കൊച്ചി: ലഹരി പരിശോധനയ്ക്ക് കൊച്ചിയിലെ ഹോട്ടല്‍ മുറിയിലെത്തിയ പൊലീസ് ഡാന്‍സാഫ് സംഘത്തിന്റെ കയ്യില്‍നിന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ രക്ഷപ്പെട്ടത് സിനിമയെ വെല്ലുന്ന നീക്കങ്ങളിലൂടെയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നതോടെ ഷൈന്‍ ടോം ചാക്കോയെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. ചോദ്യം ചെയ്യാനായി നടനെ നോട്ടീസ് നല്‍കി വിളിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. വൈകാതെ നടന് നോട്ടീസ് നല്‍കും. പൊലീസ് പരിശോധനയ്ക്കിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയതിന്റെ കാരണം തേടാനാണ് തീരുമാനം.

ഇത്രയും സാഹസപ്പെട്ട് ഷൈന്‍ രക്ഷപ്പെടണമെങ്കില്‍ അദ്ദേഹത്തിന്റെ കൈവശം കാര്യമായി എന്തോ ഉണ്ടായിരുന്നിരിക്കാമെന്നാണ് പൊലീസിന്റെ അനുമാനം. ഷൈനിനൊപ്പം മുറിയിലുണ്ടായ ആളെ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. പൊലീസെത്തിയ വിവരം ഷൈനിന് ചോര്‍ന്നു കിട്ടിയോ എന്നു പൊലീസിനു സംശയമുണ്ട്. ഷൈനിനെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ഇന്നലെ രാത്രിയാണ് പൊലീസിന്റെ ലഹരി പരിശോധനയ്ക്കിടെ നടന്‍ ഷൈന്‍ ടോം ചാക്കോ ഇറങ്ങിയോടിയത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ പരിശോധന നടത്തുന്നതിനിടെയാണ് സംഭവമുണ്ടായത്. ഷൈനും സംഘവും ലഹരി ഉപയോഗിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഹോട്ടലിലെ പരിശോധന. 314 നമ്പര്‍ മുറിയിലായിരുന്നു ഷൈന്‍ ഉണ്ടായിരുന്നത്. ഡാന്‍സാഫ് സംഘം എത്തിയെന്നറിഞ്ഞ ഷൈന്‍ മൂന്നാം നിലയിലെ മുറിയില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ലഹരി പരിശോധനക്കിടെ നടന്‍ ഷൈന്‍ ടോം ചാക്കോ ഹോട്ടലില്‍ നിന്നും ഇറങ്ങിയോടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു.

കലൂരിലുള്ള പിജിഎസ് വേദാന്ത എന്ന ഹോട്ടലില്‍ നിന്നാണ് ഷൈന്‍ ഇറങ്ങി ഓടിയത്. മൂന്നാം നിലയിലെ മുറിയുടെ ജനാല വഴി ഷൈന്‍ രണ്ടാം നിലയിലെ ഷീറ്റിന് മുകളിലേക്ക് ചാടി. ചാട്ടത്തിന്റെ ആഘാതത്തില്‍ ഷീറ്റ് പൊട്ടി. തുടര്‍ന്ന് രണ്ടാം നിലയിലെ സ്വിമ്മിംഗ് പൂളിലേക്ക് ചാടി. ഇവിടെ നിന്നും സ്റ്റെയര്‍കെയ്‌സ് വഴി ഷൈന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പടിക്കെട്ടുകളിലൂടെ ഓടിയാണ് റിസപ്ഷന്റെ ഭാഗത്തേക്ക് എത്തിയത്. അവിടെനിന്നു ഹോട്ടലിന് പുറത്തുകടന്ന ഷൈന്‍ അതുവഴി വന്ന ഇരുചക്ര വാഹനത്തിന് കൈകാണിച്ച് അതില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് ഷൈന്‍ താമസിക്കുന്ന സ്ഥലത്ത് എത്തിയത്. റെയ്ഡ് വിവരം ചോര്‍ന്നതിന് പിന്നില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് പങ്കുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. ജീവനക്കാരുടെയും മൊഴിയും പൊലീസ് ശേഖരിക്കും.

