- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താൻ കരാർ ഏറ്റെടുക്കും മുൻപേ ഇയാൾ വാട്ടർ അഥോറിറ്റിയിലെ താൽക്കാലിക ജീവനക്കാരൻ ; ഡ്രൈവറായി നിയമിച്ചത് യൂണിയൻകാർ പറഞ്ഞിട്ട് ; താൻ സന്തോഷിനെ കാണുന്നത് ശമ്പളം വാങ്ങാൻ വരുമ്പോൾ മാത്രമം; മ്യൂസിയത്തിലെ ലൈംഗികാതിക്രമകേസിലെ പ്രതിയെ കണ്ടെത്തിയതിന് പിന്നാലെ പ്രതികരണവുമായി കരാറുകാർ ഷിജിൽ ആന്റണി
തിരുവനന്തപുരം: മ്യൂസിയത്തിലെ ലൈംഗികാതിക്രമ കേസിലും കുറവൻകോണത്ത് വീട്ടിൽ അതിക്രമിച്ച് കടന്ന സംഭവത്തിലും പിടിയിലായതിന് പിന്നാലെ സന്തോഷ് കുമാറിനെക്കുറിച്ച് പ്രതികരണവുമായി കരാറുകാരൻ.വാട്ടർ അഥോറിറ്റിയിലെ ഡ്രൈവറായി നിയമിച്ചത് യൂണിയൻകാർ പറഞ്ഞിട്ടെന്ന് ഷിജിൽ ആന്റണി പ്രതികരിച്ചു.
താൻ കരാർ എടുക്കും മുമ്പേ ഇയാൾ വാട്ടർ അഥോറിറ്റിയിൽ താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്തു വരുന്നുണ്ടെന്നും വാട്ടർ അഥോറിറ്റിയിൽ നിയമനവും തൊഴിൽ വിന്യാസവും നടത്തുന്നത് കരാർ ജീവനക്കാരുടെ യൂണിയനാണെന്നും ഷിജിൽ പറഞ്ഞു.ഇങ്ങനെ നിയമിക്കപ്പെടുന്ന ജീവനക്കാരുടെ രേഖകൾ ഒന്നും തന്റെ പക്കൽ ഇല്ല.
താൻ സന്തോഷിനെ കാണാറുള്ളത് ശമ്പളം വാങ്ങാൻ വരുമ്പോൾ മാത്രമാണെന്നും ഷിജിൽ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.മ്യൂസിയം പരിസരത്ത് വനിതാ ഡോക്ടർക്ക് നേരെ അക്രമം ഉണ്ടായപ്പോഴും കുറവൻകോണത്തെ വീട്ടിൽ കയറിയപ്പോഴും സന്തോഷിന്റെ മൊബൈൽ ടവർ ആ പരിസരങ്ങളിൽ തന്നെയായിരുന്നു.
കുറവൻകോണത്തെ കേസിൽ ഇന്നലെ രാത്രി സന്തോഷിനെ അറസ്റ്റ് ചെയ്തു. അതിക്രമത്തിന് ഇരയായ സ്ത്രീ പ്രതിയെ തിരിച്ചറിഞ്ഞതിന് പിന്നാലെ മ്യൂസിയം കേസിലെയും പ്രതി സന്തോഷ് തന്നെയെന്ന് ഉറപ്പിക്കുകയായിരുന്നു.മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറായിരുന്നു സന്തോഷ്. സർക്കാർ വാഹനം ദുരുപയോഗം ചെയ്താണ് തലസ്ഥാനത്ത് സന്തോഷ് അതിക്രമം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. പിന്നാലെ ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.
