കൊച്ചി: കാലാവധി കഴിഞ്ഞ ഫിക്‌സഡ് ഡെപ്പോസിറ്റ് തുക അവകാശിക്ക് നല്‍കുന്നതില്‍ വീഴ്ചവരുത്തിയ ബാങ്ക് ഡെപ്പോസിറ്റ് തുകയും നഷ്ടപരിഹാവും നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടെ ഉത്തരവ്. പരാതിക്കാരനായ എറണാകുളം വൈറ്റില സ്വദേശി പി.പി. ജോര്‍ജിന്റെ പിതാവായ പി.വി. പീറ്റര്‍ 1989-ല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ വൈറ്റില ശാഖയില്‍ 39,000 രൂപയുടെ ഫിക്‌സഡ് ഡെപ്പോസിറ്റ് നിക്ഷേപം നടത്തിയിരുന്നു.

പിതാവ് 2022 ജൂണ്‍ മാസം മരണപ്പെട്ടു. ആയതിനുശേഷം അവകാശിയായ പരാതിക്കാരന്‍ ഡെപ്പോസിറ്റ് തുക തിരികെ ലഭിക്കുന്നതിന് ബാങ്കിനെ സമീപിച്ചു. എന്നാല്‍ എസ്.ബി.റ്റി ബാങ്ക് എസ്.ബി.ഐയില്‍ ലയിപ്പിച്ചപ്പോള്‍ രേഖകള്‍ കാണാനില്ലെന്ന കാരണം പറഞ്ഞ് എസ്ബിഐ തുക നിരസിച്ചു. ഈ സാഹചര്യത്തിലാണ് മകന്‍ പരിഹാരം തേടി ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

പരാതിക്കാരന്‍ സമര്‍പ്പിച്ച അസല്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് റെസിപ്റ്റ്, ആധാര്‍ കാര്‍ഡ്, ജനന രജിസ്റ്റര്‍ രേഖ, പിതാവിന്റെ മരണ സര്‍ട്ടിഫിക്കറ്റ്, ബാങ്കുമായി നടത്തിയ കത്തിടപാടുകള്‍ എന്നിവ പരാതിക്കാരന്‍ കോടതിയില്‍ ഹാജരാക്കി. 10 വര്‍ഷത്തിലധികം അവകാശപ്പെടാത്ത നിക്ഷേപങ്ങള്‍ ബാങ്ക് ആര്‍ബിഐയിലേക്ക് കൈമാറിയാലും, നിക്ഷേപകരുടെ അവകാശം നഷ്ടമാകില്ലെന്നും, ബാങ്കുകള്‍ തന്നെ നിക്ഷേപകര്‍ക്ക് തുക നല്‍കിയ ശേഷംആ ആര്‍ബിഐയില്‍ നിന്ന് റീഫണ്ട് ലഭ്യമാക്കുക എന്ന ബാദ്ധ്യതയാണ് ബാങ്കിനുള്ളത് എന്ന് ആര്‍.ബി.ഐയുടെയും എസ്.ബി.ഐയുടെയും വിവിധ സര്‍ക്കുലറുകള്‍ പരാമര്‍ശിച്ചുകൊണ്ട് കോടതി വ്യക്തമാക്കി.

ഒരു ഫിക്‌സഡ് ഡെപ്പോസിറ്റ് രേഖ വെറും അക്കൗണ്ടിംഗ് രേഖ മാത്രമല്ല, അത് ഒരു കുടുംബത്തിന്റെ ജീവിതസമ്പാദ്യവും വിശ്വാസവുമാണ്. ബാങ്കിന്റെ ആഭ്യന്തര വ്യവസ്ഥകള്‍ കൊണ്ട് ഉപഭോക്താവിന്റെ അവകാശങ്ങള്‍ നഷ്ടപ്പെടുന്നത് അനുവദിക്കാനാവില്ലെന്ന് ഡി.ബി ബിനു അധ്യക്ഷനും, വി രാമചന്ദ്രന്‍, ടി.എന്‍ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. അവകാശികള്‍ ഇല്ലാതെ രാജ്യത്തെ വിവിധ ബാങ്കുകളിലായി 67,000 കോടിയോളം രൂപ നിലവിലുണ്ടെന്നും ഉത്തരവില്‍ കോടതി പരാമര്‍ശിച്ചു.

പരാതിക്കാരന്റെ പിതാവിന്റെ ഫിക്‌സഡ് ഡെപ്പോസിറ്റ് തുകയായ 39,000 രൂപയും ആര്‍ബിഐ/എസ്ബിഐ സര്‍ക്കുലറുകള്‍ പ്രകാരം ബാധകമായ പലിശ സഹിതം പരാതിക്കാരന് നല്‍കണം. കൂടാതെ ബാങ്കിന്റെ നടപടി മൂലം മന:ക്ലേശം, ധന നഷ്ടം എന്നിവ കണക്കാക്കി നഷ്ടപരിഹാരമായി 50,000 രൂപയും കോടതി ചെലവായി 5000 രൂപയും 45 ദിവസത്തിനകം പരാതിക്കാരന് നല്‍കണമെന്ന് എതിര്‍കക്ഷികള്‍ക്ക് കോടതി ഉത്തരവ് നല്‍കി. അഡ്വ.കെ.വി ജോര്‍ജ് പരാതിക്കാരന് വേണ്ടി ഹാജരായി.