സിനിമാ താരം ഷൈന്‍ ടോം ചാക്കോ കൊച്ചിയിലെ ഹോട്ടലില്‍ നിന്നും ഇറങ്ങിയോടുന്ന വീഡിയോ ദൃശ്യങ്ങള്‍ ടെലിവിഷന്‍ ചാനലുകളിലും സോഷ്യല്‍ മീഡിയയിലും വൈറലായിരിക്കയാണ്. സിനിമാ സെറ്റില്‍വച്ച് അപമര്യാദയായി പെരുമാറിയെന്ന യുവനടി വിന്‍സി അലോഷ്യസിന്റെ പരാതി വിവാദമായതിന് പിന്നാലെയാണ് ഷൈന്‍ ടോം ചാക്കോയുടെ ഓട്ടവും വൈറലായത്. ഒരു നായകനടന്‍ ലൊക്കേഷനില്‍വച്ച് തന്നോട് അപമര്യാദയായി പെരുമാറിയെന്നുള്ള വിന്‍സിയുടെ പരാതിയില്‍ താരസംഘടനയും നിര്‍മ്മാതാക്കളുടെ സംഘടനയും കര്‍ശന നടപടിലേക്ക് നീങ്ങുന്നതായാണ് ഏറ്റവും അവസാനമായി വരുന്ന വാര്‍ത്തകള്‍.

ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി അഭിനയിക്കില്ലെന്നുള്ള നടി വിന്‍സി അലോഷ്യസിന്റെ നിലപാടിനെ അഭിനന്ദിച്ച് കഴിഞ്ഞ ദിവസം നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍, ലഹരി ഉപയോഗിച്ച് സിനിമാ സെറ്റില്‍ വച്ച് നടിയോട് അപമര്യാദയായി പെരുമാറിയത് ആരാണെന്ന് മാത്രം വ്യക്തമാക്കിയിരുന്നില്ല. നായകനായ പ്രതിനായകന്‍ ഷൈന്‍ ടോം ചാക്കോയാണെന്ന് വ്യക്തതവന്നതോടെ വന്‍ പ്രതിഷേധമാണ് സിനിമാ മേഖലയില്‍ നിന്നും ഉയരുന്നത്. ഐസിസിയ്ക്കും ഫിലിംചേമ്പറിനും വിന്‍സി അലോഷ്യസ് നല്‍കിയ പരാതിയില്‍ നടപടികള്‍ വേഗത്തിലാക്കാനാണ് തീരുമാനം.

മലയാളത്തിലെ ചില യുവ നടന്മാര്‍ സിന്തറ്റിക് ലഹരി ഉപയോഗിക്കുന്നതായി നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ലൊക്കേഷനിലെ ലഹരി ഉപയോഗം സിനിമയുടെ പരാജയങ്ങള്‍ക്കുപോലും കാരണമാകുന്നുവെന്ന് നിര്‍മ്മാതാക്കളുടെ സംഘടന പരാതി ഉന്നയിച്ചിരുന്നു. എന്നാല്‍ ആരോപണ വിധേയരായ നടന്മാര്‍ക്കെതിരെ കര്‍ശനമായ നിലപാട് സ്വീകരിക്കാന്‍ സിനിമാ സംഘടനകളോ ലഹരി വിരുദ്ധ സേനയോ തയ്യാറായിരുന്നില്ല. സിനിമാ ലൊക്കേഷനുകളില്‍ പരിശോധന നടത്താന്‍ പൊലീസും തയ്യാറായിരുന്നില്ല.

വിവാദങ്ങള്‍ പുത്തരിയല്ല

ഷൈനിനെ സംബന്ധിച്ച് ഇത്തരം വിവാദങ്ങള്‍ പുത്തരിയല്ല. 2015ല്‍ കൊക്കെയ്ന്‍ കേസില്‍ നടന്‍ അറസ്റ്റിലായിരുന്നു. കൊക്കെയ്ന്‍ കൈവശംവച്ചതിനായിരുന്നു ഷൈന്‍ ടോം ചാക്കോയെയും മൂന്ന് പരസ്യമോഡലുകളെയും അറസ്റ്റ് ചെയ്തത്. എന്നാല്‍ തെളിവില്ലാത്തതിനാല്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കോടതി ഷൈനിനെതിരെ വെറുതെവിട്ടു. കേസില്‍ അകപ്പെട്ടതിന് ശേഷം കരിയറില്‍ തിരിച്ചടി നേരിട്ട ഷൈന്‍ പിന്നീട് സിനിമയില്‍ സജീവമായി. തമിഴിലടക്കം നിരവധി സിനിമകളില്‍ അഭിനയിച്ചു.