കുറവൻകോണത്തും മ്യൂസിയം പരിസരത്തും അതിക്രമം നടത്തിയത് ഒരാൾ തന്നെയെന്ന സംശയമാണ് ശരിയായത്. കുറവൻകോണത്ത് വീട്ടിൽ അതിക്രമം കാണിച്ചകേസിലെ അന്വേഷണമാണ് സന്തോഷിനെ കുടുക്കിയത്. 25ന് രാത്രി കുറവൻകോണത്തെ വീട്ടിൽ സന്തോഷ് എത്തിയ ഇന്നോവ കാർ തിരിച്ചറിഞ്ഞതാണ് വഴിത്തിരിവായത്. സിസിടിവിയിൽ വാഹനത്തിന്റെ മുന്നിലുണ്ടായിരുന്ന സർക്കാർ ബോർഡ് മറച്ച നിലയിലായിരുന്നു. ഡാഷ് ബോർഡിൽ പതാകയും ഉണ്ടായിരുന്നു. ഈ അന്വേഷണം ചെന്നെത്തിയത് സെക്രട്ടറിയേറ്റിലായിരുന്നു.
ജല വിഭവ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിലുള്ള വാഹനം ഉപയോഗിക്കുന്നത് മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാരാൻ നായരാണെന്ന് തിരിച്ചറിഞ്ഞു. പിന്നാലെ ഡ്രൈവർ സന്തോഷിലേക്ക് അന്വേഷണമെത്തുകയായിരുന്നു.മുൻപ് മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ ഓഫിസിലെ ഡ്രൈവറായിരുന്നു ഇയാളെന്നും കരാറുകാരൻ വെളിപ്പെടുത്തിയിരുന്നു.
സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവർ ലൊക്കേഷനും പരിശോധിച്ച് 6 ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് സന്തോഷ് പിടിയിലായത്. നഗരത്തിൽ പല റോഡുകളിലൂടെയും ഈ കാർ രാത്രി ലക്ഷ്യമില്ലാതെ ഓടുന്ന ദൃശ്യങ്ങളും കിട്ടിയിട്ടുണ്ട്. കഴിഞ്ഞ മാസം 25നും 26നും അർധ രാത്രി കുറവൻകോണത്തെ വീട്ടിൽ അതിക്രമിച്ചു കയറിയ ഇയാൾ 26ന് പുലർച്ചെ 4.45 നാണ് വനിതാ ഡോക്ടറെ ആക്രമിച്ചത്.
അതിനിടെ, ഇയാൾക്കെതിരെ മറ്റൊരു പീഡന പരാതിയും ഉയർന്നിട്ടുണ്ട്. സന്തോഷുമായി പൊലീസ് ഇന്നലെ തെളിവെടുപ്പു നടത്തുന്ന ദൃശ്യങ്ങൾ ടിവി ചാനലുകളിൽ കണ്ടപ്പോഴാണ് കഴിഞ്ഞ ഡിസംബറിൽ വീട്ടിൽ കടന്നുകയറി തന്നെ ആക്രമിച്ചത് ഇയാൾ തന്നെയാണെന്നു യുവതി പൊലീസിനെ അറിയിച്ചത്. അന്നു പരാതി നൽകിയിരുന്നെങ്കിലും പ്രതിയെ കണ്ടെത്തിയിരുന്നില്ല.
മ്യൂസിയത്തിനു മുന്നിലുണ്ടായ സംഭവം അന്വേഷിക്കുന്നതിൽ പൊലീസ് ആദ്യം ഗുരുതര അനാസ്ഥ കാട്ടിയതായി പരാതി ഉയർന്നിരുന്നു. പൊലീസിന്റെ മെല്ലെപ്പോക്കിനെതിരെ രൂക്ഷമായി പ്രതികരിക്കുകയും ദിവസവും സ്റ്റേഷനിലെത്തി സമ്മർദം ചെലുത്തുകയും പൊലീസ് കണ്ടെത്താൻ ശ്രമിക്കാത്ത സിസിടിവി ക്യാമറകൾ കണ്ടെത്തി ദൃശ്യങ്ങൾ ശേഖരിക്കുകയും ചെയ്ത വനിതാഡോക്ടറുടെ ഉറച്ച നിലപാടാണ് ഒടുവിൽ അറസ്റ്റിലേക്കു നയിച്ചത്.
മറുനാടന് മലയാളി ബ്യൂറോ