തിരുവനന്തപുരം: ഹൈക്കോടതിയില്‍ നിന്നുണ്ടായ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടടയില്‍ കോണ്‍ഗ്രസ് വര്‍ദ്ധിത വീര്യത്തില്‍. വൈഷ്ണ സുരേഷിനെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതില്‍ കലക്ടര്‍ രണ്ട് ദിവസത്തിനകം തീരുമാനം എടുക്കണമെന്ന കോടതി നിര്‍ദേശത്തോടെ മണ്ഡലത്തില്‍ വീണ്ടും പ്രചരണം സജീവമാക്കാനാണ് വൈഷ്ണ ഒരുങ്ങുന്നത്. ഹൈക്കോടതിയില്‍ നിന്നും അനുകൂലമായ വിധി വരുമെന്നാണ് പ്രതീക്ഷ, കോടതിയില്‍ വിശ്വാസമുണ്ട്. കോടതി നിലവില്‍ പറഞ്ഞതില്‍ സന്തോഷമുണ്ട്. പ്രചരണവുമായി മുന്നോട്ടു പോകുമെന്നും വൈഷ്ണ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.

രേഖകൡല്‍ എല്ലാം ഇതേ അഡ്രസ് ആയിരിക്കവേ വോട്ടു വെട്ടാന്‍ ചില ഉദ്യോഗസ്ഥരാണ് ആവേശം കാട്ടിയതെന്ന് തിരുവനന്തപരം കോര്‍പ്പറേഷനിലെ കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ഥി കെ എസ് ശബരീനാഥും പ്രതികരിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കമുള്ളവര്‍ പിന്തുണയുമായി രംഗത്തുവന്നു. ''24 വയസ്സ് പ്രായമുള്ള, കന്നിയങ്കത്തിനു ഇറങ്ങുന്ന ഒരു കെ.എസ്.യുക്കാരിയുടെ സ്ഥാനാര്‍ഥിത്വം നിങ്ങള്‍ക്ക് ഇത്രമേല്‍ അസ്വസ്ഥത

ഉണ്ടാക്കിയെങ്കില്‍ നിങ്ങളുടെ count down തുടങ്ങി എന്ന് നിങ്ങള്‍ തന്നെ സമ്മതിക്കുന്നു പിണറായിസ്റ്റുകളെ ...'' എന്നാണ് രാഹുല്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

ഹൈക്കോടതിയുടെ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ മുട്ടടയില്‍ കോണ്‍ഗ്രസിന് പ്രതീക്ഷ വര്‍ധിച്ചിരിക്കയാണ്. തിരുവനന്തപുരം കോര്‍പറേഷനിലെ വോട്ട് വെട്ടലിന്റെ ഇരയായ മുട്ടടയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിനെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ഇന്ന് അഭിപ്രായപ്പെട്ടിരുനന്ു. 24 വയസുള്ള പെണ്‍കുട്ടിക്ക് സാങ്കേതിക കാരണം പറഞ്ഞ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യത ഇല്ലാതാക്കരുതെന്ന് കോടതി പറഞ്ഞു.

വോട്ട് വെട്ടലിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയില്‍ ഇടപെട്ടുകൊണ്ട് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം. വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടിയില്‍ അസാധാരണ അധികാരം ഉപയോഗിക്കുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് അനീതിയാണെന്നും, രാഷ്ട്രീയകാരണങ്ങളാല്‍ ഒഴിവാക്കുകയല്ല വേണ്ടതെന്നും ഹരജി പരിഗണിച്ച ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടിയെടുക്കണം. ഒരാള്‍ മത്സരിക്കാന്‍ ഇറങ്ങിയതാണ്, സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു. രാഷ്ട്രീയ കാരണത്താല്‍ ഒഴിവാക്കുകയല്ല വേണ്ടത് -കോടതി വ്യക്തമാക്കി.

മുട്ടടയിലെ സ്ഥിരതാമസക്കാരിയായ വൈഷ്ണവയെ സ്ഥിരതാമസക്കാരിയല്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. അടിയന്തര സ്വഭാവം മാനിച്ചാണ് ഹൈക്കോടതി തിങ്കളാഴ്ച കേസ് പരിഗണിച്ചത്. ചൊവ്വാഴ്ച വീണ്ടും ഹിയറിങ് നടത്തി 19 ന് മുമ്പ് ഉത്തരവ് ഇറക്കണമെന്നും ജില്ലാ കലക്ടറോട് ഹൈക്കോടതി ആവശ്യപ്പെട്ടു. രേഖകള്‍ പരിശോധിച്ച് തീരുമാനമെടുക്കണം. പരാതിക്കാരനായ ധനേഷ് കുമാറിനോട് ഹിയറിങ്ങില്‍ ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദേശമുണ്ട്.

സാങ്കേതിക കാരണങ്ങളായി പറയുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിഴവാണെന്നും, തന്റെ ഭാഗത്തു നിന്നുള്ള പിഴവല്ലെന്നും വൈഷ്ണ കോടതിയില്‍ പറഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യു.ഡി.എഫ് അവതരിപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയാണ് 24കാരിയായ വൈഷ്ണ സുരേഷ്. ആദ്യം പ്രസിദ്ധീകരിച്ച പട്ടികയില്‍ പേരുണ്ടായിരുന്നുവെന്നും, സി.പി.എം പരാതി നല്‍കിയപ്പോള്‍ സ്ഥിരതാമസക്കാരിയെന്നതിന്റെ രേഖകളെല്ലാം ഹാജരാക്കിയതാവും ഇവര്‍ പറഞ്ഞു.