സംവിധായകന്‍ കമലിന്റെ സംവിധാനസഹായിയായാണ് ഷൈന്‍ ടോം ചാക്കോ സിനിമയില്‍ എത്തിയത്. പിന്നീട് അഭിനയരംഗത്തേക്ക് വഴിമാറി. വളരെ കുറഞ്ഞ കാലംകൊണ്ടുതന്നെ മികച്ച വേഷങ്ങളിലൂടെ മലയാള സിനിമയില്‍ മുഖ്യധാരയിലേക്ക് ഉയര്‍ന്ന ഷൈന്‍ ടോം ചാക്കോ തിരക്കുള്ള യുവനടനായി മാറി. എന്നാല്‍ ലഹരികേസില്‍ അകപ്പെട്ടതോടെ അഭിനയ ജീവിതത്തില്‍ കരിനിഴല്‍വീണു.

അന്വേഷണ സംഘത്തിന്റെ പിടിപ്പുകേടുമൂലമാണ് കൊക്കെയ്ന്‍ കേസില്‍ ഇയാളെ ശിക്ഷിക്കാന്‍ കഴിയാതെ വന്നതെന്ന് കോടതി തന്നെ കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു. മലയാള സിനിമയെ പ്രതിരോധത്തിലാക്കിയ കേസായിരുന്നു ഇത്. അറസ്റ്റും ജയില്‍വാസവും കാരണം ഷൈന്‍ ടോം ചാക്കോയുടെ താരമൂല്യം ഇടിഞ്ഞു. കുറച്ചുകാലം സിനിമയില്‍ നിന്നും മാറിനില്‍ക്കേണ്ടിവന്നെങ്കിലും ചെറിയ ഇടവേളയ്ക്കു ശേഷം സൂപ്പര്‍ താരചിത്രങ്ങളിലൂടെയും സൂപ്പര്‍ സംവിധായകുടെ ചിത്രങ്ങളിലൂടേയും ഷൈന്‍ സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തി.

നിരവധി പ്രൊജക്റ്റുകളുടെ ഭാഗമായിരുന്നപ്പോഴും ഷൈന്‍ ടോം ചാക്കോ പിന്നെയും വിവാദങ്ങളിലൂടെ കടന്നുപോയി. ഒരു വനിതാ മാധ്യമപ്രവര്‍ത്തകയോട് അഭിമുഖത്തിനിടയില്‍ അശ്ലീല ചുവയോടെ സംസാരിച്ചെന്ന പരാതി വീണ്ടും ഷൈന്‍ ചാക്കോയ്ക്ക് വിനയായി. പ്രമോഷന്‍ പരിപാടിയില്‍ നിന്നും ചില ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഇറങ്ങി ഓടിയതും വിവാദമായിരുന്നു.

താരങ്ങളുടെ ലഹരി ഉപയോഗം സംബന്ധിച്ച് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും പരാമര്‍ശമുണ്ടായിരുന്നു. മലയാളത്തിലെ ചില യുവതാരങ്ങള്‍ക്കെതിരെ ആരോപണം ഉയര്‍ന്നെങ്കിലും പൊലീസ് ശക്തമായ നടപടികളൊന്നും സ്വീകരിക്കാന്‍ തയ്യാറായില്ല. നിര്‍മാതാക്കളുടെ സംഘടനയും ചിലനടന്മാര്‍ക്കെതിരെ ലഹരി ഉപയോഗം നിയന്ത്രിക്കാന്‍ നടപടിവേണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.

