- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഇതോ അതീവ സുരക്ഷാ മേഖല? ഡല്‍ഹിയിലെ ചാണക്യപുരിയില്‍ രാവിലെ നടക്കാനിറങ്ങിയ വനിതാ എംപിയുടെ സ്വര്‍ണമാല പൊട്ടിച്ചു; കഴുത്തിന് പരിക്കേറ്റു; ചുരിദാര്‍ വലിച്ചുകീറി; അമിത് ഷായ്ക്ക് കത്തയച്ച് കോണ്‍ഗ്രസ് എംപി
അമിത് ഷായ്ക്ക് കത്തയച്ച് കോണ്‍ഗ്രസ് എംപി
ന്യൂഡല്‍ഹി: അതീവ സുരക്ഷാ മേഖലയായ രാജ്യതലസ്ഥാനത്തെ ചാണക്യപുരിയില്‍ പ്രഭാത നടത്തത്തിനിടെ തന്റെ മാല പൊട്ടിച്ചതായി കോണ്‍ഗ്രസ് എം പി സുധാ രാമകൃഷ്ണന്‍ പൊലീസില്‍ പരാതി നല്‍കി. തമിഴ്നാട്ടിലെ മയിലാടുതുറൈയില്‍ നിന്നുള്ള ലോക്സഭാ അംഗമായ സുധാ രാമകൃഷ്ണന്‍, ഡിഎംകെ എം പി രാജാത്തിയോടൊപ്പം ചാണക്യപുരിയിലെ പോളിഷ് എംബസിക്ക് സമീപം നടക്കാനിറങ്ങിയപ്പോഴാണ് സംഭവം. മുഖംമൂടി ധരിച്ചെത്തിയ ഒരാള്‍ സ്‌കൂട്ടറില്‍ വന്ന് തന്റെ മാല തട്ടിയെടുത്തതായി ഡല്‍ഹിയിലെ ക്രമസമാധാനം കൈകാര്യം ചെയ്യുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് എഴുതിയ കത്തില്‍ എംപി പറയുന്നു. മാല പിടിച്ചുപറിച്ചപ്പോള്‍ കഴുത്തിനു പരുക്കേറ്റതായും ചുരിദാര്‍ കീറുകയും ചെയ്തതായി അവര്‍ കത്തില്‍ പറയുന്നു.
കോണ്‍ഗ്രസ് എംപി ആയ സുധ നിലവില്‍ താമസിക്കുന്ന തമിഴ്നാട് ഭവന് സമീപമാണ് സംഭവം. പുലര്‍ച്ചെ പുറത്തിറങ്ങിയ സുധയുടെ കഴുത്തില്‍നിന്ന് മോഷ്ടാവ് മാല പിടിച്ചുപറിക്കുകയായിരുന്നു. ഒട്ടേറെ വിദേശ എംബസികളും വിഐപി വസതികളുമുള്ള ഡല്‍ഹിയിലെ ഏറ്റവും സുരക്ഷിതമായ മേഖലയായിട്ടും അക്രമിക്ക് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞു. ഡല്‍ഹി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ തിരിച്ചറിയുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. കുറ്റവാളിയെ കണ്ടെത്താന്‍ ഒന്നിലധികം സംഘങ്ങളെയും രൂപീകരിച്ചിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് സുധ കത്തെഴുതി. ചാണക്യപുരിയിലെ പോളണ്ട് എംബസിക്ക് സമീപത്തുവെച്ച് രാവിലെ തന്റെ സ്വര്‍ണ്ണമാല കവര്‍ന്നെന്നും സംഭവത്തില്‍ തനിക്ക് പരിക്കേറ്റെന്നും കത്തില്‍ അവര്‍ വ്യക്തമാക്കി. 'സര്‍, സമയം കിട്ടുമ്പോഴെല്ലാം പ്രഭാതസവാരിക്ക് പോകുന്നത് എന്റെ പതിവാണ്. 2025 ഓഗസ്റ്റ് 04-ന് (തിങ്കളാഴ്ച), ഞാനും രാജ്യസഭയിലെ മറ്റൊരു വനിതാ പാര്‍ലമെന്റ് അംഗമായ ശ്രീമതി രാജാത്തിയും നടക്കാനായി തമിഴ്നാട് ഭവനില്‍നിന്ന് പുറത്തിറങ്ങി. രാവിലെ ഏകദേശം 6.15-നും 6.20-നും ഇടയില്‍, ഞങ്ങള്‍ പോളണ്ട് എംബസിയുടെ 3, 4 ഗേറ്റുകള്‍ക്ക് സമീപം എത്തിയപ്പോള്‍, മുഖം പൂര്‍ണ്ണമായും മറയ്ക്കുന്ന ഫുള്‍ ഹെല്‍മെറ്റ് ധരിച്ച് സ്‌കൂട്ടറോടിച്ചെത്തിയ ഒരാള്‍ എതിര്‍ദിശയില്‍നിന്ന് വന്ന് എന്റെ സ്വര്‍ണ്ണമാല തട്ടിപ്പറിച്ച് കടന്നുകളഞ്ഞു.' കത്തില്‍ പറയുന്നു.
