പത്തനംതിട്ട: പത്തനംതിട്ട സിപിഎമ്മിന്റെ ഫേസ്ബുക്ക് പേജില്‍ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ വന്ന സംഭവത്തില്‍ കേസെടുക്കാതെ പൊലീസ്. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ പരാതി എസ്പിക്ക് ലഭിച്ച് രണ്ട് ദിവസം കഴിഞ്ഞിട്ടും പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. പരാതി സൈബര്‍ സെല്ലിന് കൈമാറുമെന്ന് പത്തനംതിട്ട എസ്പി നേരത്തെ അറിയിച്ചിരുന്നു. അന്വേഷണം പുരോഗമിക്കുന്നുവെന്നാണ് സൈബര്‍ പൊലീസ് പറയുന്നത്. സംഭവത്തില്‍ ഫേസ്ബുക്കിനോട് വിശദീകരണം തേടും. ഹാക്കിംഗ് നടന്നതായി ബോധ്യപ്പെട്ട ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

'പാലക്കാട് എന്ന സ്‌നേഹ വിസ്മയം' എന്ന അടിക്കുറിപ്പോടെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ പത്തനംതിട്ട സിപിഎമ്മിന്റെ പേജില്‍ പ്രത്യക്ഷപ്പെട്ടത്. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. എന്നാല്‍ വീഡിയോ വന്ന പേജ് സിപിഎമ്മിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജല്ലെന്നായിരുന്നു സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ആദ്യം പ്രതികരിച്ചിരുന്നത്. പേജിന്റെ അഡ്മിന്‍മാരില്‍ ഒരാള്‍ തന്നെയാണ് വീഡിയോ അപ്ലോഡ് ചെയ്തതെന്ന വിവരവും പുറത്തുവന്നിട്ടും ഹാക്കിംഗ് നടന്നെന്ന് ആരോപിക്കുകയാണ് സിപിഎം. വീഡിയോ പുറത്തുവന്നതോടെ ഫേസ്ബുക്ക് പേജിന്റെ അഡ്മിന്‍ പാനലിലും അഴിച്ചുപണി നടത്തിയിരുന്നു.

വിഡിയോ അപ്ലോഡ് ചെയ്ത അഡ്മിനില്‍ ഒരാള്‍ ലിങ്ക് കോപ്പി ചെയ്തതിനൊപ്പം പേജിന്റെ പേരു കാണും വിധം വീഡിയോ സ്‌ക്രീന്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. വീഡിയോ അപ്ലോഡ് ചെയ്ത ആള്‍ക്കെതിരെ നടപടി ഉണ്ടാവുമെന്നാണ് വിവരം. ഒട്ടേറെ അഡ്മിന്‍മാര്‍ ഉണ്ടായത് പ്രശ്നത്തിന് ഒരു കാരണമായി പാര്‍ട്ടിയിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. പാര്‍ട്ടിക്ക് ഇത് നാണക്കേടായെന്ന വിലയിരുത്തലുമുണ്ട്. പ്രധാനപ്പെട്ടവരും വിശ്വസ്തരുമായവര്‍ മാത്രം അഡ്മിനായി മതിയെന്നാണ് പുതിയ തീരുമാനം.

വീഡിയോ പ്രചരിച്ചത് വ്യാജ അക്കൗണ്ടില്‍നിന്നാണെന്ന നിലപാടാണ് സി.പി.എം. ആദ്യം സ്വീകരിച്ചത്. പിന്നീടാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും തിരിച്ചുപിടിച്ചെന്നും പറഞ്ഞത്. വീഡിയോ വന്ന ഉടന്‍ ദൃശ്യങ്ങള്‍ നീക്കിയെങ്കിലും സ്‌ക്രീന്‍ ഷോട്ടും സ്‌ക്രീന്‍ റെക്കോര്‍ഡിങ്ങും പ്രചരിച്ചു. 63,000 ഫോളോവേഴ്സ് ഉള്ള പേജിലാണ് സംഭവങ്ങള്‍ നടന്നത്.