ലഹരിയുടെ കണ്ണികള്‍

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ കുപ്രസിദ്ധ ഗുണ്ടയായ ഓം പ്രകാശ് നടത്തിയ ലഹരിപാര്‍ട്ടിയില്‍ അഭിനേതാക്കളായ ശ്രീനാഥ് ഭാസി, പ്രയാഗ മാര്‍ട്ടിന്‍ എന്നീ താരങ്ങള്‍ പങ്കെടുത്തുവെന്ന വെളിപ്പെടുത്തലും സിനിമാ ലോകത്തെ പ്രതിരോധത്തിലാക്കിയിരുന്നു. എന്നാല്‍, നടപടികളിലേക്ക് അന്വേഷണ സംഘം നീങ്ങാതിരുന്നത് താരങ്ങള്‍ക്ക് അനുകൂലമായി. ശാസ്ത്രീയമായ രീതിയില്‍ രാസലഹരി കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഉണ്ടായ വീഴ്ചയാണ് പലപ്പോഴും ഇത്തരം താരങ്ങള്‍ക്ക് രക്ഷയായിമാറിയിരുന്നത്.

കഴിഞ്ഞയാഴ്ച ആലപ്പുഴയില്‍ നിന്നും കോടികള്‍ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായതോടെ ലഹരിയുടെ കണ്ണികള്‍ മലയാള സിനിമയിലേക്ക് നീളുകയായിരുന്നു. യുവതാരങ്ങളായ ഷൈന്‍ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നീ താരങ്ങളുമായി ബന്ധമുണ്ടെന്നാണ് ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവതിയുടെ മൊഴി. മൊഴിയില്‍ ഡിജിറ്റല്‍ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഇരുതാരങ്ങളേയും ചോദ്യം ചെയ്യാനുള്ള ഒരുക്കങ്ങള്‍ക്കിടയിലാണ് പുതിയ വിവാദം.

വന്‍ വിലമതിക്കുന്ന രാസലഹരിയുടെ പ്രധാന ഉപഭോക്താക്കള്‍ മലയാളത്തിലെ ചില സിനിമാ താരങ്ങളാണെന്നായിരുന്നു ദീര്‍ഘകാലമായുള്ള ആരോപണം. ഈ ആരോപണം ശരിവെക്കുന്ന വെളിപ്പെടുത്തലുകളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സിനിമാ സംഘടനകളെല്ലാം ഒറ്റക്കെട്ടായി ലഹരിക്കെതിരെ നിലപാട് കടുപ്പിച്ചാല്‍ സിനിമയില്‍ നിന്നും ഷൈന്‍ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും മാറ്റി നിര്‍ത്തപ്പെടും. ഇതോടൊപ്പം കടുത്ത നിയമ നടപടിയും നേരിടേണ്ടിവരും.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സിനിമാ മേഖല നിരവധി ആരോപണങ്ങളാല്‍ കലുഷിതമായിരുന്നു. ഇതെല്ലാം മലയാള സിനിമയെ പ്രതികൂലമായി ബാധിച്ചു. ലഹരികേസില്‍ താരങ്ങള്‍ അകപ്പെടുന്നത് ഇവര്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമകള്‍ക്ക് തിരിച്ചടിയാകുമെന്ന ആശങ്കയും നിര്‍മാതാക്കള്‍ക്കുണ്ട്.

ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ട യുവതിയുടെ മൊഴിയുടെയും മറ്റും അടിസ്ഥാനത്തില്‍ ഡാന്‍സാഫ് ഇനി എന്ത് നടപടികള്‍ സ്വീകരിക്കുമെന്നാണ് സിനിമാ മേഖല കരുതലോടെ നിരീക്ഷിക്കുന്നത്. ശ്രീനാഥ് ഭാസിക്കെതിരെ വിവിധ ഭാഗങ്ങളില്‍നിന്നും വീണ്ടും ആരോപണങ്ങള്‍ വര്‍ധിച്ചതോടെ ഈ രണ്ടു താരങ്ങളും സിനിമാ വ്യവസായത്തിന് തന്നെ വലിയ തലവേദനയായി മാറിയിരിക്കുകയാണ്.


(ദുഖവെള്ളി പ്രമാണിച്ച് 18-04-2025ന് മറുനാടന്‍ മലയാളിയ്ക്ക് അവധിയായിരിക്കും. ഈ സാഹചര്യത്തില്‍ 18-04-2025ന് വെബ് സൈറ്റില്‍ അപ്‌ഡേഷന്‍ ഉണ്ടായിരിക്കില്ല-എഡിറ്റര്‍)