'സാധാരണ വേഗതയില്‍ എതിര്‍ദിശയില്‍ നിന്ന് വന്നതുകൊണ്ട് ഇയാള്‍ ഒരു മാല പൊട്ടിക്കാനായി വരുന്നതാണെന്ന് സംശയിച്ചില്ല. കഴുത്തില്‍ നിന്ന് മാല വലിച്ചെടുത്തപ്പോള്‍ പരിക്കേല്‍ക്കുകയും ചുരിദാര്‍ കീറുകയും ചെയ്തു. താഴെ വീഴാതെ കഷ്ടിച്ചാണ് പിടിച്ചുനിന്നത്. ഞങ്ങള്‍ രണ്ടുപേരും സഹായത്തിനായി നിലവിളിച്ചു' സുധാ രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
പിന്നീട് ഡല്‍ഹി പോലീസിന്റെ മൊബൈല്‍ പട്രോള്‍ വാഹനം കണ്ടപ്പോള്‍ അവരെ വിവരമറിയിച്ചതായും അവര്‍ പറഞ്ഞു. 'ഒരു പാര്‍ലമെന്റ് അംഗമായ സ്ത്രീക്ക്, എംബസികളും സംരക്ഷിത സ്ഥാപനങ്ങളും നിറഞ്ഞ ചാണക്യപുരി പോലുള്ള അതിസുരക്ഷാ മേഖലയില്‍ പോലും സുരക്ഷിതമായി നടക്കാന്‍ കഴിയുന്നില്ല എന്നത് ഞെട്ടിക്കുന്നതാണ്' അമിത് ഷായ്ക്ക് അയച്ച കത്തില്‍ അവര്‍ വ്യക്തമാക്കി.
രാജ്യതലസ്ഥാനത്ത്, ഈ അതീവ പ്രാധാന്യമുള്ള മേഖലയില്‍ ഒരു സ്ത്രീക്ക് സുരക്ഷിതമായി നടക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ എവിടെയാണ് നമുക്ക് സുരക്ഷിതത്വം അനുഭവിക്കാനും നമ്മുടെ ജീവനും വസ്തുവകകള്‍ക്കും ഭയമില്ലാതെ നമ്മുടെ ദിനചര്യകള്‍ ചെയ്യാനും കഴിയുക എന്നും അവര്‍ ചോദിച്ചു. 'കഴുത്തില്‍ പരിക്കേറ്റു, നാല് പവനില്‍ അധികം തൂക്കമുള്ള സ്വര്‍ണ്ണമാല നഷ്ടപ്പെട്ടു, ഈ ക്രിമിനല്‍ ആക്രമണത്തില്‍ ഞാന്‍ അതീവ ദുഃഖിതയാണ്,' അവര്‍ കൂട്ടിച്ചേര്‍ത്തു. കുറ്റവാളിയെ കണ്ടെത്താന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും തന്റെ സ്വര്‍ണ്ണമാല വീണ്ടെടുക്കാനും വേഗത്തില്‍ നീതി ലഭ്യമാക്കാനും വേണ്ട നടപടി സ്വീകരിക്കണമെന്നും അവര്‍ അമിത് ഷായോട് അഭ്യര്‍ത്ഥിച്ചു.