞടിക്കുമ്പോഴും തിരുവനന്തപുരം, കണ്ണൂര്‍, ആലപ്പുഴ ജില്ലകളില്‍ പാര്‍ട്ടി സംവിധാനം ദുര്‍ബലമാണെന്നും സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന കോണ്‍ഗ്രസ് നേതൃക്യാമ്പില്‍ (ലക്ഷ്യ 2026) സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
യുവത്വത്തിന് മുന്‍തൂക്കം: തദ്ദേശ തിരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയ യുവനേതാക്കളെയും സിനിമ-സാംസ്‌കാരിക രംഗത്തെ പ്രമുഖരെയും ഇത്തവണ കളത്തിലിറക്കണം. എല്‍ഡിഎഫ് കോട്ടകളില്‍ വിള്ളല്‍ വീഴ്ത്താന്‍ സര്‍ക്കാരിനെതിരെയുള്ള ജനരോഷം സഹായിക്കും. കോണ്‍ഗ്രസിന്റെ കൈവശമുള്ള മിക്ക സീറ്റുകളും സുരക്ഷിതമാണ്. ജയസാധ്യതയുള്ള സിറ്റിംഗ് എംഎല്‍എമാരെ പ്രായം നോക്കാതെ തന്നെ വീണ്ടും പരിഗണിക്കണം. പത്തനംതിട്ട ജില്ലയിലെ അഞ്ചില്‍ അഞ്ച് സീറ്റും യുഡിഎഫ് പിടിച്ചെടുക്കുമെന്ന് റിപ്പോര്‍ട്ട് പ്രവചിക്കുന്നു. കോട്ടയം, ഇടുക്കി ജില്ലകളിലും എറണാകുളത്ത് 12 സീറ്റുകളിലും യുഡിഎഫ് വന്‍ മുന്നേറ്റം നടത്തും.
തലസ്ഥാനത്ത് യുഡിഎഫിന് ഇപ്പോഴും വെല്ലുവിളികള്‍ ബാക്കിയാണ്. നിലവില്‍ നാല് സീറ്റുകള്‍ മാത്രമാണ് ഉറപ്പ്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന ഇവിടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് അനുസരിച്ച് ഇത് പരമാവധി ആറായി ഉയരാം. ബിജെപിയുടെ മുന്നേറ്റവും ഇടത് സ്വാധീനവുമാണ് ഇവിടെ വെല്ലുവിളി. കൊല്ലം: ഇടത് കോട്ടയായ കൊല്ലത്ത് ഇത്തവണ ആറ് സീറ്റുകള്‍ ഉറപ്പാണ്. നേരത്തെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചാല്‍ ഇത് എട്ട് വരെയാകാം. മലപ്പുറം, വയനാട് ജില്ലകള്‍ യുഡിഎഫ് തൂത്തുവാരും. തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലും യുഡിഎഫിന് അനുകൂല തരംഗമാണ് കാണുന്നത്. കണ്ണൂരില്‍ ഭരണവിരുദ്ധ വികാരം ശക്തമാണെങ്കിലും സംഘടനാപരമായി കൂടുതല്‍ കരുത്ത് കാട്ടേണ്ടതുണ്ട്.
സാമുദായിക അസന്തുലിതാവസ്ഥ പരിഹരിച്ചും സോഷ്യല്‍ മീഡിയയില്‍ സ്വാധീനമുള്ള ജനപ്രിയരെ കണ്ടെത്തിയും സ്ഥാനാര്‍ത്ഥി പട്ടിക പുതുക്കണം. മണ്ഡലങ്ങളിലെ പള്‍സ് അറിയാന്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ സര്‍വ്വേകള്‍ നടത്താനും തീരുമാനമായിട്ടുണ്ട്. യുഡിഎഫ് അധികാരത്തില്‍ വരുമെന്ന കനുഗോലു റിപ്പോര്‍ട്ട് അണികള്‍ക്കിടയില്‍ വലിയ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്. ബത്തേരിയില്‍ സംഘടിപ്പിച്ച 'ലക്ഷ്യ 2026' ക്യാംപിലെ ഐക്യം ഊര്‍ജമാക്കി നിയമസഭാ തിരഞ്ഞെടുപ്പിലേക്കു നീങ്ങാനാണ് കോണ്‍ഗ്രസ് തീരുമാനം. 100 സീറ്റുകള്‍ വരെ നേടുന്ന തരത്തിലേക്ക് ഇനി പ്രവര്‍ത്തനം മാറ്റും. ഇതിന് കോണ്‍ഗ്രസ് ചെയ്യാവുന്നതെല്ലാം ചെയ്യും.
ചര്‍ച്ചകളിലും നേതാക്കള്‍ തമ്മിലുള്ള ആശയവിനിമയത്തിലും അച്ചടക്കവും സംയമനവും പാലിച്ചു. പരാതി പറയാനുള്ള വേദിയല്ലെന്നും തിരഞ്ഞെടുപ്പ് മാത്രമായിരിക്കണം ലക്ഷ്യമെന്നും കെ.സി.വേണുഗോപാല്‍ നല്‍കിയ നിര്‍ദേശം കെപിസിസി നടപ്പാക്കി. പുലര്‍ച്ചെ ഒന്നരവരെ നീണ്ട ചര്‍ച്ചകളില്‍ മുതിര്‍ന്ന നേതാക്കളടക്കം സജീവമായി പങ്കെടുത്തു. പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരെന്ന ചോദ്യമുയര്‍ത്തിയ ആകാംക്ഷയിലാണു ക്യാംപ് ആരംഭിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, കെ.സി.വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരിലാരെന്ന ചോദ്യത്തിന് 'ഞങ്ങള്‍ ഒന്നിച്ചുനിന്നു പോരാടും' എന്ന മറുപടി മൂവരും ഒരേസ്വരത്തില്‍ നല്‍കി.
പാര്‍ട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ഈ മാസം 13, 14 തീയതികളില്‍ കേരളത്തിലെത്തി സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ നടത്തും. ആദ്യഘട്ട സ്ഥാനാര്‍ഥികള്‍ ഈ മാസത്തിനകം. അടുത്ത മാസം പകുതിയോടെ മുഴുവന്‍ സ്ഥാനാര്‍ഥികളും. യുഡിഎഫ് ഘടകകക്ഷികള്‍ക്കിടയിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ വരുംദിവസങ്ങളില്‍ നടക്കും. കക്ഷി നേതാക്കള്‍ തമ്മില്‍ അടുത്തിടെ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നു. സ്ഥിരമായി തോല്‍ക്കുന്ന സീറ്റുകളില്‍ മറ്റേതെങ്കിലും കക്ഷിക്കു വിജയസാധ്യതയുണ്ടെങ്കില്‍ വച്ചുമാറാമെന്നാണു കോണ്‍ഗ്രസിന്റെ നിലപാട്.
മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ് എന്നിവയുമായി ചില വച്ചുമാറലുകള്‍ കോണ്‍ഗ്രസ് നടത്തിയേക്കും. ഈ മാസം 20ന് അകം സീറ്റ് വിഭജനം പൂര്‍ത്തിയാക്കുകയാണു ലക്ഷ്യം. എല്‍ഡിഎഫ്, എന്‍ഡിഎ എന്നിവയില്‍നിന്ന് ഏതാനും കക്ഷികളെ ഒപ്പംകൂട്ടുന്നതു സംബന്ധിച്ച ചര്‍ച്ച അടുത്ത യുഡിഎഫ് യോഗത്തിലുണ്ടാകും.




